സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ക്രൈസ്തവ അവഹേളനംഅതിരുകടക്കുന്നു:ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍::Syro Malabar News Updates സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ക്രൈസ്തവ അവഹേളനംഅതിരുകടക്കുന്നു:ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
23-February,2019

കൊച്ചി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ക്രൈസ്തവ അവഹേളനവും നീതിനിഷേധവും അതിരുകടക്കുന്നുവെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ മുന്നോട്ടുവരണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.
അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുംമൂലം ജീര്‍ണ്ണിച്ചിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ സമുദായത്തിന് അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികള്‍ പോലും നിരന്തരം അട്ടിമറിക്കുന്നത് അപലപനീയവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.  
2011ലെ മതം തിരിച്ചുള്ള ജനസംഖ്യക്കണക്കാണ് ഇപ്പോള്‍ രാജ്യത്ത് ന്യൂനപക്ഷനിര്‍ണ്ണയത്തിന് ആധാരവും വിവിധ പദ്ധതികള്‍ക്ക് അടിസ്ഥാനവും. കേരളത്തില്‍ ജനസംഖ്യയുടെ 54.73% ഹിന്ദുക്കള്‍, 26.56% മുസ്ലീം, 18.38% ക്രിസ്ത്യാനി എന്ന രീതിയിലാണ് അനുപാതം. അതായത് ആകെ ജനസംഖ്യ 3.34,06061. ഹിന്ദുക്കള്‍ 1,82,82,492, മുസ്ലീം 88,73,472, ക്രിസ്ത്യാനി 61,41,269. സിക്ക്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങള്‍ വളരെ കുറവാണ്. ജനസംഖ്യാക്കണക്കുപ്രകാരം മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷപ്രാതിനിധ്യത്തിനും  ക്ഷേമപദ്ധതിവിഹിതത്തിനും 59:41 അനുപാതമാണ് ലഭ്യമാകേണ്ടത്. എന്നാല്‍ ഈ അനുപാതം മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം അട്ടിമറിക്കുന്നത് ക്രൈസ്തവ സമുദായനേതൃത്വങ്ങള്‍ ഗൗരവമായി കാണണം.  
കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള മള്‍ട്ടിസെക്ടറല്‍ ഡവലപ്പ്മെന്‍റ് പ്രോഗ്രാം ഇപ്പോള്‍ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം എന്ന പേരിലാണ് നടപ്പിലാക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ഈ പതിനഞ്ചിനപദ്ധതിക്കായുള്ള ജില്ലാസമിതി രൂപീകരണത്തിലെ ക്രൈസ്തവ പ്രാതിനിധ്യം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നു. 13 ജില്ലകളിലായി 39 പ്രതിനിധികളെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുമ്പോള്‍ 7 പേര്‍ മാത്രമാണ് ക്രൈസ്തവ പ്രതിനിധികള്‍. 23 മുസ്ലീം, 16 ക്രൈസ്തവര്‍ എന്ന അനുപാതമാണ് നടപ്പിലാക്കേണ്ടത്. 43.42% ക്രൈസ്തവര്‍, 7.41% മുസ്ലീം അനുപാതമുള്ള ഇടുക്കി ജില്ല, 38.03% ക്രൈസ്തവര്‍, 15.67% മുസ്ലീം അനുപാതമുള്ള എറണാകുളം തുടങ്ങി 7 ജില്ലകളില്‍ ക്രൈസ്തവസമുദായ പ്രാതിനിധ്യം പോലുമില്ലാത്തത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ക്രൈസ്തവവിരുദ്ധതയുടെ പ്രതിഫലനമാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യാ പ്രാതിനിധ്യം അട്ടിമറിച്ചുനടത്തിയ ന്യൂനപക്ഷ ക്ഷേമപദ്ധതി പ്രമോട്ടര്‍മാരുടെ നിയമനം അവസാനം പിന്‍വലിക്കേണ്ടിവന്നതും ഈ സര്‍ക്കാര്‍ അന്വേഷിച്ചറിയേണ്ടതാണ്.   
കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ട് ഒരു ന്യൂനപക്ഷസമുദായാംഗം ചെയര്‍മാനായും മറ്റൊരു ന്യൂനപക്ഷ സമുദായാംഗം അംഗമായും ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ത്രീ വനിതാ അംഗമായും കമ്മീഷന്‍ രൂപീകരിക്കണമെന്ന ഉത്തരവില്‍ മറ്റൊരു എന്നത് ഒരു എന്നു മാത്രമാക്കി ചുരുക്കി ഈ സര്‍ക്കാര്‍ നടത്തിയ തിരുത്ത് കമ്മീഷന്‍ അംഗങ്ങളെല്ലാം ഭാവിയില്‍ ന്യൂനപക്ഷവിഭാഗത്തിലെ ഭൂരിപക്ഷസമുദായത്തില്‍ നിന്ന് മാത്രമായി വരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചര്‍ച്ച്ബില്ലിലൂടെ ക്രൈസ്തവ വിരുദ്ധര്‍ക്ക് സഭാസംവിധാനങ്ങളുടെ നിയന്ത്രണം എല്പിച്ചുകൊടുക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെ ഇല്ലാതാക്കുക, വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്നും ക്രൈസ്തവരെ പുറന്തള്ളുക, വിശ്വാസസത്യങ്ങളെ വെല്ലുവിളിക്കുക തുടങ്ങി  ഭരണഘടനാ അവകാശങ്ങളെ നിഷേധിച്ചും പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ത്തും ലോകംമുഴുവന്‍ സാന്നിധ്യമായ ക്രൈസ്തവ സമൂഹത്തെ കേരളത്തിന്‍റെ മണ്ണില്‍ അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യാനും ശിഥിലമാക്കാനുമാണ് ലക്ഷ്യമെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ച.
 
ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി, സിബിസിഐ
 

Source: CBCI: Council for Laity

Attachments
Back to Top

Never miss an update from Syro-Malabar Church