എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ് ::Syro Malabar News Updates എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ്
21-February,2019

എഫ്.സി.സി. വിജയവാഡ പ്രോവിന്‍സ് അംഗമായ സി. ലിസി കുര്യന്‍ വടക്കേലിനെ എഫ്.സി.സി. സഭ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നെന്നും അവരെ അവിടെ നിന്ന് പോലീസെത്തി മോചിപ്പിച്ചെന്നുമുള്ള വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍  ഇതിന്‍റെ നിജസ്ഥിതിയെക്കുറിച്ച് പൊതു സമൂഹത്തെ അറിയിക്കാന്‍ വേണ്ടിയാണ് എഫ്.സി.സി. വിജയവാഡ പ്രോവിന്‍ഷ്യല്‍ എന്ന നിലയില്‍ ഈ കുറിപ്പെഴുതുന്നത്.

 
എഫ്.സി.സി. വിജയവാഡ പ്രൊവിന്‍സിന്‍റെ ഉടമസ്ഥതയില്‍ മൂവാറ്റുപുഴയില്‍ ഉള്ള ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി അനധികൃതമായി  താമസിച്ചു വരികയായിരുന്നു സി. ലിസി. വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയായിരുന്നു ഇവര്‍. അതിനിടയില്‍ കുറവലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ഫ്രാങ്കോ പിതാവിനെതിരെ പോലീസില്‍ രഹസ്യമായി മൊഴി നല്‍കുകയും ചെയ്തു. 
മൊഴിനല്കിയത് കോണ്‍വെന്റിന് പുറത്ത് രഹസ്യമായി ആയിരുന്നതിനാല്‍ ഇത് സംബന്ധിച്ച് എനിക്കും മറ്റധികാരികള്‍ക്കും അറിവുണ്ടായിരുന്നില്ല. ട്രാന്‍സ്ഫര്‍ അറിയിപ്പ് ജനുവരി 25ന് നല്കിയതിനു ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് താന്‍ മൊഴി നല്കിയിട്ടുണ്ടെന്ന വിവരം സി. ലിസി എന്നെ അറിയിച്ചത്. ഇതില്‍ നിന്നും തന്നെ സ്ഥലം മാറ്റത്തിന്‍റെ കാരണം ബിഷപ്പിന് എതിരായി നല്കിയ മൊഴിയല്ല എന്ന് വ്യക്തമാണ്. ഒരു എഫ്.സി.സി. സഭാംഗത്തിന് സ്വാഭിവികമായി നല്കുന്ന ഒരു സ്ഥലം മാറ്റം എന്നിതിനൊപ്പം അല്പം വഴിമാറി നടന്നിരുന്ന ഒരു സഹോദരിക്ക് നല്കിയ തിരുത്തലും ആയിരുന്നു എഫ്.സി.സി. സഭയുടെ ജനറല്‍ സിനാക്‌സിസിസ് തീരുമാനം അനുസരിച്ച് സി. ലിസിക്ക് നല്കിയ  2019 ഫെബ്രുവരി 12 ലെ പുതിയ നിയമനം. ഈ നിയമനത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ ഓപ്പറേഷന്‍ സംബന്ധിച്ച് നാട്ടിലേയ്ക്ക് പോകണമെന്ന് പറഞ്ഞ സി. ലിസിക്ക് ഫെബ്രുവരി 16 ശനിയാഴ്ച യാത്ര ആരംഭിക്കുന്ന തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 15 ാം തീയതി അധികാരികളെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറായ സി. ലിസിയെ തനിച്ചയയ്ക്കാതിരിക്കാന്‍ ഞാനും  നാട്ടിലേക്ക് സിസ്റ്ററിനൊപ്പം വന്നു. എഫ്.സി.സി. സമൂഹത്തിന്‍റെ മദര്‍ ജനറലിനെ സന്ദര്‍ശിച്ച സി. ലിസി മദര്‍ ജനറലുമായി വാക്കേറ്റം നടത്തി അവിടെ നിന്ന് പിണങ്ങിപ്പോരുകയും ഞാന്‍ സി. ലിസിയെ അവരുടെ അമ്മയുടെ ചികിത്സ നടക്കുന്ന ആശുപത്രിയില്‍ ഫെബ്രുവരി 16 ന് കൊണ്ടുചെന്നാക്കുകയും ചെയ്തു. 
 
പിറ്റേന്ന് (ഫെബ്രുവരി 17) വൈകുന്നേരം  സി. ലിസി മൂവാറ്റുപുഴയുള്ള എഫ്.സി.സി. ഗസ്റ്റ് ഹൗസിലെത്തി. ഫെബ്രുവരി 18 രാവിലെ സി. ലിസിയുടെ സഹോദരങ്ങള്‍ മൂവാറ്റുപുഴയിലുള്ള എഫ്.സി.സി. ഗസ്റ്റ് ഹൗസില്‍ വന്ന് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്കിയാല്‍ സ്ഥലം മാറ്റുമോ എന്നു ചോദിച്ച് ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്ക് പോലിസെത്തി സി. ലിസിയെ കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു.    
 
വിജയവാഡയില്‍ കഴിഞ്ഞിരുന്ന സിസ്റ്ററിനെ കേരളത്തിലെ വീട്ടില്‍ കൊണ്ടുപോയി വിടുകയും അതിനുശേഷം തിരികെ വന്നപ്പോള്‍ മൂവാറ്റുപുഴയില്‍ എഴുപത് കഴിഞ്ഞ രണ്ട് കന്യാസ്ത്രീകള്‍ തനിച്ച് താമസിക്കുന്നിടത്ത് തടങ്കലില്‍ വയ്കുകയും ചെയ്തു എന്നുള്ള വാര്‍ത്ത സാക്ഷര കേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന്  എഫ്.സി.സി. സമൂഹം പ്രതീക്ഷിക്കുന്നു. 
 
സി. അല്‍ഫോന്‍സാ എഫ്.സി.സി.                                             
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
08662842203


Source: FCC: Nirmala Province Vijayawada

Attachments
Back to Top

Never miss an update from Syro-Malabar Church