നോമ്പ്: വിമോചനത്തിന്റെ ആഘോഷം
ബാഹ്യമായ അനുഷ്ഠാനങ്ങളില്‍നിന്ന് ആന്തരിക ചൈതന്യം നിറഞ്ഞ ആചരണങ്ങളിലേക്കു നോമ്പും ഉപവാസവും രൂപാന്തരപ്പെടണമെന്ന് ആവശ്യപ്പെടുന്ന ഏശയ്യാ പ്രവാചകന്‍ എന്താണു ശരിയായ ഉപവാസത്തിന്റെ ശൈലിയെന്നു വിവരിക്കുന്നുണ്ട്. സമഗ്രവിമോചനത്തിന്റെ കേളികൊട്ടായാണ് അദ്ദേഹം അതിനെ അവതരിപ്പിക്കുന്നത്. ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതാണു യഥാര്‍ഥ ഉപവാസത്തിന്റെ മാര്‍ഗരേഖയെന്നു പ്രവാചകന്‍ സമര്‍ഥിക്കുന്നു (ഏശയ്യാ 58:6). ഇസ്രയേല്‍ ജനതയുടെ ചരിത്രപശ്ചാത്തലത്തിലാണു സമഗ്രവിമോചനത്തിന്റെ ഈ പ്രവാചകശബ്ദം ഉയരുന്നതെങ്കിലും സമകാലിക ജീവിതപശ്ചാത്തലത്തിലും അവ പ്രസക്തമാണെന്നു നാം തിരിച്ചറിയുന്നു.
 
വ്യക്തിജീവിതത്തെ സംബന്ധിച്ചിടത്തോളം ദുഷ്ടതയുടെ എല്ലാ കെട്ടുകളും നന്മയുടെ വാളിനാല്‍ വിച്ഛേദിക്കുകയും പാപത്തിന്റെ എല്ലാ നുകങ്ങളും വിശുദ്ധിയുടെ ചൈതന്യത്താല്‍ തകര്‍ക്കുകയും ചെയ്തു ദൈവദര്‍ശനത്തിന്റെ പുണ്യപാതയിലേക്കു പ്രവേശിക്കാന്‍ നോമ്പാചരണം കാരണമാകുമ്പോഴാണ് അത് ആത്മാവുള്ള അനുഷ്ഠാനമായി മാറുന്നത്.
 
അതോടൊപ്പംതന്നെ സമൂഹജീവിതത്തിലേക്ക് ഈ വിമോചനത്തിന്റെ ചൈതന്യം പ്രസരിപ്പിക്കാന്‍ യഥാര്‍ഥ നോമ്പാചരണത്തിനു കഴിയണം. അക്രമവും അനീതിയും നാട്ടുനടപ്പായി മാറുന്ന ഈ കാലഘട്ടത്തില്‍ അതിനിരയാകുന്നവരുടെ രോദനം പലപ്പോഴും നമ്മുടെ കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നില്ല. നമ്മുടെ സ്വാര്‍ഥതയും അസൂയയും അത്യാഗ്രഹങ്ങളും മൂലം എത്രയോ ജനങ്ങള്‍ സഹനത്തിന്റെ കൊടിയ നുകങ്ങള്‍ പേറുന്നു? അവരിലേയ്ക്കൊക്കെ നമ്മില്‍നിന്നു നന്മയൊഴുകുന്നില്ലെങ്കില്‍ പിന്നെ നോമ്പനുഷ്ഠാനങ്ങള്‍ക്ക് എന്തു പ്രസക്തി? 
 
ചുരുക്കത്തില്‍ പ്രവാചക മനസോടുചേര്‍ന്നു സമൂല പരിവര്‍ത്തനത്തിലേക്കുള്ള രാജപാതയായി നോമ്പാചരണത്തിന്റെ കല്ലും മുള്ളും മാറ്റിയെങ്കില്‍ മാത്രമേ അതിന്റെ അനുഷ്ഠാനങ്ങള്‍ കാമ്പുള്ളതായി തീരുകയുള്ളൂ.

Back to Top

Never miss an update from Syro-Malabar Church