കേരളസഭ (വസ്തുക്കളും സ്ഥാപനങ്ങളും) ബില്‍ 2019 സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍::Syro Malabar News Updates കേരളസഭ (വസ്തുക്കളും സ്ഥാപനങ്ങളും) ബില്‍ 2019 സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍
01-March,2019

പ്രിയ സഹോദരങ്ങളേ, 
 
കേരള നിയമപരിഷ്കരണ കമ്മീഷന്‍ ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍) ബില്‍ 2019 എന്ന പേരില്‍, പ്രസ്തുത കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡ്രാഫ്റ്റ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ സാഹചര്യത്തില്‍ കേരളത്തിലെ കത്തോലിക്കാസഭയുടെ പ്രതികരണം ഏവരുടെയും ശ്രദ്ധയിലേക്ക് അറിയിക്കുന്നു.
 
കേരളത്തിലെ ക്രൈസ്തവസഭകളുടെ വസ്തുക്കളും സ്ഥാപനങ്ങളും ഫണ്ടുകളും സത്യസന്ധവും സുതാര്യവുമായ വിധത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ഇക്കാര്യത്തില്‍ തെറ്റായ എന്തെങ്കിലും നടപടികളുണ്ടായാല്‍ അതിനു പരിഹാരമുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ചര്‍ച്ച് ബില്‍ 2019 കൊണ്ടുവരുന്നതെന്നാണ് അതിന്‍റെ ഡ്രാഫ്റ്റില്‍ പറഞ്ഞിട്ടുള്ളത്. ക്രൈസ്തവസഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് നിലവില്‍ നിയമങ്ങളില്ലാത്ത പശ്ചാത്തലത്തിലും, സഭയുടെ സ്വത്തുക്കള്‍ ശരിയായ മണ്ഡലങ്ങളില്‍ ആലോചനകൂടാതെ അന്യാധീനപ്പെടുത്തുകയും പണയപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ സഭയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ഭക്തരുടെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് പ്രസ്തുത ബില്ലെന്നും, ഇപ്പോള്‍ സഭാസ്വത്തുക്കളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്ന നിയമസംവിധാനമില്ല എന്നും, സഭാസ്വത്തുക്കളുടെ കൈമാറ്റങ്ങളെയും ദുരുപയോഗത്തെയും കുറിച്ച് പരാതിപ്പെടാന്‍ ഭക്തര്‍ക്ക് ഒരു വേദിയില്ല എന്നും ബില്ലിന്‍റെ ലക്ഷ്യങ്ങളെയും കാരണങ്ങളെയും കുറിച്ചുള്ള പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു. സഭയുടെ അത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു നിയമം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാരിനു ബോധ്യമായതിനാലാണ് പ്രസ്തുത ബില്ലെന്നും പറഞ്ഞിരിക്കുന്നു.
 
ഇക്കാരണങ്ങളാല്‍, സര്‍ക്കാര്‍ പ്രസ്തുത ആവശ്യങ്ങള്‍ക്കായി ഒരു ട്രൈബ്യൂണല്‍ സ്ഥാപിക്കുമെന്നും, സഭകളുടെ വസ്തുവകകളുടെയും ഫണ്ടിന്‍റെയും കൈകാര്യത്തെക്കുറിച്ചുള്ള ഏതു തര്‍ക്കത്തെ സംബന്ധിച്ചും ആ സഭാവിഭാഗം സ്വീകരിച്ച തീരുമാനംകൊണ്ടു തൃപ്തിപ്പെടാത്ത ഏതൊരു സഭാംഗത്തിനും പ്രസ്തുത ട്രൈബ്യൂണലില്‍ പരാതി നല്കാവുന്നതാണെന്നും, തര്‍ക്കവിഷയത്തില്‍ ട്രൈബ്യൂണലിന്‍റെ തീരുമാനം അന്തിമമായിരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നു. 
 
ഇപ്രകാരം ഒരു നിയമമുണ്ടാക്കുന്നതിന് ന്യായീകരണമായി നിര്‍ദ്ദിഷ്ടബില്ലില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ ഒരു നിയമവുമില്ല എന്നു പറഞ്ഞിരിക്കുന്നത് തെറ്റാണ്. കത്തോലിക്കാസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഈ രാജ്യത്തുനിലവിലുള്ള സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. ഏതെങ്കിലും നിയമലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട സഭാധികാരികളെയോ, സിവില്‍ കോടതികളെയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഇപ്പോള്‍തന്നെ നിലവിലുണ്ട്. സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സുതാര്യമായും നീതിപൂര്‍വ്വമായും കൈകാര്യം ചെയ്യുന്നതിനും, ദുരുപയോഗമോ, ദുര്‍ഭരണമോ ഉണ്ടായാല്‍ പരിഹാരമുണ്ടാക്കുന്നതിനും ഒരു പുതിയനിയമം വേണം എന്ന തെറ്റായ അടിസ്ഥാനത്തിലാണ് നിര്‍ദ്ദിഷ്ടബില്‍ തയ്യാറാക്കിയിരിക്കുന്നത്. കത്തോലിക്കാ സഭയോ സഭാംഗങ്ങളായ വിശ്വാസികളുടെ ഏതെങ്കിലും അംഗീകൃത സംഘടനയോ പ്രസ്ഥാനമോ ഇങ്ങനെ ഒരു നിയമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ഒരു പുതിയ നിയമത്തിന്‍റെ ആവശ്യകത അവര്‍ക്കാര്‍ക്കും അനുഭവപ്പെട്ടിട്ടില്ല, ബോധ്യപ്പെട്ടിട്ടുമില്ല. ക്രൈസ്തവസഭകളെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ താല്പര്യമുള്ളതുകൊണ്ടോ, വ്യക്തിപരമായ കാരണങ്ങളാല്‍ സഭയോടും സഭാധികാരികളോടും വിദ്വേഷംവച്ചുപുലര്‍ത്തുന്നതുകൊണ്ടോ, മറ്റു നിക്ഷിപ്ത താത്പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മര്‍ദ്ദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സഭയിലെ അസംതൃപ്തരും ഒറ്റപ്പെട്ടവരുമായ ചിലരുടെമാത്രം ശബ്ദമാണ്; സഭാവിശ്വാസികളുടെ പൊതു അഭിപ്രായമല്ല. അത്തരക്കാര്‍ ആവശ്യപ്പെട്ടന്ന പേരില്‍ ഒരു പുതിയനിയമം നിര്‍ദ്ദേശിക്കാന്‍ മുതിര്‍ന്ന നിയമപരിഷ്കരണ കമ്മീഷന്‍റെ നടപടി ആശങ്കാജനകവും അതിനുപിന്നിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദവുമാണ്.
 
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ അടിസ്ഥാനഘടനയും അടിസ്ഥാനസ്വഭാവങ്ങളും മാറ്റത്തക്കവിധം ഇന്ത്യയുടെ ഭരണഘടന ഭേദഗതിചെയ്യാന്‍ പാര്‍ലിമെന്‍റിനുപോലും അധികാരമില്ല എന്ന്  സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ മതേതരത്വം ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമാണ്.
 
ഇന്ത്യന്‍ റിപ്പബ്ലിക്കിന് മതേതര സ്വഭാവം നല്കുന്ന ഭരണഘടനയിലെ സുപ്രധാന വകുപ്പുകളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 26. പ്രസ്തുത വകുപ്പുപ്രകാരം ഓരോ മതത്തിനും അല്ലെങ്കില്‍ അതിന്‍റെ ഏതു വിഭാഗത്തിനും പൊതുവായ ക്രമസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവയ്ക്കു വിധേയമായി താഴെപ്പറയുന്ന അവകാശങ്ങള്‍ ഉണ്ടായിരിക്കും: 
എ) മതപരവും പരസ്നേഹപ്രവര്‍ത്തനപരവുമായ ലക്ഷ്യങ്ങളുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും                       നടത്തിക്കൊണ്ടുപോകാനും ഉള്ള അവകാശം,
ബി) മതവുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ സ്വയം കൈകാര്യം ചെയ്യാനുള്ള അവകാശം,
സി) ജംഗമവസ്തുക്കളും സ്ഥാവരവസ്തുക്കളും സമ്പാദിക്കാനും ഉടമസ്ഥത നിലനിര്‍ത്താനുമുള്ള അവകാശം,
ഡി) അത്തരം വസ്തുക്കള്‍ നിയമാനുസൃതം ഭരിക്കാനും പരിപാലിക്കാനുമുള്ള അവകാശം. 
 
സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തമാക്കി വയ്ക്കാനും സമ്പാദിക്കാനുമുള്ള അവകാശം മാത്രമല്ല ആര്‍ട്ടിക്കിള്‍ 26 ഉറപ്പു നല്കുന്നത്; പ്രത്യുത, നിയമാനുസൃതം അവയെ ഭരിക്കാനുള്ള അവകാശവുമാണ്. ആര്‍ട്ടിക്കിള്‍ 26 ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളെ, പൊതുക്രമസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവയൊഴികെ മറ്റൊരു കാരണത്തിന്‍റെയും പേരില്‍ നിഷേധിക്കാനോ പരിമിതിപ്പെടുത്താനോ നിയന്ത്രിക്കാനോ സര്‍ക്കാരിനും നിയമനിര്‍മ്മാണസഭയ്ക്കും അധികാരമില്ല. ബില്ലിന്‍റെ പ്രഖ്യാപിത ലക്ഷ്യം പൊതുക്രമസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവയുടെ സംരക്ഷണമല്ല. ബില്ലിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രസ്താവനയില്‍ പൊതുക്രമസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളതായി ചൂണ്ടിക്കാണിച്ചിട്ടില്ല. അതുകൊണ്ട്, തികച്ചും ഭരണഘടനാവിരുദ്ധമായ ഒരു നിയമമുണ്ടാക്കി ക്രൈസ്തവസഭകളുടെ ഭരണഘടനാദത്തമായ മൗലികാവകാശങ്ങളെ നിഷേധിക്കാനും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും മേല്‍ വിശ്വാസികളല്ലാത്തവരുടെ നിയന്ത്രണം ഏര്‍പ്പെടുത്താനുമുള്ള ഗൂഢശ്രമം ഈ ബില്ലിനു പിന്നിലുണ്ട്. നിലവില്‍ സഭവകസ്വത്തുക്കളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്ന നിയമസംവിധാനവും, അത്തരം കൈമാറ്റങ്ങളെയും ദുരുപയോഗത്തെയും കുറിച്ച് പരാതിപ്പെടാന്‍ വേദികളും ഇല്ല എന്ന കാരണമാണ് ബില്ലില്‍ പറഞ്ഞിട്ടുള്ളത്. ഇത് വസ്തുതാ വിരുദ്ധമാണ്. സഭാവസ്തുക്കളുടെ ഭരണത്തെയും കൈമാറ്റത്തെയും സംബന്ധിക്കുന്ന കാനന്‍ നിയമങ്ങളുണ്ട്. പ്രസ്തുത കാനന്‍ നിയമങ്ങളനുസരിച്ച് ഭരണം നടത്താന്‍ സഭയ്ക്ക് മൗലികാവകാശമുണ്ട്. കാനന്‍ നിയമത്തിലെ അത്തരം വ്യവസ്ഥകളും അവയുടെ പ്രയോഗവും പൊതുക്രമസമാധധാനത്തിനും ധാര്‍മികതയ്ക്കും ആരോഗ്യത്തിനും എതിരാണെങ്കില്‍ മാത്രമേ സ്റ്റേറ്റിന് ഇടപെടാന്‍ കഴിയുകയുള്ളൂ. നിര്‍ദ്ദിഷ്ട ബില്ലില്‍ അത്തരം ആരോപണങ്ങളൊന്നുമില്ല. മാത്രവുമല്ല,  മതവിഭാഗങ്ങളുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്തെ നിയമങ്ങളുടെലംഘനം എന്തെങ്കിലും ഉണ്ടായാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ത്തന്നെ നിയമങ്ങളുണ്ട്. 
 
സഭാസ്വത്തുക്കളുടെ രജിസ്ട്രേഷന്‍, ട്രാന്‍സ്ഫര്‍, ഇന്‍ഹറിറ്റന്‍സ് മുതലായവയും ഫീസ്ഒടുക്കല്‍, നികുതിഒടുക്കല്‍ എന്നിവയും അവയെ സംബന്ധിച്ച സിവില്‍ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് നടത്തേണ്ടത്. ആ വകകാര്യങ്ങള്‍ പാലിക്കപ്പെടുന്നുമുണ്ട്. രാജ്യത്തിന്‍റെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നിര്‍ദ്ദേശിക്കുന്ന രജിസ്ട്രേഷനുകളും അനുവാദങ്ങളും ലഭ്യമാക്കിയും കാലാകാലങ്ങളില്‍ നടപ്പില്‍ വരുന്ന ഓഡിറ്റുനിയമങ്ങള്‍ കൃത്യമായി പാലിച്ചും ചട്ടപ്രകാരമുള്ള റിട്ടേണുകളും രേഖകളും സമര്‍പ്പിച്ചും നിയമാനുസരണമുള്ള അടവുകളും ഫീസുകളും ഒടുക്കിയും രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് സഭാവകസ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതും സ്ഥാപനങ്ങള്‍ നടത്തുന്നതും.
 
ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 26-ന്‍റെ വെളിച്ചത്തില്‍ മതവിഭാഗത്തിന്‍റെ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കേണ്ടത് എങ്ങനെയെന്നും ആരെന്നും നിശ്ചയിക്കേണ്ടത് അതിലെ അംഗങ്ങളാണ്. സ്റ്റേറ്റിനോ ബാഹ്യശക്തികള്‍ക്കോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. സഭയുടെ ഏതെങ്കിലും ഒരംഗത്തിന് ഇപ്പോഴത്തെ വ്യവസ്ഥിതി തൃപ്തികരമല്ലെങ്കില്‍ അയാള്‍ തന്‍റെ വീക്ഷണം സഭയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ പരിശ്രമിക്കണം. ഉചിതമായ വേദികളില്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കണം. അവയില്‍ സഭയുടെ നിയമങ്ങള്‍ അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തിയോ സംഘമോ തീരുമാനമെടുക്കണം. പാരിഷ് കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, ഫിനാന്‍സ് കൗണ്‍സില്‍ തുടങ്ങിയ സഭയ്ക്കുള്ളിലെ ജനാധിപത്യസംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തണം. അതിന് ശ്രമിക്കാത്തവരും ശ്രമിച്ചു പരാജയപ്പെട്ടവരും സര്‍ക്കാരിന് ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നത് ന്യായമല്ല; നീതിയല്ല, ജനാധിപത്യവിരുദ്ധവുമാണ്.
 
കൂടാതെ, ജനാധിപത്യത്തെ സംബന്ധിച്ച രാഷ്ട്രീയ സങ്കല്പം കുടുംബങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍,                      അസോസിയേഷനുകള്‍, മതവിഭാഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പൂര്‍ണമായും പ്രയോഗിക്കാന്‍ സാധ്യമല്ല. സഭയിലെ ഇപ്പോഴത്തെ സമ്പ്രദായം കാലത്തിന്‍റെ പരീക്ഷയ്ക്കു വിധേയമായിട്ടുള്ളതാണ്. സഭയുടെ ഏതെങ്കിലും അംഗീകൃതസമിതിയോ ഫോറമോ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള പുതിയ സമ്പ്രദായം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായി വന്നാല്‍, അവ സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് സഭതന്നെയാണ്. 
 
കൂടുതല്‍ ജനാധിപത്യമോ കാര്യക്ഷമതയോ വളര്‍ത്താനെന്ന ഭാവേന പുതിയ നിയമനിര്‍മാണം നടത്താന്‍ സ്റ്റേറ്റിന് അധികാരമില്ല. കൂടാതെ, ബില്ലില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകള്‍ ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നാണ് സഭാവിശ്വാസികളുടെ നിരീക്ഷണം.
 
വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളും അവയെ ബാധിക്കുന്ന നിയമങ്ങളും ചൂണ്ടിക്കാട്ടി ക്രൈസ്തവരുടെ കാര്യത്തില്‍ സമാനസംവിധാനങ്ങള്‍ എന്തുകൊണ്ട് പാടില്ല എന്നു ചോദിക്കുന്നത് യുക്തിസഹമല്ല. വഖഫ് ബോര്‍ഡുകളും ദേവസ്വം ബോര്‍ഡുകളും സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല ക്രൈസ്തവസഭകളുടെ സ്വത്തിന്‍റെയും സ്ഥാപനങ്ങളുടെയും കാര്യത്തില്‍ നിലവിലുള്ളത്. ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള മതപരമായ അവകാശങ്ങളും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സുതാര്യവും നീതിപൂര്‍വ്വകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവില്‍ നിയമങ്ങളും ക്രൈസ്തവ സഭകളുടെ സ്വത്തുചോദിക്കുന്നത് യുക്തിസഹമല്ല. വഖഫ് ബോര്‍ഡുകളും ദേവസ്വം ബോര്‍ഡുകളും സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല ക്രൈസ്തവസഭകളുടെ സ്വത്തിന്‍റെയും സ്ഥാപനങ്ങളുടെയും കാര്യത്തില്‍ നിലവിലുള്ളത്. ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള മതപരമായ അവകാശങ്ങളും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സുതാര്യവും നീതിപൂര്‍വ്വകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവില്‍ നിയമങ്ങളും ക്രൈസ്തവ സഭകളുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തില്‍ അത്തരം സംവിധാനങ്ങളെ അനാവശ്യവും അപ്രസക്തവുമാക്കുന്നു. 
 
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബില്ല് നിയമമായിത്തീര്‍ന്നാല്‍ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ സമാധാനപൂര്‍ണവും ക്രമാനുസൃതവുമായ ഭരണം തര്‍ക്കങ്ങള്‍കൊണ്ടും വ്യവഹാരങ്ങള്‍കൊണ്ടും നശിപ്പിക്കപ്പെടുമെന്നതില്‍ സംശയമില്ല. സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം സഭാധികാരികളുടെ കൈയില്‍ നിന്നെടുത്ത് സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢലക്ഷ്യം ഈ ബില്ലിന്‍റെ പിറകിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
 
ഇത്തരം ഒരു നിയമമുണ്ടാക്കുന്നതിന് സര്‍ക്കാരിനുതന്നെ ഉദ്ദേശ്യമില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 26 ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നതും, ഭരണഘടനയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതനിരപേക്ഷതയുടെ ചൈതന്യത്തിനു നിരക്കാത്തതും, സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സമാധാനപൂര്‍ണമായ നടത്തിപ്പിന് വിഘാതമുണ്ടാക്കുന്നതുമായ ഇത്തരം ഒരു നിയമനിര്‍മ്മാണ ശ്രമത്തില്‍നിന്നും കേരളനിയമപരിഷ്കരണ കമ്മീഷന്‍ പിന്മാറണം.
 
നിയമ പരിഷ്കരണകമ്മീഷന്‍ പ്രസിദ്ധീകരിച്ച ബില്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നുമെങ്കിലും, അതിന്‍റെ പരിണിതഫലങ്ങള്‍ അതീവഗുരുതരമാണ്. ഇത്തരം  ഒരു നീക്കം നിയമപരിഷ്കരണ              കമ്മീഷനില്‍ നിന്നുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. എന്നിരുന്നാലും, കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരം സഭയുടെ നിലപാട് നിശ്ചിത സമയപരിധിക്കുള്ളില്‍ കമ്മീഷനെ അറിയിക്കുന്നതാണ്. നിര്‍ദ്ദിഷ്ട ബില്‍ നല്കുന്ന അപകടസൂചനകളും, ഉയര്‍ത്തുന്ന വെല്ലുവിളികളും മനസ്സിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ വിശ്വാസികളെയും പൊതുസമൂഹത്തെയും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
 
സ്നേഹാദരങ്ങളോടെ, 
 
ആര്‍ച്ചുബിഷപ് ഡോ. എം. സൂസ പാക്യം
പ്രസിഡന്‍റ്, കെസിബിസി
 
ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്തം               ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്
വൈസ് പ്രസിഡന്‍റ്, കെസിബിസി                               സെക്രട്ടറി ജനറല്‍, കെസിബിസി
 
 
 
 

Source: KCBC

Attachments
Back to Top

Never miss an update from Syro-Malabar Church