ബോൺമൗത്ത് ഇനി "സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ' ; ഫാ. ചാക്കോ പനത്തറ സിഎം മിഷൻ ഡയറക്ടർ::Syro Malabar News Updates ബോൺമൗത്ത് ഇനി "സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ' ; ഫാ. ചാക്കോ പനത്തറ സിഎം മിഷൻ ഡയറക്ടർ
05-December,2018

ബോൺമൗത്ത്‌: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മിഷൻ സെന്‍ററുകളുടെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി ഇന്നലെ ബോൺമൗത്തിൽ "സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് മിഷൻ' സെന്‍റർ ഉദ്ഘാടനം ചെയ്തു. 
 
ബോൺമൗത്തിലുള്ള ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിൽ വൈകുന്നേരം 5. 30 നു നടക്കുന്ന തിരുക്കർമങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ സാക്ഷിയാക്കി സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ മിഷൻ ഉദ്ഘാടനം ചെയ്തു. ഫാ. ചാക്കോ പനത്തറ സിഎമ്മിനെ മിഷൻ ഡയറക്ടർ ആയും നിയമിച്ചു. 
 
നേരത്തെ ഉദ്ഘാടനത്തിനായി ദേവാലയത്തിലെത്തിയ പിതാക്കന്മാരെയും വിശിഷ്ടാതിഥികളെയും കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. തിരുക്കർമങ്ങൾക്കിടയിൽ ഫാ. ടോമി ചിറക്കൽമണവാളൻ മിഷൻ സ്ഥാപന വിജ്ഞാപനം (ഡിക്രി) വായിച്ചു. മിഷന്‍റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ സ്നാപകയോഹന്നാന്‍റെ ചിത്രം അനാച്ഛാദനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു കേക്ക് മുറിച്ചു് വിശ്വാസികൾ സന്തോഷം പങ്കുവച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരുന്നു. ഫാ. ചാക്കോ പനത്തറ, ഫാ. രാജേഷ് ആനത്തിൽ, ഫാ. ടോമി ചിറക്കൽമണവാളൻ, ഫാ. ഫാൻസുവ പത്തിൽ, കാനൻ ജോൺ വെബ്, കാനൻ പാറ്റ് ക്രിസ്റ്റൽ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് സ്നേഹവിരുന്നും നടന്നു. 
 
ഇന്ന് വൈകുന്നേരം ആറിന് സെൻ്റ് സൈമൺ സ്റ്റോക് കത്തോലിക്കാ ദേവാലയത്തിൽ (Brookfiled Road, Ashford, TN23 4EU) 'മാർ സ്ലീവാ മിഷൻ' BN 2.jpg
സെന്‍ററിന്‍റെ ഉദ്ഘാടനം നടക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരിക്കും. പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഹാൻസ് പുതിയാകുളങ്ങരയുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. 
 
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church