Unity Octave Prayer

 ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ 2013 ലെ 

സഭൈക്യവാരത്തിനായി  തയ്യാറാക്കിയിരിക്കുന്ന പ്രാര്‍ത്ഥന
 
ഓരോ സാഹചര്യത്തിനും അനുസൃതമായ മാറ്റങ്ങളോടെ ഓരോ സഭയും തനിച്ചോ വിവിധസഭകള്‍                        ഒന്നിച്ചോ സഭൈക്യവാര പ്രാര്‍ത്ഥന നടത്താന്‍ പരിശ്രമിക്കണം. ക്രൈസ്തവജീവിതം ഒരു തീര്‍ത്ഥാടനമാണെന്നും അതില്‍ സഭകളുടെ കൂട്ടായ്മ എപ്രകാരം പ്രയോജനപ്രദമാകുന്നുവെന്നും ഈ വര്‍ഷത്തെ പ്രാര്‍ത്ഥനയും ചിന്തകളും നമ്മെ ഓര്‍മിപ്പിക്കുന്നു. 
 
സഭൈക്യവാരപ്രാര്‍ത്ഥന മാത്രമായി നടത്തുമ്പോള്‍ താഴെപ്പറയുന്ന ക്രമം പാലിക്കാവുന്നതാണ്.
 
1. പ്രാരംഭഗാനം 
2. സ്തുതിപ്പ്, പ്രാര്‍ത്ഥനകള്‍ - ഇതില്‍ സ്വര്‍ഗസ്ഥനായ പിതാവേ, സ്വയം പ്രേരിത പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
3. ആമുഖം - പൊതുവായ ആമുഖവും ഓരോ ദിവസത്തെയും പ്രത്യേക ചിന്ത ഉള്‍ക്കൊള്ളുന്ന ആമുഖവും ചേര്‍ത്ത് പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിലേക്ക് സമൂഹത്തെ നയിക്കണം.
4. വായനകള്‍ - ഓരോ ദിവസത്തെയും വായനകള്‍ക്കിടയ്ക്ക് ആവശ്യമായ ഗാനങ്ങള്‍, നിശബ്ദത, പ്രതിവചനങ്ങള്‍ എന്നിവ ചേര്‍ക്കാവുന്നതാണ്.
5. വചനവ്യാഖ്യാനം - ഓരോ ദിവസത്തെയും വചനങ്ങളുടെ വ്യാഖ്യാനത്തിന് നല്കിയിരിക്കുന്ന വിചിന്തനം പ്രയോജനപ്പെടുത്താവുന്നതാണ്.
6. പൊതുപ്രാര്‍ത്ഥന - സഹായകരമാകുന്ന പൊതുപ്രാര്‍ത്ഥനകളും സാഹചര്യത്തിനിണങ്ങിയ മറ്റുപ്രാര്‍ത്ഥനകളും സമൂഹത്തിന്റെ സ്വയം പ്രേരിതപ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്താവുന്നതാണ്.
7. സമാപനം - കര്‍തൃപ്രാര്‍ത്ഥനയും ആശീര്‍വാദവും. 
8.  സമാപനഗാനം
 
വിശുദ്ധ കുര്‍ബാനയോടും മറ്റുപ്രാര്‍ത്ഥനകളോടും ചേര്‍ത്ത് തന്നിരിക്കുന്ന പ്രാര്‍ത്ഥനയിലെ ഉചിതമായ ഭാഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. 
 
 
 
ആര്‍ച്ചുബിഷപ്പ്് മാര്‍ മാത്യു മൂലക്കാട്ട്
ചെയര്‍മാന്‍, 
കെസിബിസി കമ്മീഷന്‍ ഫോര്‍ ഡയലോഗ് ആന്റ് എക്യൂമെനിസം
 
 
പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം
കൊച്ചി - 682 025/18.12.2012/ഞലള: 2602/ഗ 35/ഛഘ/ഗഇആഇ/ഉട
 
 
 
 
 
സഭൈക്യവാരം 
18-25 ജനുവരി 2013
 
പൊതു ആമുഖം
 
എന്താണ് കര്‍ത്താവ് നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്? (രളൃ മിക്ക 6:6-8)
 
കര്‍ത്താവിന്റെ മുമ്പില്‍ ഞാന്‍ എന്തു കാഴ്ചയാണ് കൊണ്ടുവരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ എങ്ങനെയാണ് കുമ്പിടേണ്ടത്? ദഹനബലിക്ക് ഒരു വയസ്സുള്ള കാളക്കിടാവുമായിട്ടാണോ ഞാന്‍ വരേണ്ടത്? ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിന് എണ്ണപ്പുഴകളിലും അവിടന്ന് സംപ്രീതനാകുമോ? എന്റെ അതിക്രമങ്ങള്‍ക്കു പരിഹാരമായി എന്റെ ആദ്യജാതനെ ഞാന്‍ നല്കണമോ? ആത്മാവിന്റെ പാപത്തിനു പകരം ശരീരത്തിന്റെ ഫലം കാഴ്ചവയ്ക്കണമോ? മനുഷ്യാ, നല്ലതെന്തെന്ന് അവിടന്ന് നിനക്കു കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍ നിന്ന് ആവശ്യപ്പെടുന്നത്?
 
ഈ വര്‍ഷത്തെ സഭൈക്യവാര ചിന്തകള്‍ക്ക് പശ്ചാത്തലമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ബൈബിള്‍ ഭാഗമാ ണ് മേലുദ്ധരിക്കപ്പെട്ടിരിക്കുന്നത്. നീതിക്കും സമത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള ദൈവജനത്തിന്റെ അടങ്ങാത്ത രോദനങ്ങള്‍ക്ക് വേദന നിറഞ്ഞ അന്വേഷണമായിരുന്നു മിക്കാ 6:6-8.  മിക്കാ പ്രവാചകന്‍ അന്നത്തെ മത-സാമൂഹിക സംവിധാനങ്ങളെ ഓര്‍മ്മിപ്പിച്ചു: ശരിയായ ദൈവാരാധന വ്യക്തിപരമായ വിശുദ്ധിയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങളും ആണ്. ‘നീതി പ്രവര്‍ത്തിക്കുക; കരുണകാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക  (രളൃ 6:8) അതാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്.
 
ക്രിസ്തുവിന്റെ  അനുയായികളായിരിക്കുകയെന്നാല്‍ അത് നീതിയുടെയും കരുണയുടെയും വിനയത്തിന്റെയും വഴികളിലൂടെയുള്ള പ്രയാണമാണ്.  ത്രിയേകദൈവത്തിങ്കലേക്കുള്ള ഈ പ്രയാണത്തില്‍ യേശുശിഷ്യര്‍ തങ്ങളുടെ വൈവിധ്യങ്ങളിലും ഏകഹൃദയരാകുന്നു. ഈ പ്രയാണം പരസ്പര സംഭാഷണത്തിലുള്ള പ്രയാണമാണ് (ഒന്നാം ദിവസം),  മുറിയപ്പെട്ടവരോടൊപ്പമുള്ള പ്രയാണമാണ് (രണ്ടാം ദിവസം). സ്വാതന്ത്യ്രത്തിലേക്കുള്ള പ്രയാണമാണ് (മൂന്നാം ദിവസം), സൃഷ്ടപ്രകൃതിയോടു ചേര്‍ന്നുള്ള പ്രയാണമാണ് (നാലാംദിവസം),  യേശുസൌഹൃദത്തിലുള്ള പ്രയാണമാണ് (അഞ്ചാം ദിവസം), അതിര്‍വരമ്പുകളെ തരണം ചെയ്തുകൊണ്ടുള്ള പ്രയാണമാണ് (ആറാം ദിവസം),  സാഹോദര്യത്തിലുള്ള പ്രയാണമാണ് (ഏഴാം ദിവസം), ആഘോഷപരമായ പ്രയാണമാണ്  (എട്ടാം ദിവസം). 
 
കാറോസൂസാ - പൊതു പ്രാര്‍ത്ഥനകള്‍ (എല്ലാദിവസവും ചൊല്ലേണ്ടത്)
1. ത്രിയേകദൈവമേ, സഭകളുടെ ഐക്യത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളെ അങ്ങയുടെ മുമ്പില്‍ ഞങ്ങള്‍ അനുസ്മരിക്കുന്നു.  പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ. ഭിന്നതകളെയും മുന്‍വിധികളെയും അതിജീവിക്കാനും പരസ്പര സംഭാഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയും യേശുവില്‍ സാഹോദര്യവും ഐക്യവും കണ്ടെത്താനും സഭകളെ അനുഗ്രഹിക്കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
 
മറുപടി: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമെ...
 
2.  ത്രിയേക ദൈവമേ, അള്‍ത്താരയില്‍ മുറിയപ്പെടുന്ന യേശുശരീരത്തില്‍ ഒരുമയില്‍ പങ്കുചേരാന്‍ഇന്നും സഭകള്‍ക്ക് സാധിക്കുന്നില്ലായെന്ന് എളിമയോടെ ഞങ്ങള്‍ തിരിച്ചറിയുന്നു.  ഭിന്നതകള്‍ മറന്ന് ക്രിസ്തുവിന്റെ അനുയായികള്‍ ഒരേ മേശയില്‍ നിന്ന് ദിവ്യകാരുണ്യം പങ്കിടുന്ന ദിനം വേഗം സംജാതമാകട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
 
3. ത്രിയേക ദൈവമേ, സ്വാതന്ത്യ്രത്തിലേക്കും സമത്വത്തിലേക്കും ലോകജനതയെ നയിക്കണമേ.  ഭാരതത്തിലെ ദളിത് ക്രിസ്ത്യന്‍ സമൂഹവും അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസമത്വവും വിവേചനങ്ങളും അനുഭവിക്കുന്ന മറ്റെല്ലാ ജനസമൂഹങ്ങളെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മുഖ്യധാരയിലേക്ക് നയിക്കാന്‍ ക്രൈസ്തവസമൂഹങ്ങളുടെ ഐക്യം കാരണമാകട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 
 
4. ത്രിയേക ദൈവമേ,  ഈ ഭൂമിയില്‍ ഞങ്ങള്‍ തീര്‍ത്ഥാടകരെന്ന് തിരിച്ചറിയുന്നു. സൃഷ്ടപ്രപഞ്ചത്തെ സ്നേഹിക്കാനും പരിപാലിക്കാനും ഞങ്ങളെ സഹായിക്കണമേ.  പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണത്തിലും ഭൂരഹിതരുടെയും പാവങ്ങളുടെയും ഉന്നമനത്തിനും വേണ്ടി അധ്വാനിക്കാന്‍ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തണമേയെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
 
5. ത്രിയേക ദൈവമേ, യേശുസൌഹൃദത്തില്‍ ഞങ്ങളെ വളര്‍ത്തണമേ. വൈവിധ്യങ്ങള്‍ മറന്ന് എല്ലാ മനുഷ്യരും യേശുവില്‍ സൌഹൃദം പങ്കിടാന്‍ സാധിക്കട്ടെയെന്നും സമൂഹത്തില്‍ പാര്‍ശ്വവത്രിക്കപ്പെട്ടിരിക്കുന്നവര്‍ സഭാകൂട്ടായ്മയില്‍ അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇടയാകട്ടെയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
 
6. ത്രിയേക ദൈവമേ, മനുഷ്യനിര്‍മ്മിതമായ അതിര്‍വരമ്പുകള്‍ക്കും വേലിക്കെട്ടുകള്‍ക്കും അതീതമായി                     ചിന്തിക്കാനും അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്റെ മഹത്ത്വം തിരിച്ചറിയാനും ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
 
7. ത്രിയേക ദൈവമേ, പാവങ്ങളുടെ പക്ഷം ചേരാനും ലോകത്തില്‍ അങ്ങയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമാകാനും സഭകളെ അനുഗ്രഹിക്കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
 
8. ത്രിയേക ദൈവമേ, പ്രത്യാശ കൈവിടാതെ ആത്മാവില്‍  ആനന്ദിക്കാനും ആത്മവിശ്വാസത്തോടെ ഐക്യത്തിനായുള്ള പരിശ്രമങ്ങള്‍ തുടരാനും വിവിധ ക്രൈസ്തവ സഭകളെ അനുഗ്രഹിക്കണമേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
 
ഒന്നാം ദിവസം
പരസ്പര സംഭാഷണത്തിലുള്ള പ്രയാണം
 
ആമുഖം
ക്രൈസ്തവസഭകളുടെ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാദിനങ്ങളില്‍ ഒന്നാം ദിനത്തില്‍ നാം വിചിന്തനം ചെയ്യുന്നത് തടസ്സങ്ങളെ അതിജീവിക്കുന്നതില്‍ പരസ്പര സംവാദത്തിനും സംഭാഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ചാണ്. എക്യുമെനിക്കല്‍ സംവാദത്തില്‍ മാത്രമല്ല, ലോകജനതയുടെ സമഗ്രവിമോചനത്തിനുവേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങളിലും പരസ്പര സംഭാഷണവും ശ്രവണവും അനിവാര്യ ഘടകങ്ങളാണ്.  ഇപ്രകാരമുള്ള സംഭാഷണത്തിലൂടെ ക്രിസ്തുവിനെ കൂടുതല്‍ അടുത്തറിയാന്‍ നമുക്കു സാധിക്കുന്നു. 
 
ദൈവവചനങ്ങള്‍
ഉത്പ 11:1-9     സങ്കീ 34:11-18    അപ്പ 2:1-12
എമ്മാവൂസിലേക്കുള്ള വഴിയെ ഉത്ഥിതനായ യേശുവിനോടൊത്തുള്ള സംഭാഷണം.
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയപൂര്‍വ്വം ചരിക്കുകയെന്നാല്‍ സഹോദരങ്ങളോടും ദൈവത്തോടുമൊപ്പം പരസ്പര സംഭാഷണത്തിലൂടെയും ശ്രദ്ധാപൂര്‍വമുള്ള ശ്രവണത്തിലൂടെയും പ്രയാണം ചെയ്യുക എന്നാണ്. എമ്മാവൂസിലേക്കുള്ള വഴിയില്‍ ശിഷ്യന്മാരുടെ ജീവിതത്തെ മാറ്റിമറിച്ചത് യാത്രാമധ്യേ അവര്‍ക്കു ലഭിച്ച ഒരു സൌഹൃദ സംഭാഷണമാണ്. നഷ്ടബോധത്തിന്റെയും പ്രത്യാശയില്ലായ്മയുടെയും സാഹചര്യങ്ങളിലൂടെ യായിരുന്നു അതുവരെ അവരുടെ യാത്ര.  യേശു അവരോടൊപ്പം ചേര്‍ന്നു. തന്റെ ഗുരുസ്ഥാനത്തെ അവഗണിച്ച് അവരോടൊപ്പം നടന്നു. ഉത്ഥിതനായ യേശുവിനെ നാം കണ്ടുമുട്ടുന്നതും തിരിച്ചറിയുന്നതും എപ്പോഴാണ്? നമ്മുടെ പരസ്പര സംഭാഷണങ്ങളില്‍ അവിടന്നു കൂട്ടുചേരുമ്പോഴും അവിടത്തെ സൌഹൃദത്തില്‍ വ്യാപരിക്കാനും അവിടുത്തെ ഭാഷണം കേള്‍ക്കാനും നാം തീവ്രമായി ആഗ്രഹിക്കുമ്പോഴും തന്നെ. അവന്റെ മൊഴികള്‍ നമ്മുടെ “ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നു”വെന്ന് നാം തിരിച്ചറിയണം. നമ്മുടെ ചിതറിയ ചിന്തകള്‍ക്കിടയിലും അഭിപ്രായങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണകള്‍ക്കിടയിലും പോലും യേശുവിനോടും നാം പരസ്പരവുമുള്ള സംഭാഷണങ്ങള്‍ നമ്മെ കൂടുതല്‍ അറിവിലേക്കും ഹൃദയൈക്യത്തിലേക്കും നയിക്കുന്നു.
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
ഉത്ഥിതനായ യേശുനാഥാ, അങ്ങയിലുള്ള ഐക്യത്തെപ്രതി സ്നേഹസംവാദത്തിനായി ഞങ്ങളെ ഒരുമിച്ചു ചേര്‍ത്തതിനെയോര്‍ത്ത് അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു.  അങ്ങയുടെ സ്നേഹഭാഷണത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കേണമേ.  അങ്ങനെ ഞങ്ങള്‍ പരസ്പരം അറിയാനും ആദരിക്കാനും ഐക്യത്തില്‍ ചരിക്കാനും ഇടയാവട്ടെ. ലോകത്തില്‍ കുരുണയുടെയും കരുതലിന്റെയും പ്രവാചകരാകാന്‍ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ജീവിക്കുന്ന ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കണമേ. ആമേന്‍
 
രണ്ടാം ദിവസം
മുറിയപ്പെട്ടവനോടൊപ്പമുള്ള പ്രയാണം
 
ആമുഖം
ക്രൂശിതനായ ക്രിസ്തുവും ലോകത്തിലെ “മുറിയപ്പെട്ട ജനതകളും” തമ്മിലുള്ള സാമ്യങ്ങള്‍ തിരിച്ചറിയുന്നത് ക്രിസ്ത്യാനികള്‍ തമ്മിലുള്ള ബന്ധങ്ങളെ കുടുതല്‍ ദൃഢമാക്കുന്നുണ്ട്. ഇന്ത്യയിലെ ദളിത് ക്രൈസ്തവരുടെ സാഹചര്യങ്ങള്‍ ഉദാഹരണം. മുറിയപ്പെടുന്ന ക്രിസ്തുവിന്റെ ശരീരവും (വിശുദ്ധ കുര്‍ബാന) ഇപ്രകാരം “മുറിയപ്പെടുന്ന ജനതകള്‍ക്ക്” നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങളും രണ്ടാം ദിവസം വിചിന്തന വിധേയമാകുന്നു.
 
ദൈവവചനങ്ങള്‍
എസ 37:1-14     സങ്കീ 22:1-8   ഹെബ്ര 13:12-16
യേശു തന്റെ സഹനങ്ങള്‍ക്ക് മുന്നോടിയായി അപ്പം മുറിക്കുന്നു
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയത്തില്‍ ചരിക്കുകയെന്നാല്‍ നമ്മുടേതായ സുഖസൌകര്യങ്ങളില്‍ നിന്നും പുറത്തുവന്ന് മറ്റുള്ളവരോട്, പ്രത്യേകിച്ച് വേദനിക്കുന്നവരോട് ഒപ്പം നില്ക്കുക എന്നതാണ്. മുറിയപ്പെടുന്ന ജനവിഭാഗങ്ങളുടെ പക്ഷം ചേര്‍ന്ന് കുരിശിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. കുരിശിന്മേല്‍ മുറിയപ്പെട്ട ക്രിസ്തുവിന്റെ ശരീരം “നിങ്ങള്‍ക്കുവേണ്ടി വിഭജിക്കപ്പെട്ട” ശരീരമാണ്. നമുക്കുവേണ്ടി കുരിശിന്മേല്‍ മുറിയപ്പെട്ട ക്രിസ്തുവിന്റെ സഹനങ്ങളുടെ മൂന്നാസ്വാദനമായിരുന്നു അവിടത്തെ അന്ത്യത്താഴം. ഇന്നും ഈ ബലിയര്‍പ്പണം ദിവ്യകാരുണ്യമായി ബലിവേദികളില്‍ പൂര്‍ത്തിയാക്കപ്പെടുന്നു.  ഈ ദിവ്യകൂദാശ പങ്കിടാനാവാതെ വിവിധ ക്രൈസ്തവസഭകള്‍ ഇന്നും ഭിന്നിച്ചാണ് നില്ക്കുന്നത്. നമ്മുടെ പരിശ്രമങ്ങള്‍ പുരോഗമിക്കേണ്ടിയിരിക്കുന്നു. വേദനിക്കുന്നവരോടും മാറ്റി നിറുത്തപ്പെട്ടവരോടും മുറിയപ്പെടുന്നവരോടുമുള്ള പങ്കുചേരല്‍ കൂദാശാപരമായ ഐക്യത്തിന് വഴി തെളിക്കട്ടെ.  ദിവ്യകാരുണ്യ കൂദാശ ജീവിതബന്ധിയാവട്ടെ.
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ, മനുഷ്യമനസുകളിലെ ഭിന്നിപ്പുകള്‍ ഇല്ലായ്മ ചെയ്യുവാനായി അങ്ങയുടെ പ്രിയപുത്രന്‍ കുരിശില്‍ മരിച്ചു.  ഞങ്ങളുടെയിടയില്‍ ഇനിയും നിലനില്ക്കുന്ന ഭിന്നിപ്പുകള്‍ വീണ്ടും വീണ്ടും അവനെ ക്രൂശിലേറ്റുന്നുവെന്ന് ഞങ്ങളറിയുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളുടെ കുറവുകളെയും മുറിവുകളെയും പരിഹരിക്കുകയും വേദനിക്കുന്നവര്‍ക്കും നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും വേണ്ടി നിലകൊള്ളുന്നവരായി ഞങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യണമേ. ഒരേ അപ്പത്തില്‍ നിന്നു ഭക്ഷി ക്കുകയും ഒരേ പാത്രത്തില്‍ നിന്ന് പാനംചെയ്യുകയും ചെയ്യുന്ന ശിഷ്യഗണമായി ക്രൈസ്തവ സമൂഹങ്ങള്‍ ഐക്യപ്പെടുന്ന ദിനം വേഗം സംജാതമാകുവാനിടയാക്കണമേ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ജീവിക്കുന്ന ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കണമേ. ആമേന്‍. 
 
 
മൂന്നാം ദിവസം
സ്വാതന്ത്യ്രത്തിലേക്കുള്ള പ്രയാണം
 
ആമുഖം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ തങ്ങളുടെ സ്വാതന്ത്യ്രത്തിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ ഇന്ന് നാം വിചിന്തനവിഷയമാക്കുന്നു.  ജനതകളെ തമ്മില്‍ വേര്‍തിരിക്കുന്ന സംവിധാനങ്ങളുടെയും സാഹചര്യങ്ങളുടെയും ഉന്മൂലനം ആത്മാവിലുള്ള ജീവിതപൂര്‍ണതയ്ക്ക് അനിവാര്യമാണെന്ന് ഐക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ പഠിപ്പിക്കുന്നു.
 
ദൈവവചനങ്ങള്‍
പുറ 1:15-22     സങ്കീ 17:1-6     2കോറി 3:17-18
യോഹ 4:4-26  യേശുവിനോടുള്ള സംഭാഷണം സമറിയാക്കാരി സ്ത്രീയെ കൂടുതല്‍ സ്വാതന്ത്യ്രത്തിലേക്ക് നയിക്കുന്നു.
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയത്തില്‍ ചരിക്കുകയെന്നാല്‍ അവന്‍ നമുക്കായി തുറക്കുന്ന സ്വാതന്ത്യ്രത്തിന്റെ ചക്രവാളങ്ങളിലേക്ക് നടന്നടുക്കുക എന്നതാണ്. സമറിയാക്കാരി സ്ത്രീയുമായുള്ള യേശുവിന്റെ സംവാദം ആ സ്ത്രീയെ നീതിരഹിതമായ വിവേചനങ്ങളുടെയും മൂന്‍വിധികളുടെയും ചങ്ങലക്കെട്ടുകളില്‍ നിന്നും ദൈവമക്കളുടെ സ്വാതന്ത്യ്രത്തിലേക്ക് പടിപടിയായി നയിക്കുന്നു. അന്നുവരെ സമറിയാക്കാരെയും യഹൂദരെയും തമ്മില്‍ ഭിന്നിപ്പിച്ചിരുന്ന “ആരാധനയര്‍പ്പിക്കേണ്ട സ്ഥലം” എന്ന തര്‍ക്കം “സത്യത്തിലും ആത്മാവിലും ആരാധിക്കുക” എന്ന പരിഹാരത്തിന് വഴിമാറുന്നു. സമറിയാക്കാരി തന്റെ വ്യക്തിജീവിതത്തിലും വിശ്വാസജീവിതത്തിലും  കൂടുതല്‍ സ്വാതന്ത്യ്രം അനുഭവിക്കുന്നവളായി തിരികെ നടന്നു. ക്രിസ്തുവില്‍ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്ന നാം കൂടുതല്‍ ഐക്യത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. മുന്‍വിധികളില്‍ നിന്നും വേര്‍തിരിവുകളില്‍ നിന്നും നമ്മെ മോചിപ്പിച്ച് സ്നേഹത്താല്‍ ഒരുമിപ്പിക്കുന്നവയാണ് യേശുവിന്റെ പ്രബോധനങ്ങള്‍.
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
രക്ഷകനായ ദൈവമേ, സ്വാതന്ത്യ്രത്തിനും സമത്വത്തിനും വേണ്ടി ദാഹിക്കുന്നവരെ പ്രത്യാശയും ബലവും നല്കി അനുഗ്രഹിക്കുന്ന അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.അങ്ങയുടെ പ്രീയപുത്രനായ യേശുക്രിസ്തു യഥാര്‍ത്ഥ സ്വാതന്ത്യ്രത്തിലേക്കു ഞങ്ങളെ നയിക്കുന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.  അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേല്‍ അയയ്ക്കണമേ.  അങ്ങനെ ഞങ്ങള്‍ സത്യത്താല്‍ സ്വതന്ത്രരാക്കപ്പെട്ട് ഏകസ്വരത്തില്‍ അങ്ങേക്ക് സ്തുതി പാടട്ടെ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ജീവിക്കുന്ന ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കേണമെ. ആമേന്‍.
 
നാലാം ദിവസം
സൃഷ്ടപ്രകൃതിയോടു ചേര്‍ന്നുള്ള പ്രയാണം.
ആമുഖം
ദൈവത്തിന്റെ കരവേലയായ ഈ സൃഷ്ടപ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനത്തെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവ് നമുക്കിടയിലും പ്രകൃതിയോടുമുള്ള പരസ്പരാശ്രയബോധത്തിലേക്കും അതുവഴി കുടുതല്‍ ഐക്യത്തിലേക്കും നമ്മെ നയിക്കുന്നു. പരിസ്ഥിതിസംരക്ഷണവും  ഭൂവിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണവും ക്രിസ്തുശിഷ്യരെ കൂട്ടായ പരിശ്രമങ്ങളിലേക്ക് നയിക്കുന്നു.
 
ദൈവവചനങ്ങള്‍
ലേവ്യ 25:8-17    സങ്കീ 65:5യ-13     2റോമ  8:18-25
യോഹ 9:1-11 യേശുവിന്റെ രോഗശാന്തികള്‍, മണ്ണ്, ചെളി, വെള്ളം
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയത്തില്‍ ചരിക്കുകയെന്നാല്‍ അവിടത്തെ കരവേലയായ സൃഷ്ടപ്രപഞ്ചത്തിന്റെ ഭാഗമാണ് നാമെന്നും നമുക്കുള്ളതെല്ലാം സ്രഷ്ടാവായ ദൈവത്തില്‍ നിന്ന് ദാനമായി നാം സ്വീകരിക്കുന്നവയാണെന്നുമുള്ള തിരിച്ചറിവാണ്. പരിസ്ഥിതിയുടെ  സംരക്ഷണവും സൃഷ്ടവസ്തുക്കളുടെമേലുള്ള മനുഷ്യന്റെ ഉത്തരവാദിത്വപൂര്‍ണമായ സമീപനവും ഇന്നിന്റെ അനിവാര്യ ശ്രദ്ധകളാണ്. ദൈവം മനുഷ്യനായി മണ്ണില്‍ വസിച്ചുവെന്ന സത്യം ക്രിസ്ത്യാനിയുടെ അടിസ്ഥാന വിശ്വാസമാണ്. യേശു മണ്ണിനെ സ്നേഹിച്ചു, അധ്വാനിച്ചു, രോഗശാന്തികള്‍ നല്കിയപ്പോള്‍ പോലും പ്രകൃതിവസ്തുക്കളെ അവന്‍ ഉപകരണങ്ങളാക്കി. പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണം  പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്തുലിത ജീവിതക്രമത്തിന്റെയും ഭാഗം തന്നെയാണ്. “പ്രകൃതി” ക്രിസ്ത്യാനിയെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്നു.
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
ജീവന്റെ ദൈവമേ, സൃഷ്ടപ്രകൃതിയെ സംരക്ഷിക്കുകയും അതില്‍ അധ്വാനിക്കുകയും ചെയ്യുന്നവരെയോര്‍ത്ത് അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.  അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളുടെ മനസിനെ ജ്വലിപ്പിക്കണമേ. അങ്ങനെ ഞങ്ങള്‍ പ്രകൃതിയുടെ ഉത്തരവാദിത്വമുള്ള മക്കളാണെന്നും ഞങ്ങളനുഭവിക്കുന്ന നന്മകള്‍ അങ്ങയുടെ ദാനങ്ങളാണെന്നും തിരിച്ചറിയട്ടെ.  മാനവസമൂഹത്തിന്റെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനും വേദനിക്കുന്നവര്‍ക്ക് സമാശ്വാസമാകാനും ക്രൈസ്തവസമൂഹങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് സാധിക്കട്ടെ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ജീവിക്കുന്ന ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കണമേ. ആമേന്‍
 
അഞ്ചാം ദിവസം
യേശു സൌഹൃദത്തിലുള്ള പ്രയാണം
 
ആമുഖം
മനുഷ്യരുടെയിടയിലെ  സ്നേഹസൌഹൃദങ്ങള്‍ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ മാതൃകകള്‍ തന്നെയാണ്. നാം യേശുവില്‍ സ്നേഹിതരും സഹോദരങ്ങളുമാണെന്ന തിരിച്ചറിവ് യേശുവിന്റെ അനുയായികളായ നമുക്കിടയിലെ ബന്ധങ്ങള്‍ക്ക് ഒരു പുതിയ മാനം നല്കുന്നു.
 
ദൈവവചനങ്ങള്‍
ഉത്തമ 1:5-8      സങ്കീ 139:1-6    3യോഹ 2-8
യോഹ 15:12-17 ഞാന്‍ നിങ്ങളെ സ്നേഹിതരെന്നു വിളിക്കുന്നു.
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയത്തില്‍ ചരിക്കുകയെന്നാല്‍ ഏകനായിരിക്കുക എന്നതല്ല. ദൈവത്തിന്റെ സാന്നിധ്യം തന്നെയായ നമ്മുടെ സ്നേഹിതരോടൊത്തു പ്രയാണം ചെയ്യുക എന്നതാണ്. “എന്നാല്‍ ഞാന്‍ നിങ്ങളെ സ്നേഹിതരെന്നു വിളിച്ചിരിക്കുന്നു”.  യേശുവിന്റെ സൌഹൃദം കുടുംബബന്ധങ്ങള്‍ക്കും സാമുദായിക ബന്ധങ്ങള്‍ക്കും  ഉപരിയായുള്ളതാണ്. അത് ദൈവത്തിന് നമ്മോടുള്ള നിലനില്ക്കുന്നതും അഗാധവുമായ സ്നേഹത്തെക്കുറിച്ച് നമ്മോടു സംസാരിക്കുന്നു. ഇന്ത്യയിലെ ദളിത് ക്രൈസ്തവരെ നമ്മുടെ സ്നേഹിതരും സഹോദരങ്ങളുമായി കാണുന്നതില്‍ നാം പിറകോട്ടു പോകുന്നുവോ? നാമും യേശുവിന്റെ സ്നേഹിതരുടെ സ്നേഹിതരായിരിക്കണം.
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
യേശുനാഥാ, അനാദിമുതല്‍ തന്നെ നീ  നിന്റെ സൌഹൃദം നല്കി ഞങ്ങളെ സ്നേഹിച്ചു. നിന്റെ സ്നേഹം ഏവരെയും പ്രത്യേകിച്ച്, ജാതി, വര്‍ണ, വര്‍ഗ വിവേചനങ്ങളാല്‍ വേദനിക്കുന്നവരെ ആലിംഗനം ചെയ്യുന്നു.  നിന്റെ സ്നേഹത്താല്‍ ഞങ്ങളെ ജ്വലിപ്പിക്കണമേ.  എന്തെന്നാല്‍, എല്ലാ മനുഷ്യരെയും ദൈവമക്കളെപ്പോലെ സ്നേഹിക്കാനും സ്വീകരിക്കാനും ഞങ്ങളും പഠിക്കട്ടെ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കണമേ. ആമേന്‍
 
ആറാം ദിവസം
അതിര്‍വരമ്പുകളെ തരണം ചെയ്തുകൊണ്ടുള്ള പ്രയാണം.
 
ആമുഖം
മനുഷ്യനിര്‍മ്മിതമായ “വേലിക്കെട്ടുകള്‍” ദൈവമക്കളെ തമ്മില്‍ വേര്‍തിരിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. അവയെ അതിജീവിക്കുന്നവരാകണം ക്രിസ്ത്യാനികള്‍. വിശുദ്ധ പൌലോസ് പറയുന്നു: “ക്രിസ്തുവിനോട് ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്” (ഗല 3:27-28)
 
ദൈവവചനങ്ങള്‍
റൂത്ത് 4:13-18     സങ്കീ 113    എഫേ 2:13-16
മത്താ 15:21-28  യേശുവും കാനാന്‍കാരി സ്ത്രീയും
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയത്തില്‍ ചരിക്കുകയെന്നാല്‍ ദൈവമക്കളെ തമ്മില്‍ വേര്‍തിരിക്കുന്ന മനുഷ്യനിര്‍മ്മിതമായ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്തേക്ക് നടക്കുകയെന്നതാണ്. യേശുക്രിസ്തുവില്‍ പഴയകാല വേലിക്കെട്ടുകളും അവയുടെ ആധുനിക മുഖങ്ങളുമെല്ലാം ഏന്നേക്കുമായി തകര്‍ക്കപ്പെട്ടു. അവന്റെ കുരിശ് പുതിയൊരു മനുഷ്യകുലത്തിന് ജന്മമേകി.  ഭാരതത്തിലെ വിവിധങ്ങളായ മതവിശ്വാസങ്ങളുടെ സാന്നിധ്യം രാഷ്ട്രത്തിനും ജനതയ്ക്കും നന്മയ്ക്കു കാരണമാകണം.  മതസൌഹാര്‍ദവും മതാന്തര സംവാദവും വിവിധ മതവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും കൂടിവരവിനും പൊതുസമൂഹത്തിന്റെ നന്മയ്ക്കായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കും സഹായകമാകണം. ക്രിസ്ത്യന്‍ സമൂഹങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്രകാരമുള്ള മാതാന്തരസൌഹൃദങ്ങള്‍ക്ക് പശ്ചാത്തലമാകട്ടെ. 
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
സ്നേഹപിതാവായ ദൈവമേ, ഞങ്ങള്‍ മെനയുന്ന അത്യാഗ്രഹത്തിന്റെയും മുന്‍വിധികളുടെയും താന്‍പോരിമയുടെതുമായ വേലിക്കെട്ടുകളെയും അതിര്‍വരമ്പുകളെയുമോര്‍ത്ത് ഞങ്ങള്‍ അങ്ങയോടു മാപ്പപേക്ഷിക്കുന്നു.  അവ സമൂഹങ്ങളെയും വിശ്വാസങ്ങളെയും തമ്മില്‍ അകറ്റുന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.  അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ നിറയ്ക്കണമേ.  അങ്ങനെ ഞങ്ങള്‍ വിവേകത്തോടും വിശുദ്ധിയോടും കൂടി ഞങ്ങളില്‍ നിന്നും വ്യത്യസ്തരായവരെ അംഗീകരിക്കാനും അങ്ങയുടെ സ്നേഹപ്രമാണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും പഠിക്കട്ടെ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ജീവിക്കുന്ന ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കണമേ. ആമേന്‍
 
ഏഴാം ദിവസം
സാഹോദര്യത്തിലുള്ള പ്രയാണം
 
ആമുഖം
നീതിക്കും സമാധാനത്തിനും വേണ്ടി അധ്വാനിക്കുന്നവരോടുള്ള സാഹോദര്യം ഇന്നേ ദിവസം ഞങ്ങള്‍ ചിന്താവിഷയമാക്കുന്നു. അത് ക്രൈസ്തവസമൂഹത്തിന്റെ പൊതുസ്വഭാവവും ദൌത്യവുമാണ്.  വേദനിക്കുന്നവരുടെയും നീതി നിഷേധിക്കുന്നവരുടെയും ആശ്രയമാണ് (ആശ്രയമാകണം) ക്രിസ്തുവിന്റെ സഭ.
 
ദൈവവചനങ്ങള്‍
സംഖ്യ 27:1-11     സങ്കീ 15     അപ്പ 2:43-47
ലൂക്കാ 10:25-37  നല്ല സമറിയാക്കാരന്‍
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയത്തില്‍ ചരിക്കുകയെന്നാല്‍ നീതിക്കും സമാധാനത്തിനും  വേണ്ടി ദാഹിക്കുന്നവരോടൊത്തുള്ള പ്രയാണമാണ്. നല്ല സമറിയാക്കാരന്റെ ഉപമ മനുഷ്യസ്നേഹത്തെപ്പറ്റി മാനവചരിത്രത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ ചിത്രമാണ്.  പാവപ്പെട്ടവരോടും പതിതരോടുമുള്ള മാതൃഭാവം ക്രിസ്തീയസഭകളെ ക്രിസ്തുവിനോട് കൂടുതല്‍ അടുപ്പിക്കുന്നു. നീതിക്കും കാരുണ്യത്തിനും വേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങള്‍ ക്രിസ്ത്യാനികളുടെ ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക തന്നെ ചെയ്യും.
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
ത്രിയേകദൈവമേ, അങ്ങയുടെ അസ്തിത്വം തന്നെ ഞങ്ങള്‍ക്ക് പരാശ്രയബോധവും സാഹോദര്യവും സ്നേഹബന്ധങ്ങളുടെ ഇഴയടുപ്പവും പറഞ്ഞുതരുന്നു. മറ്റുള്ളവരുടെ വേദനകള്‍ക്കു പരിഹാരം കാണുവാനായി കഠിനാധ്വാനം ചെയ്യുന്ന നിസ്വാര്‍ത്ഥമതികളെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.  ഭിന്നതകള്‍ മറന്ന് സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരുടെയും വേദനയനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പുവാനും അങ്ങനെ നിന്റെ അലിവിന്റെയും കരുതലിന്റെയും മുഖം ലോകത്തിന് കാണിച്ചുകൊടുക്കുവാനും ഞങ്ങളെ പഠിപ്പിക്കണമെ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ജീവിക്കുന്ന ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കേണമെ. ആമേന്‍
 
എട്ടാം ദിവസം
ആഘോഷകരമായ പ്രയാണം
 
ആമുഖം
വിജയകരമായ ഒരു പര്യവസാനമല്ല നാം ആഘോഷിക്കുന്നത്.  മറിച്ച്, ദൈവത്തിലുള്ള പ്രത്യാശ നമ്മെ സന്തോഷചിത്തരാക്കുന്നു. ഈ പ്രാര്‍ത്ഥനാദിനങ്ങള്‍ നമ്മുടെ പ്രതീക്ഷയാണ് കുറിച്ചത്.  ദൈവം നിശ്ചയിക്കുന്ന സമയത്തും മാര്‍ഗങ്ങളിലൂടെയും നാം പൂര്‍ണ ഐക്യത്തിലേക്ക് നടന്നടുക്കും. അതു നമ്മുടെ തുടരുന്ന പ്രാര്‍ത്ഥനയാണ്.
 
ദൈവവചനങ്ങള്‍
ഹബ 3:17-19     സങ്കീ 100     ഫിലി 4:4-9
മറിയത്തിന്റെ സ്തോത്രഗീതം
 
വിചിന്തനം
ദൈവത്തോടൊത്ത് വിനയത്തില്‍ ചരിക്കുകയെന്നാല്‍ ആഹ്ളാദചിത്തരായിരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. പ്രതീക്ഷയും ആഹ്ളാദവും ക്രിസ്തുശിഷ്യന്റെ ഹൃദയത്തെ കീഴടക്കുന്നു. ദൈവത്തിന്റെ വിശ്വസ്തതയിലുള്ള പ്രത്യാശയാണത്. ഈ പ്രത്യാശ നമ്മെ കര്‍മ്മനിരതരാക്കുന്നു. കൂടുതല്‍ തുറവോടെ, കൂടുതല്‍ സൌഹൃദത്തോടെ, കൂടുതല്‍ കരുണയോടെ കൂടുതല്‍ കരുതലോടെ മനുഷ്യനന്മയ്ക്കായി അധ്വാനിക്കാനും സഭ         കളുടെ ഐക്യത്തിനായി പ്രാര്‍ത്ഥിക്കാനുമുള്ള ആഹ്വാനവുമായി ഈ  പുണ്യദിനങ്ങള്‍ പൂര്‍ത്തിയാകുന്നു.
 
പൊതു പ്രാര്‍ത്ഥനകള്‍ 
സമാപനപ്രാര്‍ത്ഥന
കൃപാപൂര്‍ണനായ ദൈവമേ, അങ്ങയുടെ ആത്മാവിനാല്‍ ഞങ്ങളുടെ സഭകളെയും സമൂഹങ്ങളെയും വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ സന്തോഷത്താല്‍ നിറയ്ക്കണമേ. അങ്ങനെ ഞങ്ങള്‍ പ്രത്യാശയുള്ളവരും ലോകത്തില്‍ നിന്റെ സാക്ഷികളുമാവട്ടെ. വിവിധ സഭാസമൂഹങ്ങളായ ഞങ്ങള്‍ ഏകസ്വരത്തില്‍ അങ്ങയെ സ്തുതിക്കാനും ആരാധിക്കാനും ഇടയാകട്ടെ.
 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ജീവിക്കുന്ന ദൈവമേ, നീതിയിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കണമേ. ആമേന്‍
 
 
 
 
 
 
 
 
 
 
 

Back to Top

Never miss an update from Syro-Malabar Church