സീറോ മലബാർ സഭയുടെ ഭാവിയിൽ പ്രവാസികൾക്കു വലിയ പങ്ക്: മാർ താഴത്ത്::Syro Malabar News Updates സീറോ മലബാർ സഭയുടെ ഭാവിയിൽ പ്രവാസികൾക്കു വലിയ പങ്ക്: മാർ താഴത്ത്
11-October,2018

പ്രെസ്റ്റൺ: സീറോ മലബാർ സഭയുടെ ഭാവിയിൽ പ്രവാസികൾക്കു വലിയ പങ്കാണുള്ളതെന്നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെസ്ഥാപനത്തിന്‍റെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേകത്തിന്‍റെയും രണ്ടാം വാർഷികത്തോടനുബന്ധിച്ചു പ്രെസ്റ്റൺ സെന്‍റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രലിൽ കൃതജ്ഞതാബലിയിൽ പ്രധാന കാർമികനായി സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
 
തിരുസഭയുടെ നിലനിൽപ്പും ഭാവിയും യുവജനങ്ങളിലാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അംഗങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചുപോകുകയും നമ്മുടെ തനിമയും വ്യക്തിത്വവും അറിയുകയും പുതിയ തലമുറയ്ക്ക് അവയിൽ പരിശീലനം നൽകുകയും ചെയ്യൂമ്പോഴാണ് ആത്മബോധവും വിശ്വാസതീക്ഷ്ണതയുമുള്ള ഒരു സമൂഹമായി നമുക്കു വളരാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
രൂപതയിലെ വൈദികർ ഒന്നുചേർന്ന് അർപ്പിച്ച സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആമുഖ സന്ദേശം നൽകി. രണ്ടു വർഷമായി ഈ രൂപതയിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയണ്ട സമയമാണിതെന്നും രൂപതയുടെ വളർച്ചയ്ക്കുവേണ്ടി രൂപതാംഗങ്ങൾ പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു .
 
 
വിശുദ്ധ കുർബാനയ്ക്കുശേഷം രൂപതയുടെ വിവിധ റീജണുകളിൽനിന്ന് എത്തിയ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. രൂപതയുടെ രൂപീകരണത്തിന് മുൻപ് ബ്രിട്ടനിലെ സീറോ മലബാർ സഭാ കോഓർഡിനേറ്റർ ആയും കഴിഞ്ഞ രണ്ടു വർഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയും സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്കു മടങ്ങുന്ന റവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി. 
 
ഈമാസം 20 മുതൽ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകുന്ന ബൈബിൾ കൺവൻഷൻ, നവംബർ പത്തിനു ബ്രിസ്റ്റോളിൽ നടത്തുന്ന രൂപത ബൈബിൾ കലോത്സവം, ഡിസംബർ ഒന്നിന് ബിർമിംഗ് ഹാമിൽ നടക്കുന്ന കുട്ടികളുടെ കൺവൻഷൻ, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തുന്ന അജപാലന സന്ദർശനം എന്നിവയുടെ വിവരങ്ങൾ രൂപതാധ്യക്ഷൻ സമ്മേളനത്തിൽ അറിയിച്ചു . 
 
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടി, വികാരി ജനറാൾമാരായ ഫാ. സജിമോൻ മലയിൽപുത്തെൻപുര, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, റവ. ഡോ. മാത്യു പിണക്കാട്, റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ, റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ യുടെ നേതൃത്വത്തിലുള്ള രൂപതാ ഗായക സംഘം തിരുക്കർമങ്ങളെ ഭക്തി സാന്ദ്രമാക്കി.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church