യുവജന സിനഡ്: ചരിത്രം രചിക്കും യുവശക്തി::Syro Malabar News Updates യുവജന സിനഡ്: ചരിത്രം രചിക്കും യുവശക്തി
06-October,2018

സാധാരണം, പക്ഷേ, അസാധാരണം- ഒക്‌ടോബർ മൂന്നുമുതൽ 28വരെ വത്തിക്കാൻ വേദിയാകുന്ന 15-ാമത് സാധാരണ സിനഡ് സമ്മേളനത്തിന് മാധ്യമങ്ങളും നിരീക്ഷകരും നൽകിയിരിക്കുന്ന വിശേഷണമാണിത്. സാധാരണം (ഓർഡിനറി), അസാധാരണം (എക്‌സ്ട്രാ ഓർഡിനറി), പ്രത്യേകം (സ്‌പെഷൽ) എന്നിങ്ങനെ വേർതിരിക്കപ്പെട്ട ബിഷപ്‌സ് സിനഡുകളുടെ ചരിത്രത്തിൽ ഇതാദ്യമായി ‘യുവജനങ്ങൾ’ കേന്ദ്രസ്ഥാനത്ത് എത്തുന്നതുതന്നെ മേൽപ്പറഞ്ഞ വിശേഷണത്തിന് കാരണം. ‘യുവജനത- അവരുടെ വിശ്വാസവും ദൈവവിളിയും’ എന്നതാണ് ഇത്തവണത്തെ സിനഡിന്റെ വിഷയം.

യുവജനങ്ങൾക്ക് സഭയുടെ ശബ്ദം ശ്രവിക്കാനും സഭയ്ക്ക് യുവജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ, കർദിനാൾമാരും ബിഷപ്പുമാരും വൈദികരും യുവജനങ്ങൾ ഉൾപ്പെടെയുള്ള അൽമായരും അടക്കം 300ൽപ്പരംപേർ 26 ദിവസം സമ്മേളിക്കുമ്പോൾ അത് പുതുചരിത്രമാകും. അടഞ്ഞുകിടന്നസഭയിലേക്ക് വെളിച്ചവും ശുദ്ധവായുവും കടക്കാൻ വാതിൽ തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിനോളം പ്രാധാന്യം യുവജന സിനഡിന് നൽകുന്ന നിരീക്ഷകരുമുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന് സമാപ്തി കുറിച്ച പോൾ ആറാമൻ പാപ്പയുടെ നാമധേയത്തിലുള്ള ഹാൾ യുവജന സിനഡിന് വേദിയാകുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.

താരമാകും യുവജനങ്ങൾ

സഭയുടെ അജപാലന രംഗത്ത് യുവത്വം വെറും കാഴ്ചവസ്തുവോ നിശബ്ദ സാക്ഷികളോ അല്ല. അവർ ക്രിയാത്മക പങ്കാളികളും സഭയുടെ നല്ല ഭാവിക്കായിട്ടുള്ള മുന്നണി പടയാളികളും ആകണമെന്ന ഫ്രാൻസിസ് പാപ്പയുടെ ശക്തമായ കാഴ്ചപ്പാടിന്റെയും നിലപാടിന്റെയും ഫലമാണ് സഭാചരിത്രത്തിൽ യുവജനങ്ങൾക്കായി മാത്രം മാറ്റിവെച്ചിരിക്കുന്ന ഈസിനഡ്. അതുകൊണ്ടുതന്നെ ലോകയുവത്വത്തിന്റെ ആശങ്കകളും സ്വപ്‌നങ്ങളും തീർച്ചയായും സിനഡ് ചർച്ചകളിലും അന്തിമ തീരുമാനങ്ങളിലും നിഴലിക്കും എന്നതിൽ സംശയിമില്ല.

യുവജന സിനഡ് പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ 2017 ജനുവരിയിൽ യുവജനങ്ങൾക്കു നൽകിയ ആഹ്വാനം ശ്രദ്ധേയമായിരുന്നു: ‘യുവജനമേ കേൾക്കുക, നിങ്ങളെ കൂടാതെനന്മ നിറഞ്ഞ നവലോകം സൃഷ്ടിക്കുക സാധ്യമല്ല. തീർച്ചയായും നിങ്ങളുടെ പരിശ്രമങ്ങളും മാറ്റങ്ങൾ ഉൾക്കൊള്ളുന്ന നിങ്ങളുടെ വിശാലതയും ഔദാര്യതയും അതിന് അവിഭാജ്യ ഘടകമാണ്. വിശ്വാസ ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പങ്കുവെക്കാൻ മടിക്കരുത്. സഭ നിങ്ങളുടെ ശബ്ദത്തിനായി കാതോർക്കുന്നു. വിശ്വാസ സംബന്ധമായ നിങ്ങളുടെ ആശയങ്ങളും സംശയങ്ങളും വിമർശനങ്ങളും സ്വപ്‌നങ്ങളും തുറന്ന മനസോടെ നിങ്ങൾ പങ്കുവെക്കാൻ മറക്കരുത്.’

ഒരുക്കം, അമ്പരപ്പിക്കുംവിധം

പാപ്പയുടെ ആഹ്വാനം വാക്കുകൾക്കിപ്പുറം പ്രവൃത്തിപഥത്തിലേക്ക് നയിക്കപ്പെടുന്നതിനാണ് പിന്നീട് ലോകം സാക്ഷ്യംവഹിച്ചത്. സിനഡിന്റെ ‘പ്രവർത്തന രേഖ’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് 2017 ജൂൺ 17ന് പ്രത്യേക വെബ്‌സൈറ്റ് നിലവിൽ വന്നു. ആധുനിക യുവത്വത്തിന്റെ വിശ്വാസ സ്പന്ദനങ്ങൾ മനസിലാക്കാൻ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ജർമൻ ഭാഷകളിൽ തയാറാക്കിയ 53 ചോദ്യങ്ങൾ അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കാവുന്ന രീതിയിൽ വെബ്‌സൈറ്റ് പ്രകാശിതമായി.16നും 29നും ഇടയിൽ പ്രായമുള്ളവർ ദേശ, ഭാഷ, വർഗ, വർണ ഭേദമെന്യേ പങ്കെടുത്തു ഒരുപക്ഷേ, ലോകത്തിൽ ഇതുവരെ നടക്കാത്തവിധമുള്ള തുറന്ന സംവാദത്തിനാണ് അത് വേദിയൊരുക്കിയത്.

ഏകദേശം രണ്ടു ലക്ഷത്തിൽപ്പരം പേർ പങ്കെടുത്ത ഈ സർവേയിലൂടെ സമാഹരിച്ചത് 60,000 ൽപ്പരം പ്രതികരണങ്ങളാണ്. അതോടൊപ്പം, യുവജനങ്ങളുമായി ബന്ധപ്പെട്ട ശുശ്രൂഷകമേഖലകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രാദേശിക മെത്രാൻ സമിതികളിലേക്കും ചോദ്യാവലി അയച്ച് വിവരസമാഹരണം നടത്തി. സിനഡിന് മുന്നോടിയായി ഇക്കഴിഞ്ഞ മാർച്ചിൽ പ്രീ സിനഡും വത്തിക്കാനിൽ പാപ്പ വിളിച്ചുകൂട്ടി. അതിന്റെയെല്ലാം ആകെത്തുകയായി രൂപീകൃതമായ ‘ഇൻസ്ട്രമെന്റം ലബോറിസ്’ എന്ന രേഖയെ അടിസ്ഥാനമാക്കിയായിരിക്കും സിനഡ് ചർച്ചകൾ മുന്നേറുക.

യുവജനങ്ങളുമായി പേപ്പൽ മുഖാമുഖം

2017 സെപ്റ്റംബറിൽ യുവജനങ്ങൾക്കായി വത്തിക്കാനിൽ സംഘടിപ്പിച്ച സെമിനാറിലും പ്രവർത്തന റിപ്പോർട്ടിന്റെ അന്തിമ രൂപരേഖ തയാറാക്കാൻ 2018 മാർച്ചിൽ വത്തിക്കാനിൽ കൂടിയ പ്രീ സിനഡ് സമ്മേളനത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിവിധ മതവിഭാഗങ്ങളിൽപ്പെട്ട യുവജനസമൂഹങ്ങളുമായി പാപ്പ ആശയവിനിമയം നടത്തിയതും ശ്രദ്ധേയമായിരുന്നു. സഭയുടെ അടിസ്ഥാനവിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ സുവിശേഷം ആകർഷകമാംവിധം യുവജനങ്ങളിൽ എത്തിക്കാനും ജനങ്ങളുടെ ചോദ്യങ്ങൾക്ക് സുവിശേഷത്തിൽനിന്ന് ഉത്തരം നൽകാനും സഭയ്ക്ക് സാധിക്കണമെന്ന ഓർമപ്പെടുത്തലാണ്, പ്രീ സിനഡ് സമ്മേളനത്തിൽ പാപ്പയിൽനിന്ന് മുഴങ്ങിയത്.

അമേരിക്കൻ മെത്രാൻ സമിതിയുടെ യുവജന പ്രതിനിധിയായി പ്രീ സിനഡ് സമ്മേളനത്തിൽ പങ്കെടുത്ത കത്തോലിക്കാ എഴുത്തുകാരിയും വാഗ്മികിയുമായ കാത്തി പ്രജിയൻ മക്ഗ്രാടി പങ്കുവെച്ച കാര്യവും ഇത്തരുണത്തിൽ ശ്രദ്ധേയമായി:

‘സത്യം ഉറക്കെ വിളിച്ചുപറയാൻ മടി കാണിക്കാത്ത സഭയെയാണ് യുവജനങ്ങൾക്കുവേണ്ടത്, ആത്മാർത്ഥമായി സഭയുടെ പ്രബോധനങ്ങൾ പ്രഘോഷിക്കാൻ തയാറാകുന്ന ഒരു സഭയെയാണ് യുവജനങ്ങൾക്ക് വേണ്ടത്. സഭയുടെ പ്രബോധനങ്ങൾ വ്യക്തമായി ആളുകൾക്ക് മനസിലാകുംവിധം യുവജനങ്ങളിൽ എത്തിക്കാൻ സഭയ്ക്ക് സാധിക്കണം. ഇനിആ പ്രബോധനങ്ങൾക്കെതിരെ ഞങ്ങൾക്കു വിയോജിപ്പുണ്ടെങ്കിലും, പ്രബോധനങ്ങളുടെ പൂർണമായ അർത്ഥം ഞങ്ങൾക്കു മനസിലാകുന്നില്ലെങ്കിലും, ഒരുപാട് യുവജനങ്ങൾ സഭ ആ പ്രബോധനങ്ങൾ പ്രഘോഷിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു.’

യുവജനങ്ങളോട് പ്രത്യേക അടുപ്പം കാത്തുസൂക്ഷിക്കുകയും യുവജനശബ്ദം സഭയിൽ മുഴങ്ങി കേൾക്കണം എന്നു പറയുകയും ചെയ്യുന്ന, ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിൽ നടക്കുന്ന സിനഡ് സമ്മേളനത്തെക്കുറിച്ച് അതിനാൽതന്നെ വലിയ പ്രതീക്ഷയാണ് ലോകമെമ്പാടുമുളള യുവജനങ്ങൾക്കുള്ളത്. സിനഡിന് ഒരുക്കമായി അന്തിമ പ്രവർത്തന റിപ്പോർട്ട് തയാറാക്കുമ്പോൾ പ്രതിധ്വനിച്ചത്, കഴിഞ്ഞ ഒന്നര വർഷക്കാലം സഭ നേരിട്ടും ഓൺലൈനിലും ലോക യുവത്വവുമായി നടത്തിയ സംവാദങ്ങളിൽ ഉയർന്ന ചിന്തകളും ആശങ്കകളും ആക്ഷേപങ്ങളും വിമർശനങ്ങളുമാണെന്നത് സിനഡിന്റെ ജനകീയതയും സ്വീകാര്യതയും അരക്കിട്ടുറപ്പിക്കുന്നതാണ്.

സദ്വാർത്ത പ്രതീക്ഷിച്ച് ആഗോള യുവജനം

ഇന്നത്തെ യുവജനങ്ങളുടെ സ്പന്ദനം പല വിഷയങ്ങളിലും സഭ മനസിലാക്കുന്നില്ല. അല്ലെങ്കിൽ സഭയുടെ സ്വരം (ഭാഷ) പലപ്പോഴും യുവത്വത്തിന് അജ്ഞാതമാണ് എന്ന വിലയിരുത്തൽ ബന്ധപ്പെട്ട സഭാ നേതൃത്വം വളരെ ശ്രദ്ധയോടെയും കരുതലോടെയുമാണ് ഉൾക്കൊണ്ടത് എന്നതും ശ്രദ്ധേയമാണ്.

ഫ്രാൻസിസ് പാപ്പ ഈയിടെ രൂപികരിച്ച അപ്പസ്‌തോലിക ഭരണഘടന അനുസരിച്ചായിരിക്കും ഇത്തവണത്തെ സിനഡ് നടക്കുക എന്നതും മറ്റൊരു സവിശേഷതയാണ്. ‘എപ്പിസ്‌കോപ്പാലിസ് കമ്മ്യൂണിയോ’ എന്ന നാമധേയത്തിലുള്ള ഭരണഘടനാപ്രകാരാം സിനഡിൽനിന്ന് രൂപീകൃതമാകുന്ന പ്രമാണരേഖയ്ക്ക് ‘ഫോർമാ സ്‌പെസിഫിക്കാ’ എന്ന കാനോൻ നിയമ അംഗീകാരം പാപ്പ നൽകിയാൽ അത് സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ (ഓർഡിനറി മജിസ്റ്റീരിയം) ഭാഗമാകും. തീർച്ചയായും സദ് വാർത്തകളായിരിക്കും ഒക്ടോബറിലെ സിനഡിനുശേഷം ലോകം ശ്രവിക്കാൻ പോകുന്നത്.

യു.എസ് പങ്കാളിത്തം ശ്രദ്ധേയം

യു.എസിലെ സഭയിൽനിന്ന് പ്രഗത്ഭരായ ആറ് പ്രതിനിധികളാണ് സിനഡിൽ പങ്കെടുക്കുക്കുന്നത്‌. യു.എസ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഡാനിയേൽ ഡിനാർഡോ, മെത്രാൻ സമിതി ഉപാധ്യക്ഷനും ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പുമായ ജോസ് ഗോമസ്, ഫിലാഡൽഫിയ ആർച്ച്ബിഷപ്പ് ചാൾസ് ചാപ്യൂട്ട്, ബ്രിട്ജ്‌പോർട്ട് ബിഷപ്പ് ഫ്രാൻഗ് കാഗിയാനോ എന്നിവർക്കൊപ്പം ‘സുവിശേഷ വത്കരണത്തിനും മതബോധന’ത്തിനുമായുളള മെത്രാൻ സമിതി അധ്യക്ഷനും, ലോസ് ആഞ്ചലസ് അതിരൂപതാ സഹായ മെത്രാനുമായ റോബർട്ട് ബാരോണും സംഘത്തിലുണ്ട്. ഇതിനുപുറമെ, പാപ്പയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചിക്കാഗോ ആർച്ച്ബിഷപ്പ് ബ്‌ളേയ്‌സ് കുപ്പിച്ചും പങ്കെടുക്കുന്നുണ്ട്.

നവസുവിശേഷവത്കരണം വിശിഷ്യാ, യുവജനങ്ങൾക്കിടയിൽ എങ്ങനെ വിജയകരമായി നടപ്പാക്കാം എന്ന് തെളിയിച്ച ബിഷപ്പ് ബാരോൺ, ആർച്ച്ബിഷപ്പ് ചപ്യൂട്ട് എന്നിവരുടെ സാന്നിധ്യം കൂടുതൽ ശ്രദ്ധേയമാകും. പുതുതലമുറയിലെ യുവജനങ്ങൾക്ക് സഭാപ~നങ്ങളെക്കുറച്ച് കൂടുതൽ ബോധ്യം പകരുന്ന മാധ്യമാധിഷ്~ിത ശുശ്രൂഷയായ ‘വേർഡ് ഓൺ ഫയറി’ന്റെ ശിൽപ്പിയാണ് ബിഷപ്പ് ബാരോൺ. ഇന്ന് അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ തരംഗമായ മാറിയ ‘ഫോക്കസ്’ (ഫെലോഷിപ്പ് ഓഫ് കാത്തലിക്ക് യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ്) മിനിസ്ട്രിയുടെ ആരംഭകാലത്ത് പ്രധാന പിന്തുണ വഹിച്ച ഇടയനാണ് ആർച്ച്ബിഷപ്പ് ചാൾസ് ചാപ്യൂട്ട്. അക്കാലത്ത് അദ്ദേഹമായിരുന്നു ഡെൻവർ രൂപതാ ബിഷപ്പ്.

ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് ഭാരതത്തെ പ്രതിനിധീകരിക്കുക. സീറോ മലങ്കരമേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കത്തോലിക്കാ ബാവ, സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർക്കു പുറമെ നാലു ബിഷപ്പുമാരും വൈദിക, യുവജന പ്രതിനിധികളും സംഘത്തിലുണ്ട്.

 

സച്ചിൻ എട്ടിയിൽ/ ബിജു നീണ്ടൂർ


Source: sundayshalom

Attachments




Back to Top

Never miss an update from Syro-Malabar Church