സമർപ്പിതർ ദൈവവിളി തിരിച്ചറിയണം: പാപ്പ::Syro Malabar News Updates സമർപ്പിതർ ദൈവവിളി തിരിച്ചറിയണം: പാപ്പ
14-March,2019

വത്തിക്കാൻ സിറ്റി: ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിച്ച് ദൈവവിളി തിരിച്ചറിയുന്നവരായിരിക്കണം സമർപ്പിതരെന്ന് ഫ്രാൻസിസ് പാപ്പ. അവിടുത്തെ വിളിയോട് പ്രത്യുത്തരിക്കാനുള്ള ധൈര്യവും അതിനുവേണ്ടി എന്തുംചെയ്യാനുള്ള  മനക്കരുത്തും ആർജ്ജിക്കണം. ദൈവവിളിക്കായുള്ള പ്രാർത്ഥനാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
 
ദൈവവിളി സ്വീകരിക്കുന്നവർ വലിയ പ്രതിസന്ധി നേരിടുന്ന കാലമാണിത്. അതായത് ജീവിതത്തിന്റെ എല്ലാ സുഖവും സൗകര്യങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ചാണ് സുപ്രധാനമായ ദൈവവിളിക്ക് കാതോർക്കുന്നതും തീരുമാനമെടുക്കുന്നതും. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളോട് ഏറ്റവും ധൈര്യത്തോടെയും വിശ്വസ്തതയോടെയും പ്രതികരിക്കാൻ വിളിക്കപ്പെട്ടവരുമാണ് സന്യസ്തരെന്നും പാപ്പ പറഞ്ഞു.
 
ദൈവവിളിയുടെ അനന്തതയിലേയ്ക്ക് കണ്ണുനട്ടിരിക്കാതെ കർത്താവിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചുകൊണ്ട് നിസംശയം തീരുമാനങ്ങളെടുക്കണം. ഈ തീരുമാനങ്ങളാണ് ദൈവരാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന തരത്തിൽ നമ്മുടെ വ്യക്തിപരമായ ക്രിസ്തീയജീവിതയാത്രയക്ക് ശരിയായ ലക്ഷ്യം നൽകുന്നത്. പ്രതിസന്ധികൾ ഉണ്ടെങ്കിൽകൂടിയും അവിടെ വിശ്വസ്തതയോടുകൂടി ദൈവത്തിന്റെ വിളിക്ക് അനുസരിച്ച് ജീവിക്കുവാൻ നമുക്ക് കഴിയണം.
 
അതേസമയം നമ്മുടെ വിളിയെ വിവേചിച്ചറിയുകയും നേരായ വഴിയിൽ ചലിക്കുകയും അത്ര എളുപ്പകരമല്ല. അതിന് ആഴമായ പ്രാർത്ഥനയും ദൈവാനുഗ്രഹവും കൂടിയേതീരു. ഓരോ ദൈവവിളിയും ഈശോയെ അനുകരിക്കാനും നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷത്തിനും നന്മയ്ക്കുമായി അവിടുന്ന് നമ്മെ തെരഞ്ഞെടുത്തിരിക്കുകയാണെന്നുമുള്ള തിരിച്ചറിവാണെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church