സര്‍ക്കുലര്‍ ::Syro Malabar News Updates സര്‍ക്കുലര്‍
25-August,2018

Prot. No. 1522/2018                                    22 August 2018

സര്‍ക്കുലര്‍


മിശിഹായില്‍ പ്രിയ സഹോദരി സഹോദരന്മാരേ,

പ്രളയത്തിന് ഏറെക്കുറെ ശമനമായി. മഴമൂലവും അണക്കെട്ടുകള്‍ തുറന്നതുമൂലവുമുള്ള വെള്ളത്തിന്‍റെ വരവും നിലച്ചിട്ടുണ്ട്.  എങ്കിലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിശിഷ്യ, കുട്ടനാട്, ചെങ്ങന്നൂര്‍ മുതലായ പ്രദേശങ്ങളില്‍ പല വീടുകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ പുനരധിവാസവുമാണ് ഇനി നമ്മുടെ മുമ്പിലുള്ള പ്രധാന ധര്‍മ്മം.  സര്‍ക്കാരും  ഉദ്യോഗസ്ഥരും സഭയും പലതലങ്ങളിലുള്ള സന്നദ്ധസംഘടനകളും ഈ രംഗത്ത് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വളരെ ആശ്വാസകരമായ വസ്തുതയാണ്. യുവജനങ്ങളുടെ സാന്നിദ്ധ്യവും സജീവമാണ്.

കേരളത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്‍റെ പരിശ്രമങ്ങളെ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്.  കെ.സി.ബി.സി യുടെ പ്രസിഡന്‍റ് കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു വേണ്ടി ഒരു കോടി രൂപാ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇതര ക്രൈസ്തവ സഭകളും അപ്രകാരം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. .  കെ.സി.ബി.സി യുടെ സംഭാവനയില്‍ സീറോ മലബാര്‍ സഭയുടെ പങ്കും ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.സീറോ മലബാര്‍ സഭയുടെ പൊതുവായ ആഭിമുഖ്യത്തില്‍ പിരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു നല്‍കുന്നതാണ്. സര്‍ക്കാരിന്‍റെ പുനരധിവാസപ്രവര്‍ത്തനങ്ങളോട് സഹകരി ക്കുന്നതോടൊപ്പം നമ്മുടെ രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികം ആവശ്യമാണല്ലോ.  അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും സഹായസഹകരണങ്ങള്‍ നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നാം നിര്‍വഹിച്ച രീതി കേരളജനതയുടെ ഒത്തൊരുമയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഉത്തമ നിദര്‍ശനമായിരുന്നു.  അതില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍വഹിച്ച പങ്ക് അവിസ്മരണീയമാണ്.  പ്രധാനമായും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ പ്രദേശങ്ങളില്‍ നിന്നു വന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.  പത്തനംതിട്ട, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവിടങ്ങളില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത് അവരുടെ സാഹസികമായ യത്നത്തിലൂടെയാണ്.  ആരും ആവശ്യപ്പെട്ടിട്ടല്ല അവര്‍ വന്നത്; സ്വമേധയാ വള്ളങ്ങളും ബോട്ടുകളുമായി വന്നു.  നഷ്ടങ്ങളെക്കുറിച്ചോ, ചെലവുകളെക്കുറിച്ചോ അവര്‍ ചിന്തിച്ചില്ല.  അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ചെയ്തത്.  നമ്മുടെ കടലോരമക്കളുടെ വിശ്വാസത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും വലിയ ഒരു സാക്ഷ്യമാണ് ഇവിടെ പ്രകടമായത്. അവരിലൂടെ ദൈവത്തിന്‍റെ മഹത്വം ഈ സന്ദര്‍ഭത്തില്‍ പ്രകാശിതമാകുകയായിരുന്നു.

ദുരിതാശ്വാസക്യാമ്പുകളില്‍ കഴിഞ്ഞ ലക്ഷക്കണക്കിനാളുകള്‍ക്ക് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വലിയൊരു സാക്ഷ്യം നല്‍കുവാന്‍ എത്രയോ പേര്‍ സന്നദ്ധരായി. ഇപ്പോഴും ക്യാമ്പുകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. അതുപോലെ സൈന്യത്തിന്‍റെയും പോലീസിന്‍റെയും സേവനവും സമര്‍പ്പണത്തിന്‍റെ സാധകപാഠമായിരുന്നു. സഭയുടെ ഭാഗത്തുനിന്ന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ മെത്രാന്മാരും വൈദികരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സ്നേഹപൂര്‍വം അഭിനന്ദിക്കുന്നു.    ڇമനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെڈ (മത്തായി. 5 : 16). എന്ന സുവിശേഷ വചനം ഇവിടെ അന്വര്‍ത്ഥമായി.  പ്രളയത്തില്‍ ജീവഹാനി സംഭവിച്ചവരെയും അവരുടെ ദു:ഖിതരായ കുടുംബാംഗങ്ങളെയും നമുക്ക് ദൈവകാരുണ്യത്തിന് സമര്‍പ്പിക്കാം.


ഉരുള്‍പൊട്ടല്‍മൂലവും മണ്ണിടിച്ചില്‍ മൂലവും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണതുമൂലവും കുടുംബങ്ങള്‍ മുഴുവനായി തിരോധാനം ചെയ്ത ദു:ഖസംഭവങ്ങളും ഉണ്ടല്ലോ.  ഇത്തരം സംഭവങ്ങളില്‍ ദു:ഖിതരായിരിക്കുന്നവര്‍ക്ക് ആശ്വാസത്തിന്‍റെയും കരുതലിന്‍റെയും സഹായഹസ്തങ്ങള്‍ നീട്ടുവാന്‍ നമുക്ക് പരിശ്രമിക്കാം. ഈ പ്രളയത്തിന്‍റെ പ്രഹരത്തില്‍ നാം ഭഗ്നാശരാകേണ്ടതില്ല.  ദൈവം നമ്മോടുകൂടയെുണ്ട്.  മനുഷ്യന്‍റെ ദൗര്‍ബല്യങ്ങള്‍ തിന്മകള്‍ സൃഷ്ടിക്കുന്നതുപോലെ പ്രകൃതിയുടെ ദൗര്‍ബല്യവും ഈ പ്രളയത്തില്‍ പ്രകടിതമായി എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. എല്ലാ നഷ്ടങ്ങള്‍ക്കും ദൈവം പരിഹാരം തരും. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവത്തിലുള്ള പ്രത്യാശ കൈവെടിയാതെ നമുക്കൊന്നിച്ചു മുന്നേറാം. കാരുണ്യവാനായ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ !

ഈശോയില്‍ സ്നേഹപൂര്‍വ്വം,

കര്‍ദിനാള്‍  ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്

 കാക്കനാട് മൗണ്ട് സെന്‍റ് തോമസ്സിലുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ കാര്യാലയത്തില്‍ നിന്ന് 2018-ാം ആണ്ട്  ആഗസ്റ്റ് മാസം 22-ാം തിയതി നല്‍കപ്പെട്ടത്.


Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church