ദൈവത്തിലേക്കു മടങ്ങാന്‍ ഒട്ടും വൈകിയിട്ടില്ല
(ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിഭൂതി ബുധനാഴ്ച നല്‍കിയ സന്ദേശം)

 

 ആദരണരീയരായ സഹോദരരേ, പ്രിയ സഹോദരീസഹോദരന്മാരേ.... ഇന്ന് ഈ വിഭൂതി ബുധനാഴ്ച നാം അനുതാപത്തിന്റെ പുതിയൊരു യാത്ര തുടങ്ങുകയാണ്. നാല്പതു ദിവസം നീളുന്ന, ഉയിര്‍പ്പിന്റെ ആനന്ദത്തിലേക്കു നമ്മെ നയിക്കുന്ന, മരണത്തിനുമേല്‍ ജീവന്റെ വിജയത്തിലേക്കുള്ള യാത്ര. നോമ്പിന്റെ പുരാതന റോമന്‍ പാരമ്പര്യമനുസരിച്ച് നാമിന്നു വിശുദ്ധ കുര്‍ബാനയുടെ ആചരണത്തിനായി ഒരുമിച്ചുകൂടിയിരിക്കുന്നു. ആവന്റൈന്‍ മലയിലെ വിശുദ്ധ സബീനയുടെ ബസിലിക്കയിലാണ് ആദ്യ നോമ്പാചരണം നടന്നതെന്നു പാരമ്പര്യം പറയുന്നു. സാഹചര്യവശാല്‍ നാം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു.

 
സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ വഴികാട്ടുന്നതിനു പ്രാര്‍ഥിക്കുന്നതിനും മഹാഇടയനായ യേശുക്രിസ്തുവിലുള്ള വിശ്വാസം നവീകരിക്കാനുമായി നമ്മില്‍ പലരും ഇന്നു രാത്രി വിശുദ്ധ പത്രോസ് ശ്ളീഹായുടെ കബറിടത്തിനുചുറ്റും ഒത്തുചേര്‍ന്നിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പത്രോസിന്റെ സിംഹാസനത്തില്‍നിന്നു സ്ഥാനമൊഴിയാന്‍ തയാറെടുത്തിരിക്കുന്ന ഈ അവസരത്തില്‍ നിങ്ങളെല്ലാവരോടും, പ്രത്യേകിച്ചു റോമാ രൂപതയിലെ എല്ലാ വിശ്വാസികളോടും, നന്ദി പറയാന്‍ ലഭിച്ച നല്ല അവസരമാണിത്. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും പ്രത്യേകമായി ഓര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
 
ഈ നോമ്പുകാലത്തു നമ്മുടെ പെരുമാറ്റങ്ങളും വിശ്വാസ സമീപനങ്ങളും കൂടുതല്‍ ഉറച്ചതാക്കി മാറ്റുന്നതിനുവേണ്ട ആശയങ്ങള്‍ വിശുദ്ധഗ്രന്ഥ വായനയില്‍നിന്നു ദൈവാനുഗ്രഹത്താല്‍ നമുക്കു ലഭിക്കുന്നുണ്ട്. ജോയേല്‍ പ്രവാചകന്‍ ഇസ്രയേല്‍ ജനതയോടു നടത്തിയ ശക്തമായ അഭ്യര്‍ഥനയാണ് ആദ്യമായി സഭ നിര്‍ദേശിക്കുന്നത്. 'അതിനാല്‍ ദൈവം അരുളിച്ചെയ്യുന്നു, പൂര്‍ണഹൃദയത്തോടും ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടുംകൂടി എന്റെയടുത്തേക്കു മടങ്ങിവരുവിന്‍' (2.12). 'പൂര്‍ണഹൃദയത്തോടെ' എന്ന ശൈലി ശ്രദ്ധിക്കുക. അത് അര്‍ഥമാക്കുന്നതു നമ്മുടെ ചിന്തകളുടെയും വികാരങ്ങളുടെയും ഏറ്റവും ഉള്‍ക്കാമ്പില്‍ നിന്നുള്ളത്, നമ്മുടെ തീരുമാനങ്ങളുടെയും തെരഞ്ഞെടുക്കലുകളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനമായത്, പൂര്‍ണവും മൌലികവുമായ സ്വാതന്ത്യ്രത്തിന്റെ സൂചനയുള്ളത് എന്നെല്ലാമാണ്. പക്ഷേ, ദൈവത്തിലേക്കുള്ള ഈ മടക്കം സാധ്യമാണോ? അതെ, കാരണം ദൈവത്തിന്റെ ഹൃദയത്തില്‍ നിന്നും ദൈവകാരുണ്യശക്തിയില്‍ നിന്നും ഉദ്ഭവിക്കുന്ന ഒരു ശക്തിയുണ്ട്. പ്രവാചകന്‍ പറയുന്നു: 'ദൈവത്തിലേക്കു മടങ്ങുവിന്‍, നിന്റെ ദൈവം അനുഗ്രഹദായകനും കാരുണ്യവാനുമാണ്. ശാന്തശീലനും അചഞ്ചലസ്നേഹം നിറഞ്ഞവനുമാണ്. ശിക്ഷകളില്‍ മനസലിവു കാട്ടുന്നവനാണ്.'
 
ദൈവത്തിലേക്കുള്ള മടക്കം സാധ്യമാണ്. അതൊരു അനുഗ്രഹമാണ്, കാരണം അതു ദൈവത്തിന്റെ പ്രവൃത്തിയും വിശ്വാസത്തിന്റെ ഫലവുമാണ്. നാം അവന്റെ കരുണയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. പക്ഷേ, ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ഹൃദയത്തിന്റെ അകക്കാമ്പിലേക്കു തുളഞ്ഞുകയറി 'ഹൃദയത്തെ മുറിക്കുന്ന' ശക്തി പ്രദാനം ചെയ്യുമ്പോള്‍ മാത്രമേ ദൈവത്തിലേക്കുള്ള ഈ മടക്കം നമ്മുടെ ജീവിതത്തില്‍ സാധ്യമാകുകയുള്ളൂ.
 
പ്രവാചകന്‍ വീണ്ടും പ്രഘോഷിക്കുന്നു: 'നിങ്ങളുടെ ഹൃദയങ്ങള്‍ കീറിമുറിക്കുക, അല്ലാതെ മുറിക്കേണ്ടതു നിങ്ങളുടെ വസ്ത്രങ്ങളെയല്ല.' ഇന്നു പലരും അപവാദങ്ങള്‍ക്കും അനീതികള്‍ക്കും മേലുള്ള 'വസ്ത്രങ്ങള്‍ കീറിമുറിക്കാന്‍' തയാറാണ്. അതെല്ലാം മറ്റുള്ളവരുടെ പ്രേരണയാലാണ്- പക്ഷേ കുറച്ചുപേര്‍ മാത്രം തങ്ങളെത്തന്നെ ദൈവത്തില്‍ രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും പരിവര്‍ത്തനം ചെയ്യുകയും വഴി സ്വന്തം 'ഹൃദയ'ത്തിനും മനഃസാക്ഷിക്കും വിചാരങ്ങള്‍ക്കുമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകുന്നു.
 
'പൂര്‍ണഹൃദയത്തോടെ എന്നിലേക്കു തിരിച്ചുവരിക' എന്നതു വ്യക്തികള്‍ക്കും സമൂഹത്തിനുമുള്ള ഒരു ഓര്‍മപ്പെടുത്തലാണ്.

Back to Top

Never miss an update from Syro-Malabar Church