ഓസ്‌ട്രേലിയയിൽ സീറോ മലബാർ സഭയ്ക്ക് നിർണായക പങ്കുവഹിക്കാനാകും: ആർച്ച്ബിഷപ്പ് കോൾഡ്രിഡ്ജ്::Syro Malabar News Updates ഓസ്‌ട്രേലിയയിൽ സീറോ മലബാർ സഭയ്ക്ക് നിർണായക പങ്കുവഹിക്കാനാകും: ആർച്ച്ബിഷപ്പ് കോൾഡ്രിഡ്ജ്
07-November,2018

ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യം നിറവേറ്റണം പ്രവാസികൾ: മാർ പുത്തൂർ
 
ബ്രിസ്‌ബേൻ: പ്രാർത്ഥനാ തീക്ഷ്ണതയിലും പാരമ്പര്യ വിശ്വാസത്തിലും ഉറച്ചുനിൽക്കുന്ന സീറോ മലബാർ സഭക്ക് ഓസ്‌ട്രേലിയൻ സഭയുടെ വിശ്വാസവളർച്ചയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് ബ്രിസ്‌ബേൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറിഡ്ജ്. ബ്രിസ്‌ബേൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിന്റെ കൂദാശാകർമത്തിനുശേഷം സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റുകൂടിയായ അദ്ദേഹം.
 
തീക്ഷ്ണതയും പ്രാർത്ഥനയിലുറച്ച സഭാ ജീവിതവുംകൊണ്ട് ഭരതത്തിൽനിന്ന് കുടിയേറിയെത്തിയ പ്രവാസി സഭാകൂട്ടായ്മയെ വളരെ വേഗത്തിൽ വളർത്തിയടുത്ത നിങ്ങൾക്ക് ഓസ്‌ട്രേലിയയിലെ മുഴുവൻ സഭയെയും വളർത്തുന്നതിൽ വലിയ പങ്കു വഹിക്കാനാകും. അതുപോലെതന്നെ ആഗോളസഭക്ക് സീറോ മലബാർ സഭയുടെ സംഭാവനകൾ ഏറെ ഫലം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
‘ക്ഷമാപണത്തോടെ ഞാൻ പറയട്ടെ, വർഷങ്ങൾക്കുമുമ്പ് ഓസ്‌ട്രേലിയിൽ സീറോ മലബാർ രൂപതയുടെ ആരംഭ ചർച്ചകൾ തുടങ്ങിയപ്പോൾ അതിനു സമയമായോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, വൈകുന്നതിന് അനുസരിച്ച് ബുദ്ധിമുട്ടുകൾ വർധിക്കുകയേയുള്ളു എന്ന് മനസിലാക്കി സീറോ മലബാർ സഭയുടെ തുടക്കത്തിന് ലത്തീൻ സഭ ഒരുമിച്ച് സഹായം വാഗ്ദാനം ചെയ്തതും ഇപ്പോൾ ഓർക്കുന്നു.
 
പക്ഷേ, ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽതന്നെ വളരെ വേഗത്തിൽ സീറോ മലബാർ സഭ ഇവിടെ പടർന്നുപന്തലിക്കാൻ പ്രധാന കാരണം ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെയും വൈദികരുടെയും അൽമായ നേതൃത്വത്തിന്റെയും വ്യക്തമായ വീക്ഷണവും സമർപ്പണവുംതന്നെയാണ്,’ ബിഷപ്പ് കോൾറിഡ്ജ് കൂട്ടിച്ചേർത്തു.
 
 
മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ അധ്യക്ഷനായിരുന്നു. ഏതു ദേശത്തായിരുന്നാലും, ക്രിസ്തുകേന്ദ്രീകൃതമായ പ്രേഷിത ദൗത്യമായിരിക്കണം ഓരോ പ്രവാസി ക്രൈസ്തവന്റെയും കടമയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഓസ്‌ട്രേലിയയിലെ പ്രവാസി സമൂഹം സുവിശേഷവത്കരണത്തിനുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഒരു അനുഗ്രഹീത കൂട്ടായ്മയായി നിലനിൽക്കണമെന്നതാണ് സഭയുടെ ആഗ്രഹം.
 
ക്രിസ്തുകേന്ദ്രീകൃതമാകണം എന്നും നമ്മുടെ ജീവിതം. അപ്പോൾ മാത്രമേ ആത്യന്തികമായ ദൈവാനുഗ്രഹം ജീവിതത്തിൽ നേടാനും ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും സാധിക്കൂ. സമൃദ്ധികൾ നിറഞ്ഞു നിൽക്കുന്ന, അവസരങ്ങൾ ഏറെയുള്ള ഈ നാട്ടിൽ നമ്മെ എത്തിച്ചതിനു പിന്നിൽ ദൈവത്തിന് വലിയ പദ്ധതിയുണ്ട്. ഈ നാട്ടിൽ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ സുവിശേഷം പങ്കുവെക്കുക എന്നതുതന്നെയാണത്. ഈ തിരിച്ചറിവോടെ ജീവിക്കാനും നമ്മുടെ വാക്കും പ്രവൃത്തിയും ജീവിത സാക്ഷ്യവും അനേകരെ ഈശോയുടെ സ്‌നേഹത്തിലേക്ക് അടുപ്പിക്കാനുമുള്ള ശക്തിയേറിയ മാർഗമായി ഈ ദൈവാലയം മാറട്ടെയെന്നും മാർ പൂത്തൂർ ആശംസിച്ചു.
 
ഓസ്േ്രടലിയയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽനടന്ന കൂദാശാ കർമത്തിന് ദിവ്യബലിയോടെയാണ് തുടക്കമായത്. മാർ ബോസ്‌ക്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് വചനസന്ദേശം പങ്കുവെച്ചു. രൂപതാ വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി ആർച്ച്ഡീക്കനായിരുന്നു. ബ്രിസ്‌ബെൻ അതിരൂപതാ വികാരി ജനറൽ ഫാ. പീറ്റർ മനേലി, വികാരി ഫാ. വർഗീസ് വാവോലി, കൂട്ടായ്മയിൽ സേവനംചെയ്തിരുന്ന ഫാ. തോമസ് അരീക്കുഴി എന്നിവർക്കൊപ്പം നിരവധി വൈദികർ സഹകാർമികരായി. ഫാ. അബ്രഹാം കഴുന്നടി മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.
 
ദിവ്യബലിമധ്യേയായിരുന്നു കൂദാശാകർമം. കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി ആരംഭിക്കുന്ന കാറ്റിക്കിസം സെന്ററിന്റെ കൂദാശാകർമം ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് നിർവഹിച്ചു. തിരുക്കർമങ്ങൾക്കുശേഷം, കൃതജ്ഞതാസൂചകമായി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ദൈവാലയത്തിന് ചുറ്റും നടത്തിയ ആഘോഷമായ പ്രദിക്ഷിണത്തിൽ വിശ്വാസസമൂഹം ഒന്നടങ്കം പങ്കെടുത്തതും ശ്രദ്ധേയമായി.
 
തുടർന്നായിരുന്നു പൊതുസമ്മേളനം. മോൺ. പീറ്റർ മാനേലി, ലോഗൻ സിറ്റി കൗൺസിലർ ലൗറി സ്മിത്ത്, ലോഗൻ എം. പി ലീനസ് പവർ
എന്നിവർ ആശംസകൾ നേർന്നു. തിരുക്കർമങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ളവർക്ക് ഊഷ്മള സ്വീകരണമാണ് ഫാ. വർഗീസ് വവോലിലിന്റെ നേതൃത്വത്തിൽ ഇടവകസമൂഹം ഒരുക്കിയത്.
 
 
‘നാം ഓരോരുത്തരും പുതിയ ജറുസലേമിലെ ദൈവാലയങ്ങൾ’
 
പീഢാസഹനങ്ങൾ ഏറ്റുവാങ്ങി കുരിശുമരണം വരിച്ച് ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളാൽ സൃഷ്ടിക്കപ്പെട്ട നാമോരോരുത്തരുമാണ് പുതിയ ജറുസലേമിലെ ദൈവാലയങ്ങളെന്ന് ആർച്ച്ബിഷപ്പ് ഡോ. മാർക് കോൾറിഡ്ജ് ഉദ്‌ബോധിപ്പിച്ചു. ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവത്തിനുവേണ്ടി കൂടാരം ഉണ്ടാക്കാൻ മോശയോട് ആവശ്യപ്പെട്ടതുപോലെയും, ആരാധനക്ക് ഏറ്റം യോഗ്യനായ ദൈവത്തിനുവേണ്ടി രാജകീയമായ ദൈവാലയം ഉണ്ടാക്കാൻ സാമുവേലിനോട് ആവശ്യപ്പെട്ടത് പോലെയുമാണ് ഈ ദൈവജനത്തിന് ഒരു ദൈവാലയം നിർമിക്കാൻ അവിടുന്ന് പ്രചോദനം നൽകിയത്.
 
കോറിന്തോസുകാരോട് പൗലോസ് പറഞ്ഞതുപോലെ, നിങ്ങൾ തന്നെയാണ് ദൈവാലയം. കുരിശു മരണം ഏറ്റുവാങ്ങുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്ത യേശുവാണ് പുതിയ ദൈവാലയം. അതുകൊണ്ടുതന്നെ, ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന നിങ്ങളിൽ തന്നെ പരിശുദ്ധമായ ദൈവാലയമുണ്ടാക്കാൻ നിങ്ങൾക്കു കഴിയണം. അല്ലാത്തപക്ഷം നാം എത്ര വലിയ ദൈവാലയങ്ങൾ നിർമിച്ചാലും ദൈവത്തിന്റെ രാജത്വത്തിന് അവിടെ വസിക്കാൻ കഴിയാതെ വരും.
 
എല്ലാവരും ഒന്നായി ചേർന്ന്, ഒരു പുതിയ ജെറുസലേമിനെ നിർമിക്കാനുള്ള മാർഗമായിരിക്കണം ഈ ദൈവാലയം. സമാധാനത്തിന്റെ, ദൈവസ്‌നേഹത്തിന്റെ പരമോന്നതിയിൽ പുതിയ ജറുസലേമിലെ കുഞ്ഞാടിനോടൊപ്പം നിത്യം വസിക്കാൻ ഈ ദൈവാലയം ഇടയാവട്ടെ എന്നുപ്രാർത്ഥിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.
 
 
വളർച്ചയിലേക്ക് കുതിച്ച് ബ്രിസ്‌ബേൻ സെന്റ് തോമസ് ഇടവക
 
മലയാളി കുടിയേറ്റം ശക്തമായ 2004ലാണ് ബ്രിസ്‌ബേനിലെ സീറോ മലബാർ കൂട്ടായ്മയുടെ ആരംഭം. ട്യൂമ്പ രൂപതയിൽ സേവനം ചെയ്തിരുന്ന എം.സി.ബി.എസ് സഭാംഗം ഫാ. തോമസ് അരൂക്കുഴിയുടെ നേതൃത്വത്തിൽ 13 കുടുംബങ്ങളുമായി തുടക്കം കുറിച്ച കൂട്ടായ്മ അംഗസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് ബ്രിസ്‌ബേൻ നോർത്ത്, സൗത്ത് എന്നീ കൂട്ടായ്മകളായി മാറുകയായിരുന്നു. 2009ലായിരുന്നു ഇത്. ഏതാണ്ട് 250ൽപ്പരം കുടുംബങ്ങളാണ് ഓരോ കമ്മ്യൂണിറ്റിയിലും ഉണ്ടായിരുന്നത്. കുറച്ചുനാൾ ഫാ. ആന്റണി വടകര സി.എം.ഐ കൂട്ടായ്മയിൽ സേവനംചെയ്തു.
 
കൂട്ടായ്മ 10-ാം പിറന്നാൾ ആഘോഷിച്ച 2014ൽ മെൽബൺ സീറോ മലബാർ രൂപത സ്ഥാപിതമായി. ഫാ. പീറ്റർ കാവുംപുറം ചാപ്ലൈനായി നിയമിതനാകുകയുംചെയ്തു. 2015 ജൂലൈ അഞ്ചിന് ഇടവകയായി ഉയർത്തപ്പെട്ടു. കൂട്ടായ്മയുടെ ആരംഭനാളുകളിൽതന്നെ നാമ്പിട്ട, സ്വന്തം ദൈവാലയം എന്ന ആഗ്രഹം തീവ്രമായതും അന്നാളുകളിലാണ്. അതിന്റെ പൂർത്തീകരണമാണ് നവംബർ നാലിന് യാഥാർത്ഥ്യമായത്.
 
അധികൃതർ അടച്ചുപൂട്ടാൻ ഒരുങ്ങിയ ലൂഥറൻ ദൈവാലയം വാങ്ങി സീറോ മലബാർ ആരാധനക്രമപ്രകാരം പുനർനിർമിക്കുകയായിരുന്നു. 400ൽപ്പരം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ദൈവാലയത്തോട് ചേർന്ന് പള്ളിമേടയും 14 ക്ലാസ് മുറികളുള്ള ചൈൽഡ് കെയർ സെന്ററുമുണ്ട്. ഈ ചൈൽഡ് കെയർ സെന്ററാണ് വിശ്വാസപരിശീലന ക്ലാസുകളാക്കി മാറ്റുന്നത്. കൂടാതെ, ഈ സ്ഥലം പാരിഷ് ഹാളായി ഉപയോഗിക്കാനുമാകും.
 
തോമസ് കാച്ചപ്പിള്ളി, രജി കൊട്ടുകാപ്പള്ളി എന്നിവർ കൺവീനറും സോണി കുര്യൻ ജോയിന്റ് കൺവീനറുമായ ചർച്ച് ഡവലപ്‌മെന്റ് കമ്മിറ്റി 2017ലാണ് ദൈവാലയം വാങ്ങി പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇപ്പോഴത്തെ കൈക്കാരന്മാരായ ബാജി ഇട്ടീര, ജോസ് ആനിത്തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
 
ഏതാണ്ട് നാല് ഏക്കർ സ്ഥലത്താണ് ദൈവാലയം സ്ഥിതിചെയ്യുന്നതിനാൽ, ഭാവി വളർച്ചയ്ക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. 300 കുടുംബങ്ങളിലായി ഏതാണ്ട് ആയിരം അംഗങ്ങളുള്ള കൂട്ടായ്മയാണ് ഇന്ന് സെന്റ് തോമസ് ഇടവക. 417 കുട്ടികൾ മതബോധനം നടത്തുന്ന ഇടവകയിൽ സീറോ മലബാർ യുവജന വിഭാഗം, മാതൃവേദി എന്നീ സംഘടനകളും സജീവമാണ്.
 
 
ദൈവത്തിനും ദൈവജനത്തിനും നന്ദി പറഞ്ഞ് വികാരി ഫാ. വാവോലിൽ
 
ഈശോയിൽ പ്രിയപ്പെട്ടവരേ ബ്രിസ്‌ബേൻ സൗത്ത് സെയിന്റ് തോമസ് ഇടവകയെ സംബന്ധിച്ചിടത്തോളും വലിയ സന്തോഷത്തിന്റെ ആഹ്ലാദത്തിന്റെ ദിവസമാണ്. ദൈവം കനിഞ്ഞനുഗ്രഹിച്ച ദിനം. ദൈവത്തിന് ഒത്തിരിയേറെ നന്ദിയോടെയാണ് ഇന്നിവിടെ നിൽക്കുക. ദൈവത്തിന്റെ പരിപാലന ഒന്നുകൊണ്ട് മാത്രമാണ് ഇന്നിവിടെ വലിയ അനുഗ്രഹം കിട്ടിയിരിക്കുന്നത്. നിരവധി പേരുടെ പ്രാർത്ഥനയും സാമ്പത്തിക സംഭാവനകളുടെയെല്ലാം ക~ിനാധ്വാനത്തിന്റെയെല്ലാം സത്ഫലമാണ് ഇന്ന് കൂദാശചെയ്യപ്പെടുന്നത്.
 
തീർച്ചയായും ദൈവത്തിനു പ്രത്യേകമായി നന്ദി പറയുന്നു. ഇടവക ജനത്തിനൊപ്പം ഇടവകയ്ക്ക് പുറത്തുള്ള നിരവധിപേരും ഈ ഉദ്യമത്തെ സഹായിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി അർപ്പിക്കുന്നു. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, ദൈവത്തിന്റെ പരിപാലന നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ഈ ദൈവാലയും വിശ്വാസ പരിശീലനകേന്ദ്രവും വഴി വലിയ വിശ്വാസവളർച്ച ദൈവജനത്തിന് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. നിരവധി പ്രേഷിത പ്രവർത്തകർ ഈ സ്ഥലത്തുനിന്ന് ഉണ്ടാവട്ടെയെന്നും ആശംസിക്കുന്നു.
 
ലിബി എബ്രഹാം

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church