സാമൂഹ്യശുശ്രൂഷകള്‍ ക്രിസ്തുവിന്‍റെയും സഭയുടെയും മുഖങ്ങള്‍ സമന്വയിപ്പിക്കുന്ന കണ്ണികള്‍: മാര്‍ ആലഞ്ചേരി::Syro Malabar News Updates സാമൂഹ്യശുശ്രൂഷകള്‍ ക്രിസ്തുവിന്‍റെയും സഭയുടെയും മുഖങ്ങള്‍ സമന്വയിപ്പിക്കുന്ന കണ്ണികള്‍: മാര്‍ ആലഞ്ചേരി
14-September,2018

കൊച്ചി: ക്രിസ്തുവിന്‍റെയും സഭയുടെയും മുഖങ്ങള്‍ സമന്വയിപ്പിക്കുന്ന കണ്ണികളായി സാമൂഹ്യശുശ്രൂകള്‍ മാറണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ്ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി.  സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് നെറ്റ്വര്‍ക്ക് (സ്പന്ദന്‍) ന്‍െറ നേതൃത്വത്തില്‍ കൊച്ചി പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച സീറോ മലബാര്‍ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമത്തില്‍ സമാപന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സാമൂഹ്യ സേവനങ്ങള്‍ ക്രൈസ്തവ സാക്ഷ്യത്തിനുള്ള മഹത്തായ അവസരങ്ങളാണ്. ഭാരതസഭയുടെ പൊതുവായ സാമൂഹ്യ ശുശ്രൂഷകളോട് ചേര്‍ന്ന് സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് നെറ്റ്വര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുമ്പോള്‍ സാക്ഷ്യത്തിനും വളര്‍ച്ചയ്ക്കുമുള്ള സാധ്യതകള്‍ കൂടിയാണ് വിശാലമാകുന്നത്. സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളെ കൂടുതല്‍ കരുതലോടെ കാണണം. സഭയുടെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെത്തിക്കുന്നതിന് മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് നെറ്റ്വര്‍ക്ക് സിനഡല്‍ കമ്മിറ്റി ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ കമ്മിറ്റി അംഗങ്ങളായ മാര്‍ ആന്‍റണി കരിയില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,  കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, സ്പന്ദന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ സംഗമത്തിലെ ചര്‍ച്ചകള്‍ക്കും ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കി.  സീറോ മലബാര്‍ സഭയിലെ ഉപവി-സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി സിനഡ് രൂപം നല്‍കിയിരിക്കുന്ന സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്മെന്‍റ് നെറ്റ്വര്‍ക്ക് (സ്പന്ദന്‍)ന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍  ഭാരതത്തിലെ സീറോ മലബാര്‍ രൂപതകളിലെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബഹു. വൈദികരും സീറോ മലബാര്‍ സഭയിലെ സമര്‍പ്പിത സമൂഹങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പേങ്കെടുത്തു.


Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church