ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി
06-March,2019

ലിതെർലാൻഡ്/ലിവർപൂൾ: ലോകമെമ്പാടുമുള്ള ക്രൈസ്തവവിശ്വാസികൾ വലിയനോമ്പിലേക്കു പ്രവേശിക്കുന്ന ഈ ആഴ്ചയിൽ, സീറോ മലബാർ ക്രമത്തിൽ "വിഭൂതി തിങ്കൾ' ആചരണം മാർച്ച് നാലിന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക/മിഷൻ/പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ ഭക്തിനിർഭരമായി ആചരിച്ചു. 
 
ഔർ ലേഡി ഓഫ് പീസ് ലിതെർലാൻഡ് ഇടവകയിലെ ശുശ്രൂഷകൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്കിടയിൽ സുവിശേഷസന്ദേശത്തിനുശേഷം അനുതാപത്തിന്‍റെ യും പശ്ചാത്താപത്തിന്‍റെയും അടയാളമായി നെറ്റിയിൽ ചാരം പൂശൽ തിരുക്കർമ്മവും നടന്നു. വികാരി ഫാ. ജിനോ അരീക്കാട്ട് MCBS, ഫാ. ആന്‍റണി പങ്കിമാലിൽ വിസി, ഫാ. ജോസ് പള്ളിയിൽ വിസി, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമികരായിരുന്നു. വൈകുന്നേരം 6.30 ന് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ സംബന്ധിച്ചു. 
 
ഈശോ നൽകുന്ന പ്രചോദനങ്ങളോട് അതെ എന്നും ആമ്മേൻ എന്നും പറയാനും പിശാചിന്‍റെ പ്രലോഭനങ്ങളോട് വേണ്ട എന്നും ഇല്ല എന്നും പറയാനുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നതെന്ന് വചനസന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഈശോയുടെ അമ്മയായ പരിശുദ്ധ മറിയം ജീവിതകാലം മുഴുവൻ ദൈവത്തോട് ആമ്മേൻ പറഞ്ഞ വ്യക്തിയാണന്നും ആദ്ദേഹം അനുസ്മരിച്ചു. 
 
രൂപതയുടെ വിവിധ ഭാഗങ്ങളിൽ വൈദികരുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഭക്തിപൂർവം വിഭൂതി തിരുനാൾ ആചരിച്ചു. പ്രെസ്റ്റൺ കത്തീഡ്രലിൽ വൈകുന്നേരം ആറിനും ലീഡ്‌സിൽ 6.30 നും ഇപ്‌സ്‌വിച്ചിൽ 6 നും ലിവർപൂളിലെ വിസ്റ്റണിൽ 6. 30 നും കാർഡിഫിൽ 7 നുമായിരുന്നു തിരുക്കർമ്മങ്ങൾ. പീറ്റർബറോയിൽ ഫാ. ഫിലിപ്പ് പന്തമാക്കലും ഡെർബിയിൽ ഫാ. വിൽഫ്രഡ് പെരേപ്പാടനും നോട്ടിംഗ്ഹാമിൽ ഫാ. ബിജു കുന്നയ്‌ക്കാട്ടും തിരുക്കർമങ്ങളിൽ മുഖ്യകാർമികരായി. കുട്ടികളുൾപ്പെടെയുള്ളവർക്കു പങ്കെടുക്കാനുള്ള സൗകര്യത്തിനായി മിക്കയിടങ്ങളിലും വൈകിട്ടായിരുന്നു തിരുക്കർമ്മങ്ങൾ. 
 
"പെതുർത്ത' ഞായറാഴ്ചയുടെ പിറ്റേദിവസം (വിഭൂതി തിങ്കൾ ) മുതൽ ദുഃഖശനി വരെ നീളുന്ന അമ്പതു ദിവസങ്ങളാണ് സീറോ മലബാർ വിശ്വാസികൾ വലിയനോമ്പായി ആചരിക്കുന്നത്. ലത്തീൻ ക്രമത്തിൽ വിഭൂതി ബുധനാഴ്ചയാണ് വലിയനോമ്പ്‌ ഔദ്യോഗികമായി ആരംഭിക്കുന്നത്. പരസ്യജീവിതത്തിനു മുൻപായി നാല്പതു രാവും നാല്പതു പകലും ഈശോ മരുഭൂമിയിൽ ഉപവസിച്ചതിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്പതു നോമ്പ് ആരംഭിച്ചത്. ബൈബിളിലെ പഴയ നിയമത്തിൽ, നിനിവേ രാജ്യത്തിലെ ജനങ്ങൾ, യോനാ പ്രവാചകന്‍റെ മാനസാന്തരാഹ്വാനം ശ്രവിച്ചു ചാക്കുടുത്തു ചാരം പൂശി അനുതപിച്ചതിനെ മാതൃകയാക്കിയാണ് വിഭൂതിത്തിരുനാളിൽ വിശ്വാസികൾ നെറ്റിയിൽ ചാരം പൂശി അനുതാപം പ്രകടിപ്പിക്കുന്നത്. അമ്പതുനോമ്പിന്‍റെ ദിവസങ്ങളിൽ ഉപവാസം, ദാനധർമ്മം, പ്രാർഥന എന്നിവയ്ക്കാണ് വിശ്വാസികൾ പ്രാമുഖ്യം കൽപ്പിക്കുന്നത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church