ദൈവവിളിയുടെ ആഴങ്ങള്‍::Syro Malabar News Updates ദൈവവിളിയുടെ ആഴങ്ങള്‍
17-January,2019

ദൈവത്തിന്റെ വിളി മനുഷ്യര്‍ക്ക് അഗ്രാഹ്യമാണ്. കാരണം നാം കണക്കുകൂട്ടുന്നതുപോലെയായിരിക്കണമെന്നില്ല ദൈവം നമ്മുടെ ഭാവിയെക്കുറിച്ച് വിഭാവനം ചെയ്യുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതും അങ്ങനെതന്നെ.
ബാല്യം മുതലേ കത്തോലിക്ക സ്‌കൂളുകളിലാണ് ഞാന്‍ പഠിച്ചത്.
 
അവിടുത്തെ പ്രാര്‍ത്ഥനകളും അവിടെ പഠിപ്പിച്ചിരുന്ന സിസ്‌റ്റേഴ്‌സിന്റെ സ്‌നേഹം നിറഞ്ഞ പെരുമാറ്റവും എന്നെയേറെ സ്വാധീനിച്ചിരുന്നു. അമ്മച്ചിയുടെ രണ്ട് സഹോദരിമാരും അപ്പച്ചന്റെ ഒരു സഹോദരിയും കന്യാസ്ത്രീകളാണ്. അവരുടെ പ്രാര്‍ത്ഥനകളും ഭക്തിയുമെല്ലാം എന്നെ അടിയുറച്ച വിശ്വാസത്തില്‍ തന്നെയാണ് വളര്‍ത്തിയത്.
 
അന്നെല്ലാം ധാരാളം പ്രാര്‍ത്ഥിക്കുമായിരുന്നെങ്കിലും ഒരു കന്യാസ്ത്രീയാകണമെന്ന ആഗ്രഹം അക്കാലത്ത് തെല്ലും ഉണ്ടായിരുന്നില്ല.
കോടിക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മയുടെ വീട്ടില്‍നിന്നാണ് സ്‌കൂളില്‍ പോയ്‌ക്കൊണ്ടിരുന്നത്. പത്താംക്ലാസിലും രൂപതാ മതബോധനത്തിലുമെല്ലാം നല്ല മാര്‍ക്ക് കിട്ടി. അതുകൊണ്ടാകണം കോളജില്‍ ഒരു വര്‍ഷത്തെ ഫീസിളവും ലഭിച്ചു, വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും എന്റെ പഠനകാര്യങ്ങളിലൊന്നും ദൈവം ഒരു കുറവും വരുത്തിയില്ല.
 
തൊടുപുഴ ന്യൂമാന്‍ കോളജിലാണ് പ്രീഡിഗ്രിക്ക് ചേരുന്നത്. തുടര്‍ന്ന് അവിടെ തന്നെ ബി.എസ്‌സിക്ക് ചേരാനും ഫസ്റ്റ് ക്ലാസോടെ പാസാകാനും ദൈവം കൃപനല്‍കി. ചങ്ങനാശേരി എസ്.ബി കോളജിലാണ് എം.എസ്.സി മാത്ത്‌സ് പഠിക്കുന്നത്. അതും ഫസ്റ്റ് ക്ലാസോടെ തന്നെയാണ് പാസായത്. അക്കാലങ്ങളിലൊക്കെ വിദ്യാര്‍ത്ഥി നേതാവായിരുന്നു. കോളജ് യൂണിയനിലും മെമ്പറായിരുന്നു.
 
നാഷണല്‍ സ്‌കോളര്‍ഷിപ്പായിരുന്നു പഠനത്തിന് എനിക്ക് സഹായകരമായത്. എം.എസ്.സിവരെ പഠിച്ചതങ്ങനെയാണ്. എന്റെ സുഹൃത്തുക്കള്‍ പലരും ജോലിക്കാരായിരുന്നു. അവരില്‍നിന്നും ചിലപ്പോഴെങ്കിലും പണം കടം വാങ്ങേണ്ടിവന്നിട്ടുണ്ട്. ബി.എഡ് പഠിച്ചതിന്റെ സാമ്പത്തിക ബാധ്യത തീര്‍ന്നത് എനിക്കൊരു ജോലി കിട്ടിയതിനുശേഷമാണ്.
 
പഠനത്തിനുശേഷം എല്ലാവരും ആഗ്രഹിക്കുന്നതുപോലെ ഒരു നല്ല ജോലി ലഭിക്കണമെന്ന ചിന്തയോടെ ഞാന്‍ മുന്നോട്ട് പോയി. ആ നാളുകളില്‍ ഒരു ജോലി എനിക്ക് അടിയന്തിരാവശ്യവുമായിരുന്നു. കാരണം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം. മാതാപിതാക്കള്‍ വല്ലാതെ ക്ലേശിക്കുന്നുണ്ടായിരുന്നു. അതിനാല്‍ ആദ്യം ഒരു ജോലി. പിന്നീട് ജീവിതാന്തസ്.
 
ഇങ്ങനെയാണ് ഞാന്‍ കണക്കുകൂട്ടിയത്. ഈ നിയോഗത്തോടെ മുന്നോട്ട് പോയി. പലയിടത്തും ജോലി അന്വേഷിച്ചു. പല ടെസ്റ്റുകളും എഴുതി. ഒരുപാട് അഭിമുഖങ്ങളില്‍ പങ്കെടുത്തു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ പെട്ടെന്നൊരു ജോലിയും ലഭിച്ചില്ല.
 
ആ നാളുകളിലാണ് എന്നെ അത്ഭുതപ്പെടുത്തി മൂവാറ്റുപുഴ നിര്‍മല കോളജില്‍ പഠിപ്പിക്കാന്‍ ഒരു അവസരം കിട്ടുന്നത്. ലീവ് വേക്കന്‍സിയിലാണ്. താല്‍ക്കാലികമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പോയി ജോലി ഏറ്റെടുത്തു.
കുട്ടികളുമായി ഒന്ന് ഇണങ്ങി വന്നപ്പോഴേക്കും ലീവ് വേക്കന്‍സി കഴിഞ്ഞു. അതോടെ ആ ജോലിയും തീര്‍ന്നു. എന്നാല്‍ ഇനി സമയം കളയണ്ട എന്ന് കരുതിയാണ് ബി.എഡിന് ചേരുന്നത്. പല കോളജുകളിലും ബി.എഡിന് അഡ്മിഷന്‍ ലഭിച്ചുവെങ്കിലും ജോലിക്ക് ടെസ്റ്റ് എഴുതാനെളുപ്പം എറണാകുളം ആയതുകൊണ്ടാണ് അവിടം തെരഞ്ഞെടുത്തത്.
 
സി.എം.സി സിസ്റ്റര്‍മാരായിരുന്നു അവിടുത്തെ മാനേജ്‌മെന്റ്. തീക്ഷ്ണമായ അവരുടെ പ്രാര്‍ത്ഥനകളും ധ്യാനവുമെല്ലാം എന്റെ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയിരിക്കെ അവിടെയൊരു ഏകാന്തധ്യാനം നടത്തി. ധ്യാനത്തിന്റെ തലേന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രത്യേക നിര്‍ദേശം നല്‍കി.
 
”നിങ്ങളെല്ലാവരും ജീവിതത്തിന്റെ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്. ഇവിടെ നിന്നു നിങ്ങള്‍ മുന്നോട്ട് നോക്കണം. എല്ലാവഴികളും ഇവിടെ നിന്നാണ് തുടങ്ങുന്നത്. എവിടേക്ക് വേണമെങ്കിലും നിങ്ങള്‍ക്ക് പോകാം. അതിനാല്‍ ശക്തമായി പ്രാര്‍ത്ഥിക്കണം.” അപ്പോഴെല്ലാം എന്റെ മനസിലെ ചിന്ത ഇങ്ങനെയായിരുന്നു: ഇതൊക്കെ എസ്.എസ്.എല്‍.സി കഴിയുന്ന കുട്ടികളോടല്ലേ പറയേണ്ടത്. എം.എസ്.സി കഴിഞ്ഞവരോട് ഇങ്ങനെ കുട്ടികളോട് പറയുന്നതുപോലെ പറയേണ്ട കാര്യമുണ്ടോ?”
ഏകാന്തധ്യാനം തുടങ്ങി. ആ സമയത്ത് ആരോടും സംസാരിക്കാന്‍ അനുവാദമില്ല.
 
പ്രാര്‍ത്ഥനയിലൂടെ ഈശോയോട് മാത്രമേ സംസാരിക്കാന്‍ കഴിയൂ. ആ നിയമങ്ങളൊക്കെ കര്‍ശനമായി എന്റെ റൂംമേറ്റ്‌സും പാലിച്ചിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കിയ നിയോഗം ദൈവത്തിനു മുമ്പില്‍ ഞാന്‍ സമര്‍പ്പിച്ചു. ജീവിതത്തിന്റെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന ചിന്ത ആ രാത്രിയിലെന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു.
 
എന്തിനെന്നറിയാതെ എന്റെ ഹൃദയം തേങ്ങി. അപ്പോള്‍ ഈശോ എന്നോട് സംസാരിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ‘എനിക്ക് നിന്നെ വേണം’. ഇതെന്റെ തോന്നലാണെന്നു കരുതി ഞാന്‍ ആദ്യം അവഗണിച്ചു. പക്ഷേ വീണ്ടും പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ യേശുവിന്റെ സ്വരം കുറെക്കൂടി വ്യക്തമായി ഞാന്‍ കേട്ടു.
 
‘എനിക്കു നിന്നെ വേണം.’ ഈ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ കിടന്ന് പെരുമ്പറകൊട്ടി. മനസ് ആകെ സംഘര്‍ഷത്തിലൂടെ കടന്നുപോയി. ദൈവം എന്നെ വിളിക്കുന്നുവെന്ന തോന്നല്‍ ശക്തമായപ്പോള്‍ എനിക്ക് കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നിയന്ത്രണം വിട്ടുകരഞ്ഞു. പിറ്റേന്ന് എന്റെ മുഖം കണ്ട അധികാരികള്‍ എന്തു പറ്റിയെന്ന് ചോദിച്ചു. ജലദോഷമാണെന്ന് ഞാന്‍ കള്ളം പറഞ്ഞു. അവര്‍ എനിക്ക് മരുന്ന് തന്നു.
 
തുടര്‍ന്ന് ധ്യാനത്തിന്റെ അവസാനം ഇനി എന്തുവന്നാലും സമര്‍പ്പിത ജീവിതത്തിലേക്കുതന്നെ എന്ന തീരുമാനം എന്നില്‍ ഉറക്കുകയായിരുന്നു. വീട്ടില്‍ തെല്ലും അനുവദിക്കുകയില്ലെന്ന് എനിക്കറിയാം. ഒരു കന്യാസ്ത്രീയാകണമെന്ന് ഹൃദയത്തില്‍ തീരുമാനമെടുത്തപ്പോള്‍ അഞ്ച് ജോലികളുടെ ഓഫറുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും എനിക്ക് ലഭിച്ചത്. ടെക്സ്റ്റ് ബുക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓഫിസ് അസിസ്റ്റന്റ്, കാത്തലിക് സിറിയന്‍ ബാങ്കില്‍ ക്ലര്‍ക്ക്.
 
ഈ ജോലികളെല്ലാം ആ നാളുകളില്‍ തേടിവന്നെങ്കിലും പോയില്ല. ബി.എഡ് റിസള്‍ട്ട് വരുന്നതിനുമുമ്പ് മുതലക്കോടം സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ നിയമനമായി.അവിടെ 15 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ. അപ്പോഴാണ് ബി.എഡിന്റെ റിസല്‍ട്ട് വരുന്നതും ഞാന്‍ തോറ്റതായി അറിയുന്നതും. തോറ്റുവെന്നറിഞ്ഞപ്പോള്‍ അവര്‍ ജോലിയില്‍നിന്നും എന്നെ പിരിച്ചു വിട്ടു. ഞാന്‍ രൂപതയിലെ സെക്രട്ടറിയച്ചനെ ചെന്നു കണ്ടു.
 
മുമ്പ് ഞാന്‍ ലീവ് വേക്കന്‍സിയില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ജോലി ചെയ്തിരുന്നു എന്നതുകൊണ്ട് അവിടെ ജോലിക്ക് കയറിക്കൊള്ളാന്‍ അച്ചന്‍ അനുവദിച്ചു. പക്ഷേ അത് സ്ഥിരനിയമനമല്ല. ഈ കോളജിലാകട്ടെ വനിതാ അധ്യാപകര്‍ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആവശ്യത്തിനുണ്ട്. ഇനിയുമൊരു വനിതയെ വേണ്ടെന്നായിരുന്നു അധികാരികളുടെ നിലപാട്. അതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ഞാനൊന്ന് കുഴങ്ങി.
 
ആ സമയത്താണ് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ യു.ഡി ക്ലര്‍ക്കായി ആലുവയില്‍ എനിക്ക് നിയമനം ലഭിക്കുന്നത്.
1977-ല്‍ അവിടെ യു.ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞശേഷമാണ് ജോലി ലഭിച്ചത്. മേശപ്പുറം നിറയെ ഫയലുകളും കണക്കുകളുമൊക്കെയായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ഒരു മാസം കഴിഞ്ഞപ്പോള്‍ മൂവാറ്റുപുഴ നിര്‍മല കോളജില്‍നിന്നും അവിടെ പഠിപ്പിക്കാനുളള ഓര്‍ഡര്‍ ലഭിച്ചു. ലീവ് വേക്കന്‍സി ക്ലെയിം ആയെന്നും ഉടനെ അധ്യാപക ജോലിയില്‍ പ്രവേശിക്കണമെന്നുമായിരുന്നു നിര്‍ദേശം.
 
ആയിടെ ഒരു സന്തോഷവാര്‍ത്തയുണ്ടായി. ബി.എഡ് തോറ്റെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ റീവാല്യുവേഷന് അപേക്ഷ നല്‍കിയിരുന്നു. പുനപരിശോധനയില്‍ ജയിച്ചുവെന്ന സദ്വാര്‍ത്തയാണ് എന്നെ തേടിയെത്തുന്നത്.
അങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലി രാജി വച്ച് മൂവാറ്റുപുഴ നിര്‍മല കോളജില്‍ അധ്യാപികയായുള്ള ജോലി സ്വീകരിച്ചു. ബി.എഡില്‍നിന്നും കിട്ടിയ പ്രായോഗിക അറിവുകളൊക്കെവച്ച് പ്രീഡിഗ്രി ക്ലാസുകളിലാണ് അധ്യാപനം ആരംഭിക്കുന്നത്. ഞാനെടുത്ത ക്ലാസുകളെക്കുറിച്ച് നാട്ടില്‍ നല്ല അഭിപ്രായമായിരുന്നുവെന്നാണ് ഞാന്‍ മനസിലാക്കിയത്. മൂന്നുവര്‍ഷം അങ്ങനെ കടന്നുപോയി.
 
മഠത്തില്‍ ചേരാനുള്ള തീരുമാനം ആദ്യമായി അമ്മച്ചിയെയാണ് അറിയിക്കുന്നത്. കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ന്നുവന്ന ഞങ്ങളുടെ കുടുംബത്തിലെ മൂത്ത മകളായ എന്റെ തീരുമാനം കേട്ട് അമ്മച്ചി ആദ്യമൊന്ന് അമ്പരന്നു. പിന്നെ ക്ഷോഭിച്ചു. മഠത്തില്‍ ചേരാനാണെങ്കില്‍ നിന്നെ ഇത്രയും പഠിപ്പിക്കണമായിരുന്നോ എന്നാണ് അമ്മച്ചി ആദ്യം ചോദിച്ചത്. എങ്കിലും ഈ വിവരം അധികമാരോടും പറയേണ്ടെന്നാണ് അമ്മച്ചി നിര്‍ദേശിച്ചത്.
 
പക്ഷേ ഒരു കന്യാസ്ത്രീയായി മാറണമെന്ന എന്റെ ആഗ്രഹത്തില്‍ നിന്നും ഞാന്‍ തെല്ലും പിന്തിരിയുന്നില്ലെന്ന് കണ്ടപ്പോള്‍ എന്റെ തീരുമാനം ഞാന്‍ കേള്‍ക്കെ അപ്പച്ചന്റെ മുമ്പില്‍ അമ്മച്ചി അവതരിപ്പിച്ചു. അപ്പച്ചനും എതിര്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍ അപ്പച്ചന്‍ പുഞ്ചിരിയോടെ പറഞ്ഞു. ”എന്റെ മകള്‍ ഇഷ്ടമുള്ളിടത്തേക്ക് പൊയ്‌ക്കോള്ളട്ടെ. നിനക്ക് ആവശ്യത്തിന് പ്രായമുണ്ട്. മതിയായ വിദ്യാഭ്യാസവുമുണ്ട്” ഇതായിരുന്നു അപ്പച്ചന്റെ വാക്കുകള്‍.
 
അപ്പച്ചന്‍ എന്റെ ഭാഗത്താണെന്നു കണ്ടപ്പോള്‍ അമ്മച്ചി തേങ്ങി. എനിക്ക് വിഷമമായെങ്കിലും അപ്പച്ചന്റെ വാക്കുകള്‍ എനിക്കാശ്വാസം നല്‍കി. ഒരാഴ്ചത്തേക്ക് വീട്ടില്‍ എല്ലാവരും മ്ലാനവദനരായിരുന്നു. മഠത്തില്‍ ചേരാനുള്ള എന്റെ തീരുമാനം കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അമ്പരപ്പാണ് സൃഷ്ടിച്ചത്. സമൂഹത്തില്‍ അന്തസുള്ള ജോലി ഉപേക്ഷിച്ച് കൊള്ളാവുന്ന യുവതി ഇങ്ങനെ പോവുകയാണല്ലോ എന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായി.
 
ചിലരെങ്കിലും ഉപദേശിച്ച് എന്നെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. എങ്കിലും കന്യാസ്ത്രീയാകണമെന്നുള്ള എന്റെ ആഗ്രഹം കുറെക്കൂടി വര്‍ധിക്കുകയാണ് ചെയ്തത്. ഒടുവില്‍ അവരും ദൈവഹിതത്തിന് കീഴ്‌വഴങ്ങി.അങ്ങനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ഞാന്‍ ചേര്‍ന്നു. പഠനത്തോടൊപ്പം ജോലിയില്‍ തുടരാനാണ് അവര്‍ നിര്‍ദേശിച്ചത്.
 
ഫോര്‍മേഷന്‍ പിരീയഡിലും നൊവിഷ്യേറ്റിലും ലീവെടുക്കേണ്ടി വന്നെങ്കിലും ജോലി തുടര്‍ന്നു. 1983 മെയ് 23-നാണ് സഭാവസ്ത്രം സ്വീകരിക്കുന്നത്. ഏഴുദിവസങ്ങള്‍ക്കുശേഷം തൊടുപുഴ ന്യൂമാന്‍ കോളജിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. മ്യൂച്വല്‍ ട്രാന്‍സ്ഫര്‍ ആയിരുന്നു അത്. അവിടെ റിട്ടയര്‍മെന്റ് വരെ തുടര്‍ന്നു.
ഇതിനിടയില്‍ ഐ.ഇ.എല്‍.റ്റി.എസ് പഠിക്കാനും അമേരിക്കയിലെ ബൊനവഞ്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എ ഇന്‍ ഫ്രാന്‍സിസ്‌കന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദമെടുക്കാനും ദൈവം കൃപ നല്‍കി. ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമില്‍ എം.ഫിലും എടുത്തു.
 
അമേരിക്കയില്‍ രണ്ടാമതൊരിക്കല്‍ക്കൂടി പോയി മടങ്ങിവന്നപ്പോഴാണ് കാന്‍സര്‍ രോഗബാധിതയാണെന്നറിയുന്നത്. തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു ചികിത്സ. സര്‍ജറിക്കുശേഷം കീമോയും റേഡിയേഷനുമെല്ലാം ഇവിടെയാണ് ചെയ്തത്. ഒരു വര്‍ഷത്തെ ട്രീറ്റ്‌മെന്റിനുശേഷം പൂര്‍ണസൗഖ്യം കിട്ടി.
 
കരിമണ്ണൂര്‍ നിര്‍മല പബ്ലിക് സ്‌കൂളിന്റെ പ്രിന്‍സിപ്പലായി റിട്ടയര്‍മെന്റിനുശേഷം ഒരു വര്‍ഷം കൂടി ജോലി ചെയ്തു. ഇപ്പോള്‍ കോതമംഗലം, പാലാ, എറണാകുളം പ്രൊവിന്‍സുകളില്‍ നവസന്യാസിനിമാര്‍ക്ക് ഫോര്‍മേഷന്‍ ക്ലാസുകളെടുക്കുന്നു. കോണ്‍വെന്റിലെ ജോലികളൊക്കെ ചെയ്യുന്നു. വേദപാഠം പഠിപ്പിക്കുന്നു.
 
മനസു മലിനമല്ലാത്തതും ഈശോയുടേതുപോലുള്ള ഹൃദയവിശുദ്ധിയുള്ളതുമായ ഒരു ജീവിതവുമായി നമ്മുടെ ജീവിതയാത്രയെ ഒന്നു തിരിച്ചുവിടാനായാല്‍ അവിടെ പുതിയൊരു അധ്യായം ആരംഭിക്കും. എന്റെ ജീവിതത്തിലൂടെ ഞാന്‍ മനസിലാക്കിയത് അതാണ്.
 
സിസ്റ്റര്‍ ഗ്രേസി ജോസഫ് FCC

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church