കടന്നുപോകലുകള്‍ ജീവികത്തിന്‍റെ ഭാഗമാണ്. മനുഷ്യന്‍ യാത്രയില്‍ മനുഷ്യനെയും ഇടങ്ങളെയുമൊക്കെ കടന്നുപോകും, സന്തോഷവും ദുഖവും പരസ്പരം കടന്നുപോയ്ക്കൊണ്ടേയിരിക്കും. തോല്‍വി വിജയത്തിനു വഴി മാറും. അടിമത്തത്തിന്‍റെ നാട്ടില്‍ നിന്നും ജീവന്‍റെ നാട്ടിലേക്ക് കടന്നുവന്ന ചരിത്രം തിരഞ്ഞെടുക്കപ്പെട്ട ജനത്തിനുണ്ട്. അതിന്‍റെ ഓര്‍മ്മയാണ് പഴയ പെസഹ. അതിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും പുതിയ ഉടമ്പടി. അതും കടന്നുപോകല്‍ തന്നെ. അരക്ഷിതത്വത്തില്‍ നിന്നും സുരക്ഷിതത്വത്തിലേക്ക്. അതായത് മരണത്തില്‍ നിന്നും ജീവനിലേക്ക്.
ഈശോ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്. അവന്‍ കടന്നുപോകുന്നത് സമാധാനം ആശംസിച്ചുകൊണ്ടാണ്. അതൊരു മാതൃകയാണ്. ക്രിസ്ത്യാനിക്കുണ്ടാകേണ്ട ശൈലിയാണ്. അനുദിനജീവിതത്തില്‍ ഞാന്‍ ആളുകളെ കടന്നുപോകുന്നത് സമാധാനം ആശംസിച്ചുകൊണ്ടാണോ? കുടുംബത്തില്‍, ജോലിസ്ഥലത്ത്, തുടങ്ങി.. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് സമാധാനം ആകാനും എകുവാനുമുള്ള അവസരം ഒരിക്കലും പാഴാക്കരുത്. പാഴാക്കിയാല്‍ അത് ജീവിതം പാഴാക്കല്‍ തന്നെയാണ്. കാരണം, നമ്മുടെ ജീവിതകടന്നുപോകലുകള്‍ ആര്‍ക്കും അനുഭവമല്ലാതെ പോകും. ഈശോ ലോകത്തിലേക്കുവന്നത് നമുക്ക് ജീവനുണ്ടാകാനും സമൃദ്ധമായി ഉണ്ടാകാനുമാണ്. അത് അനേകര്‍ക്ക് മോചനദ്രവ്യമായി നല്‍കാനുമാണെങ്കില്‍ അതുതന്നെയാണ് നമ്മുടെയും ശൈലിയാകേണ്ടത്.
യേശു കടന്നുപോകുന്നത് മാറ്റത്തിലേക്കുള്ള ക്ഷണവുമായാണ്. ഈ ലോകത്തിലുള്ള ഏതൊരു വ്യക്തിക്കും മാറ്റം അനിവാര്യമാണ്. ഈ അനിവാര്യതയിലേക്ക് വെളിച്ചം വീശികൊണ്ടാണ് ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണന്ന് അവന്‍ പ്രഖ്യാപിക്കുന്നത്. യേശുവിന്‍റെ ക്ഷണം സ്വീകരിക്കുന്നവര്‍ക്ക് മാറ്റം ഉറപ്പാണ്. യേശു നല്‍കുന്ന മാറ്റം പ്രകാശത്തിലേക്കുള്ള തുറവിയാണ്. ആ തുറവിയാണ് ഇന്നു നാം വായിച്ചുകേട്ട സുവിശേഷ ഭാഗത്തിലെ അന്ധനെ സംബന്ധിച്ചിടത്തോളം കാഴ്ചയായ് മാറിയത്.
അന്ധന് കാഴ്ചയുടെ തുറവി പ്രകാശത്തിലേക്കുള്ള ഒരു കടന്നുപോകലായിരുന്നു. നന്മ കാണാനും മനസ്സിലാക്കാനും ആഴപ്പെടാനും പ്രഘോഷിക്കാനുമൊക്കെ. യേശുവിന്‍റെ ക്ഷണം സ്വീകരിക്കുന്നവര്‍ക്കെല്ലാം ഇത്തരത്തില്‍ സൌഖ്യത്തിന്‍റെ അനുഭവങ്ങള്‍ ലഭിക്കുമെന്ന് സാരം.
യേശുവിന്‍റെ ക്ഷണം സ്വീകരിക്കുകയെന്നുവച്ചാല്‍ അനുസരിക്കുകയെന്നതുകൂടിയാണര്‍ത്ഥം. അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണന്നാണ് വചനം പഠിപ്പിക്കുന്നത് ഹൃദയഫലകത്തില്‍ എഴുതിവച്ചാല്‍ അത് ഏതൊരു ഘട്ടത്തിലും യേശുവിന്‍റെ ക്ഷണം സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കുമെന്ന് ഉറപ്പ്.
അനുസരിക്കുകയെന്നത് അനുസരണക്കേടില്‍ നിന്നുള്ള കടന്നുപോകലാണ്. അനുസരണത്തില്‍ നിന്ന് അനുസരണക്കേടിലേക്കുള്ള കടന്നുപോകലായിരുന്നല്ലോ ആദിമാതാപിതാക്കള്‍ക്ക് സംഭവിച്ചത്. ദൈവം എന്നും അനുഗ്രഹവുമായി നമ്മുടെ വീട്ടുപടിക്കലെത്തുമ്പോള്‍ അനുസരണക്കേടു മൂലം എന്തൊക്കെയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ കല്പനകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ദൈവം പറഞ്ഞത് അനുസരിക്കുമ്പോള്‍ പലതിനെയും ഉപേഷിക്കേണ്ടിവരും. ഇന്നത്തെ സുവിശേഷത്തിലെ അന്ധനുവേണമെങ്കില്‍ ഈശോ പറഞ്ഞതനുസരിക്കാതെ അവന്‍റെ വൈകല്യത്തിന്‍റെ സുഖമനുഭവിച്ചുകൊണ്ട് അവന്‍റെ ഇഷ്ടാനുസരണം ജീവിക്കാമായിരുന്നു. എല്ലാവരുടെയും സഹതാപം, അധ്വാനിക്കാതെയുള്ള ജീവിതം, കാഴ്ചയുള്ളവന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നൊക്കെയുള്ള ഒരു ഒളിച്ചോട്ടം തുടങ്ങിയവയൊക്കെ അവന്‍റെ അന്ധതയുടെ നേട്ടമായിരുന്നു. പക്ഷേ അവന്‍ അനുസരണത്താല്‍ അന്ധതയുടെ ദുഖത്തില്‍ നിന്നും കടന്നുപോകന്‍ തയ്യാറായി, പ്രകാശം കണ്ടു.
നാം പലപ്പോഴും നമ്മുടെ കുറവുകളുടെ, വൈകല്യത്തിന്‍റെ തടവറയില്‍ അതിന്‍റെ സുഖമനുഭവിച്ച് എല്ലാവരുടെയും സഹതാപവും, അനുകമ്പയും ഏറ്റുവാങ്ങികൊണ്ട് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടിയല്ലേ ജീവിക്കുന്നത്. ഇവിടെ ആസ്ത്രേലിയക്കാരന്‍ കൈയ്യും കാലുമില്ലാത്ത ‘നിക്കും’ ഇരുകാലില്ലാഞ്ഞിട്ടും ഒളിമ്പിക്സില്‍ സ്പ്രിന്റില്‍ മത്സരിക്കാന്‍ യോഗ്യതനേടിയ ദക്ഷിണാഫ്രിക്കക്കാരന്‍ പിസ്തോറിയസ്സും ഒക്കെ അവരുടെ വൈകല്യങ്ങള്‍ അവര്‍ക്ക് ഭാരമാകാതെ നോക്കിയവരും അത് ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ അവരുടെ ജീവിതത്തില്‍ പ്രകടമാകേതിനുമാണന്ന് (യോഹ 9,3) ഉറച്ച് വിശ്വസിച്ച് എല്ലാവരും എഴുതിതള്ളിയ പരാജയത്തിന്‍റെയും അപഹാസ്യതയുടെയും തടവറയില്‍ നിന്ന് എല്ലാ അവയവങ്ങളുമുള്ള മനുഷ്യനെക്കാള്‍ പലമണ്ഡലങ്ങളിലും ഞങ്ങള്‍ പ്രബലരാണന്ന് ജീവിതം കൊണ്ട് തെളിയിച്ച് കടന്നു പൊയ്കൊണ്ടിരിക്കുന്നവര്‍ ആണ്.
സുഹൃത്തേ, നിന്‍റെ ജീവിതവും ദൈവം അനുഗ്രഹത്താല്‍ പൊതിഞ്ഞതല്ലേ? പക്ഷേ ആതു കാണാതെ പോകുന്നതു നിന്‍റെ ആന്ധതമൂലമല്ലേ? സ്വന്തം കൃപകള്‍ കാണാതെ ആപരന്‍റെ കൃപകള്‍ കണ്ടു നടക്കുന്നതു ആക്കരപ്പച്ചകണ്ടു അമ്പരന്നു നില്‍ക്കുന്ന പശു പോലെ തന്നെ. ഇന്ന് ഈശോ നിന്‍റെ ജീവിതത്തിലൂടെ ഈ പരി. കുര്‍ബാന വേളയില്‍കടന്നു വരും. നിന്നെ മാറ്റത്തിലേക്കു പ്രകാശത്തിലേക്ക് നയിക്കും. അവനെ അനുസരിച്ചു കാഴ്ചയുള്ളവരായി അവന്‍റെ മഹനീയ പ്രവര്‍ത്തികള്‍ കണ്ട് അവനു നന്ദി പറയാന്‍ പരിശ്രമിക്കൂ… ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
Fr. Jomis Kodakaserril