ഫ്രാൻസിസ് പാപ്പ ‘ഏഴാം പിറന്നാളി’ലേക്ക്‌; ശ്രദ്ധിക്കാം ഏഴ് പേപ്പൽ കമന്റുകൾ::Syro Malabar News Updates ഫ്രാൻസിസ് പാപ്പ ‘ഏഴാം പിറന്നാളി’ലേക്ക്‌; ശ്രദ്ധിക്കാം ഏഴ് പേപ്പൽ കമന്റുകൾ
15-March,2019

വത്തിക്കാൻ സിറ്റി: പ്രഭാഷണത്തിനിടെ കുറിക്കുകൊള്ളുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുന്നതിൽ പണ്ടേ വിദഗ്ദ്ധനാണ് നമ്മുടെ ഫ്രാൻസിസ് പാപ്പ. ബുവനസ് ഐരിസിൽ കർദിനാളായിരിക്കേ അദ്ദേഹം വൈദികർക്ക് കൊടുത്ത ഒരു ഉപദേശം ഇതിന് ഉദാഹരണമാണ്: ‘ആത്മീയമേഖലയിലെ കരിയറിസം ആത്മീയവങ്കത്തമാണ്. അച്ചന് വികാരിയച്ചനാകണം, വികാരിക്ക് മെത്രാനാകണം, മെത്രാന് കർദിനാൾ, അങ്ങനെ പാപ്പാവരെ. ഇത്തരം ആത്മീയപൊങ്ങച്ചത്തെ പീലി വിടർത്തിയാടുന്ന ആൺമയിലിനോടാണ് ഉപമിക്കാവുന്നത്. മുന്നിൽനിന്ന് നോക്കുമ്പോൾ അത് മനോഹരമായ കാഴ്ചയാണ്. എന്നാൽ, മയിലിന്റെ പുറകിൽനിന്ന് നോക്കിയാലോ? മഹാ വൃത്തികേടും.’
 
കുറിക്കുകൊള്ളുന്ന വാക്യങ്ങളും ഉപദേശങ്ങളുംകൊണ്ട് സമ്പന്നമാണ് ഫ്രാൻസിസ് പാപ്പയുടെ പ്രഭാഷണങ്ങളെല്ലാം. അതിൽ പലതും സോഷ്യൽ നെറ്റ്വർക്കുകളിലൂടെ സ്ഥലകാലപരിമിതികളെ മറികടന്ന് പ്രചരിക്കുന്നുമുണ്ട്. അതിൽനിന്ന് തിരഞ്ഞെടുത്ത ഏഴ് കമന്റുകൾ ശ്രദ്ധിക്കാം, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട (2013 മാർച്ച് 13) അദ്ദേഹം പേപ്പസിയുടെ ഏഴാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ.
 
*   ഞാനൊരു പാപിയാണ്. ഇതാണ് ഞാൻ ആരെന്നുള്ളതിന് കൃത്യമായ നിർവചനം. ഇതൊരു അലങ്കാരിക പ്രയോഗമല്ല. സത്യമായും ഞാനൊരു പാപിയാണ്. ദൈവം കരുണാപൂർവം തൃക്കൺപാർത്ത ഒരു പാപി.
 
*   സഭാമേലദ്ധ്യക്ഷന്മാർ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട്, കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളിൽ കോൾമയിർ കൊള്ളുന്ന ആത്മാനുരാഗികൾ. ഈ കൊട്ടാര വിദൂഷകരാണ് പേപ്പസിയുടെ കുഷ്ഠരോഗം.
 
*   ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു; പക്ഷെ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമില്ല; വെറും ദൈവമേയുള്ളൂ.
 
*   അജപാലകരെയാണ് ദൈവജനത്തിനാവശ്യം. അല്ലാതെ സർക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന പുരോഹിതരെയല്ല.
 
*   സഭ എല്ലാവരുടെയും ഭവനമായിരിക്കണം. അല്ലാതെ വളരെ കുറച്ച് തിരഞ്ഞെടുക്കപ്പെട്ടവരെമാത്രം ഉൾക്കൊള്ളാനാവുന്ന ചെറിയൊരു കപ്പേളയല്ല അത്.
 
*   യുദ്ധാനന്തരം യുദ്ധക്കളത്തിൽ സ്ഥാപിതമായിരിക്കുന്ന ഒരു ആശുപത്രിയായാണ് ഞാൻ സഭയെ കാണുന്നത്. മാരകമായി പരുക്കേറ്റിരിക്കുന്ന ഒരുവനോട് അവന്റെ കൊളസ്ട്രോൾ കൂടുതലാണോ, ബ്ലഡ് ഷുഗറിന്റെ അളവെത്രയാണ് എന്നൊക്കെ ചോദിക്കുന്നത് ഉപകാരപ്രദമല്ല. അവന്റെ മുറിവുകളെയാണ് നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത്.
 
*   ഒരു സ്ത്രീയായ മറിയം സഭയിൽ മെത്രാന്മാരെക്കാൾ പ്രാധാന്യമുള്ളവളാണ്.
 

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church