27ാമത് ആഗോള രോഗീദിനാചരണം; ഫെബ്രുവരി 8-11വരെ കൊൽക്കത്തയിൽ::Syro Malabar News Updates 27ാമത് ആഗോള രോഗീദിനാചരണം; ഫെബ്രുവരി 8-11വരെ കൊൽക്കത്തയിൽ
09-February,2019

കൊൽക്കത്ത: ലോകമെങ്ങുള്ള രോഗികളെയും രോഗീ പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും പ്രാർത്ഥനയിലൂടെ പ്രത്യേകം ഓർമ്മിക്കുന്ന ആഗോള രോഗീദിനാചരണത്തിന് കൊൽക്കത്തയിൽ തുടക്കം. രോഗീശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ആഗോള രോഗീദിനാഘേഷം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. 27ാമത് ആഗോള രോഗീദിനാചരണമാണ് ഫെബ്രുവരി 8 മുതൽ 11 വരെയുള്ള തീയതികളിൽ കൊൽക്കത്തയിൽ നടക്കുക. വത്തിക്കാൻ പ്രതിനിധികളായി പാക്കിസ്ഥാനിലെ ധാക്ക അതിരൂപതാദ്ധ്യക്ഷൻ കർദിനാൾ പാട്രിക് ഡി റൊസേരിയോയും സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തെ തലവൻ കർദ്ദിനാൾ പീറ്റർ ടേർക്‌സണും ആഘോഷങ്ങളിൽ പങ്കെടുക്കും. ലൂർദ്ദ് മാതാവിന്റെ മധ്യസ്ഥതയാൽ രോഗികൾക്ക് സൗഖ്യം ലഭിക്കുന്നതിന്റെ സ്മരണ കൂടി പരിഗണിച്ചുകൊണ്ടാണ് ഈ ദിവസങ്ങളിൽ തന്നെ രോഗീദിനം ആചരിക്കുന്നത്.
 
1992 മെയ് 13നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഓരോ വർഷവുമുള്ള ലൂർദ് തിരുനാൾ ദിനമായ ഫെബ്രുവരി 11 ആഗോള രോഗീ ദിനമായി പ്രഖ്യാപിച്ചത്. 1993ൽ ഫ്രാൻസിലെ ലൂർദ്ദിൽ വെച്ചായിരുന്നു ആദ്യ ആഗോള രോഗീ ദിനം ആഘോഷിച്ചതും. രോഗികളോടും നിരാലംബരോടും സഭയ്ക്കുള്ള എന്നും തുടരേണ്ട ”നല്ല സമറിയക്കാരന്റെ മാതൃക”യുടെ ഓർമ്മപ്പെടുത്തലാണ് ആഗോള രോഗീദിനാചരണം. അതുകൊണ്ടുതന്നെയാണ് ‘നല്ല സമറിയക്കാരൻറെ മാതൃക’ ജീവിതത്തിൽ ഏറെ പകർത്തിയ വിശുദ്ധ മദർ തെരേസയുടെ പ്രേഷിത മണ്ഡലമായ കൊൽക്കത്തയിൽ തന്നെ ലോക രോഗീദിനാചരണത്തിന് തുടക്കം കുറിച്ചതും ഇന്നും ആഘോഷങ്ങൾക്ക് വേദിയാകുന്നതും.  1929ലാണ് ഒരു മിഷ്ണറിയായി എത്തി രോഗികളുടെയും, പാവങ്ങളുടെയും, അനാഥരുടേയും കണ്ണിലുണ്ണിയായി വിശുദ്ധ മദർ തെരേസ പാവങ്ങളുടെ അമ്മയായി മാറിയത്.
 
ലോകമെമ്പാടുമുള്ള രൂപതകളും കത്തോലിക്കാ ആതുരശുശ്രൂഷാ സ്ഥാപനങ്ങളും രോഗീദിനം കൊൽക്കത്തയോടൊപ്പം ആചരിക്കും. ഇന്തോനേഷ്യ, ജപ്പാൻ, ഖസാഖിസ്ഥാൻ, കൊറിയ, ലാവോസ്-കമ്പോഡിയ, മലേഷ്യ-സിംഗപ്പൂർ-ബ്രൂനേയ്, മ്യാന്മാർ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, തായിലണ്ട്, തായിവാൻ, തീമോർ ലെസ്‌തേ, വിയറ്റ്‌നാം, ഹോംകോങ്, മക്കാവൂ, മംഗോളിയ, നേപ്പാൾ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, തുർക്ക്മനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആഗോള രോഗീദിനാചരണത്തിനായി കൊൽക്കത്തയിൽ എത്തിച്ചേരുന്നുണ്ട്. അന്യായങ്ങളും ദാരിദ്ര്യവും, പലതരത്തിലുള്ള പരിമിതികളും, ചേരിപ്രദേശങ്ങളും തിങ്ങിനല്ക്കുന്ന കൽക്കട്ട നഗരം കേന്ദ്രീകരിച്ച് ലോക രോഗീദിന പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത് ഏറെ പ്രസക്തവുമാണ്.

Source: sundayshalom.com

Attachments
Back to Top

Never miss an update from Syro-Malabar Church