ആശങ്കവേണ്ടെങ്കില്‍ ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍::Syro Malabar News Updates ആശങ്കവേണ്ടെങ്കില്‍ ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ കമ്മീഷന്‍ തയ്യാറാകണം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
28-February,2019

കൊച്ചി: ചര്‍ച്ച്ബില്ലിനെക്കുറിച്ച് ആശങ്കവേണ്ടെന്നുള്ള നിയമപരിഷ്കരണ കമ്മീഷന്‍റെ ഔദ്യോഗിക പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മാര്‍ച്ച് 8നു മുമ്പായി കരട് ചര്‍ച്ച്ബില്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട ബില്ലിനെക്കുറിച്ച് ക്രൈസ്തവ വിശ്വാസികളുടെ പൊതുവികാരം നിയമപരിഷ്കരണ കമ്മീഷന് ഇതിനോടകം ബോധ്യപ്പെട്ട സ്ഥിതിക്ക് മാര്‍ച്ച് 7, 8 തീയതികളില്‍ കോട്ടയത്തുചേരുന്ന കമ്മീഷന്‍ സിറ്റിംഗും ഒഴിവാക്കണം. കരടുബില്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശാനുസരണമോ താല്പര്യപ്രകാരമോ തയ്യാറാക്കിയതല്ലന്നുള്ള കമ്മീഷന്‍ വെളിപ്പെടുത്തല്‍ മുഖവിലയ്ക്കെടുക്കുവാന്‍ ക്രൈസ്തവര്‍ക്കാവില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് നിയമമാക്കാന്‍ ശ്രമിച്ച ചര്‍ച്ച് ആക്ട് 2009ന്‍റെ അനുഭവം വിശ്വാസിസമൂഹത്തിനുണ്ട്. കൂടാതെ നിയമങ്ങളും ക്ഷേമപദ്ധതികളും അട്ടിമറിച്ച സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും ക്രൈസ്തവരെ നിരന്തരം വേട്ടയാടുകയാണ്. ഈ നീതി നിഷേധവും ഭരണഘടനാലംഘനവും ഇനിയും അനുവദിച്ചുകൊടുക്കാനാവില്ല. ജനാധിപത്യരാജ്യത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ജനങ്ങളുടെയും രാജ്യത്തിന്‍റെയും നډയ്ക്കും ക്ഷേമത്തിനും വേണ്ടിയായിരിക്കണം. ലോകം മുഴുവന്‍ സാന്നിധ്യമായ ക്രൈസ്തവ സഭയെ പുത്തന്‍ നിയമനിര്‍മ്മാണത്തിലൂടെ ഇന്ത്യയുടെ തെക്കേ കോണിലുള്ള കേരളത്തില്‍ കൂച്ചുവിലങ്ങിടുവാന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. പൊതുതെരഞ്ഞെടുപ്പ് ആഗതമായിരിക്കുമ്പോള്‍ വിവാദങ്ങളിലൂടെ അനാവശ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാരിനെപ്പോലും വെട്ടിലാക്കാന്‍ മാത്രമാണ് നിയമപരിഷ്കരണ കമ്മീഷന് കരടുബില്ലുകൊണ്ട് സാധിച്ചിരിക്കുന്നതെന്നും ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ വരുംനാളുകളില്‍ പ്രതിഫലിക്കാനുള്ള സാധ്യതകള്‍ ഭരണനേതൃത്വങ്ങള്‍ തള്ളിക്കളയേണ്ടന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി, സിബിസിഐ.


Source: KCBC Council for laity

Attachments
Back to Top

Never miss an update from Syro-Malabar Church