നോമ്പുകാല ചിന്തകള്‍ നോമ്പ്: വിശുദ്ധിയിലേക്കുള്ള മാര്‍ഗം
നോമ്പനുഷ്ഠാനത്തിന്റെ വിശുദ്ധദിനങ്ങളിലേക്കു നാം പ്രവേശിക്കുകയാണ്. ഉത്ഥാനത്തിരുനാളിന്റെ രക്ഷാകരമായ അനുഭവം സ്വീകരിക്കാനുള്ള ഒരുക്കമായി മിശിഹായുടെ പീഡാനുഭവങ്ങളോടു ചേര്‍ന്നു സഹനവഴികളിലൂടെ തീര്‍ഥാടനം നടത്താന്‍ ജീവിതങ്ങളെ സമര്‍പ്പിക്കുന്ന വിശുദ്ധീകരണത്തിന്റെ നാളുകള്‍. ആത്മശരീരങ്ങളില്‍ ദൈവികാംശത്തിന്റെ ചൂരും ചൂടും അനുഭവവേദ്യമാക്കാന്‍ ശക്തിയുള്ള നോമ്പും ഉപവാസവും ഏവര്‍ക്കും വിശുദ്ധിയിലേക്കുള്ള മാര്‍ഗമാണ്. 
 
ആഘോഷങ്ങളുടെ ആരവങ്ങള്‍ മുഖമുദ്രയാക്കിയിരിക്കുന്ന വര്‍ത്തമാനകാലം ലാളിത്യമെന്ന പുണ്യം പാടേ മറന്നിരിക്കുന്നു. ജനനവും മരണവും അതിനിടയിലെ അനവധി അനുഭവങ്ങളും ആഘോഷമാക്കി മാറ്റുന്നതാണ് ഇന്നിന്റെ ശൈലി. ഭക്ഷണവും വസ്ത്രവും അലങ്കാരവും ആഭരണവുമൊക്കെയായി ധാരാളിത്തത്തിന്റെ കോലംകെട്ടിയാടുകയാണു സമൂഹം. അതുകൊണ്ടുതന്നെ നോമ്പനുഷ്ഠാനത്തിന്റെ ഇടുങ്ങിയ വഴികള്‍ക്കിന്നു പ്രസക്തിയേറുന്നു. മിതത്വവും ലാളിത്യവും ദൈവികാംശം നിറഞ്ഞുനില്‍ക്കുന്ന പുണ്യങ്ങളാണെന്ന തിരിച്ചറിവിലേക്കു തിരികെ നടക്കുവാന്‍ നോമ്പുകാലം നമ്മോട് ആഹ്വാനം ചെയ്യുന്നു.
 
ബാഹ്യമായ അനുഷ്ഠാനങ്ങളുടെ രസച്ചരടില്‍ ആത്മീയതയെ തളച്ചിടുന്ന ശൈലികള്‍ മതാത്മക ജീവിതത്തിന്റെ ഭാവമായി മാറിയിരിക്കുകയാണിന്ന്. ആന്തരിക ചൈതന്യമില്ലാത്ത ആചരണങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമം നടത്തുന്നതു തലച്ചോറുകൊണ്ടു ലോകം കീഴടക്കിയ മനുഷ്യര്‍തന്നെയാണെന്ന വിചിത്രസത്യം ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. നോമ്പാചരണവും ആത്മാവു നഷ്ടപ്പെട്ട ചില അനുഷ്ഠാനക്കൂട്ടങ്ങളായി മാറാന്‍ സാധ്യതയുണ്ട്. വിശുദ്ധ ഗ്രന്ഥത്തില്‍ അതിനെതിരേ പ്രവാചകശബ്ദം മുഴങ്ങുന്നതു നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരുവനെ ഒരു ദിവസത്തേക്ക് എളിമപ്പെടുത്തുന്നതും ഞാങ്ങണപോലെ തലകുനിക്കുന്നതും ചാക്കുവിരിച്ചു ചാരംവിതറി കിടക്കുന്നതുമല്ല യഥാര്‍ഥ ഉപവാസത്തിന്റെ ചൈതന്യമെന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ (ഏശയ്യ: 58:5) നോമ്പുകാലത്തു ഹൃദയത്തില്‍ സൂക്ഷിക്കാന്‍ നമുക്കിടവരട്ടെ. അനുഷ്ഠാനങ്ങളുടെ ആന്തരിക ചൈതന്യം തിരിച്ചറിഞ്ഞു സമൂഹത്തില്‍ നന്മയുടെ സുഗന്ധം പ്രസരിപ്പിക്കുന്ന ഫലദായകമായ നോമ്പാചരണം നടത്താന്‍ നമുക്കു പരിശ്രമിക്കാം.
 

Back to Top

Never miss an update from Syro-Malabar Church