റോയി കൊട്ടാരച്ചിറ
തക്കല (തമിഴ്നാട്): മിഷനറിമാരുടെ പ്രവര്‍ത്തനംകൊണ്ടു വളര്‍ന്നുവികസിച്ച തക്കല രൂപതയിലെ വിശ്വാസികള്‍ക്കു പുതിയ ആയര്‍. ചങ്ങനാശേരി അതിരൂപതയുടെ കന്യാകുമാരി ജില്ലയിലെ മിഷന്‍പ്രവര്‍ത്തന മേഖലയാണു പിന്നീട് തക്കല ആസ്ഥാനമായുള്ള രൂപതയായി മാറിയത്. മിഷന്‍ പ്രവര്‍ത്തനരംഗമായ തക്കലയ്ക്കു പുതിയ ഇടയനായി വരുന്നതു മിഷനറിയായ ഫാ. ജോര്‍ജ് രാജേന്ദ്രന്‍ ആണെന്നതു ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി കരുതുകയാണ് ഇവിടത്തെ വൈദികരും സന്യസ്തരും വിശ്വാസികളും.
തക്കല രൂപതയിലെ ആദ്യ തദ്ദേശീയ മെത്രാനാണ് ഫാ. ജോര്‍ജ് രാജേന്ദ്രന്‍. രൂപതയുടെ ആദ്യമെത്രാനായിരുന്ന, ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി മറ്റൊരു ജോര്‍ജ് തക്കലയുടെ നായകനാകുന്നു എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ ഇടയില്‍അള്‍ത്താര ബാലനായും മിഷന്‍ ലീഗ് പ്രവര്‍ത്തകനായും യുവജന സംഘടന, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച കുട്ടി വളര്‍ന്നു പുരോഹിതനായും ഇപ്പോള്‍ മെത്രാനായും മാറുന്നത് അദ്ഭുതത്തോടെ കാണുകയാണു തക്കലയിലെ വിശ്വാസിസമൂഹം.
കേരളത്തോടു ചേര്‍ന്നുകിടക്കുന്ന പടന്താലുംമൂട് സേക്രഡ് ഹാര്‍ട്ട് ദേവാലയവും ഒഎംഎംഐ സന്യാസിനികളുടെ ജ്യോതി സെന്റര്‍ കോണ്‍വെന്റുമായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ വിശ്വാസജീവിതത്തെ സ്വാധീനിച്ചതെന്നു നിയുക്ത ബിഷപ്പിന്റെ സഹോദരി ഷീല പറഞ്ഞു.
പത്താം ക്ളാസും പ്ളസ്ടുവും പടന്താലുംമൂട് ടി.സി.കെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു ജോര്‍ജ് പഠിച്ചത്. സ്കൂള്‍ വിട്ടുവന്നാല്‍ വീടിനു സമീപത്തുള്ള പള്ളി പരിസരത്തായിരുന്നു കൂടുതല്‍ സമയം ചെലവിട്ടിരുന്നത്. പള്ളിയിലെ എല്ലാക്കാര്യങ്ങള്‍ക്കും മുന്‍നിരയില്‍. വളരെ താഴ്ന്ന സാമ്പത്തിക ചുറ്റുപാടിലുള്ള കുടുംബത്തെ സഹായിക്കാനും ക്ളാസില്ലാത്ത അവസരത്തില്‍ ജോര്‍ജ് ശ്രദ്ധിച്ചിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ചെറിയ ജോലികള്‍ക്കു പോയി കിട്ടുന്ന പണം പിതാവിനെ ഏല്‍പ്പിക്കും.
പ്ളസ്ടു പാസായ ജോര്‍ജിനെ മാതാപിതാക്കള്‍ നാഗര്‍കോവിലിലുള്ള മണക്കാട് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ത്തെങ്കിലും അപ്പോഴേക്കും സലേഷ്യന്‍ സഭയില്‍ ചേരാനുള്ള അറിയിപ്പെത്തിയതിനാല്‍ കോളജില്‍ പോയില്ല. തനിക്ക് ഒരു മിഷനറി വൈദികനാകണമെന്നാണ് ആഗ്രഹമെന്നും തടയരുതെന്നും പ്ളസ് ടു പഠനംകഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം മാതാപിതാക്കളോടു പറഞ്ഞിരുന്നു. മകന്റെ ആഗ്രഹത്തിനു മാതാപിതാക്കള്‍ക്കും പൂര്‍ണയോജിപ്പായിരുന്നു.
ഫാ. ആന്റണി എളേച്ചംകളം, റവ.ഡോ. ജോസഫ് കരിമ്പാലില്‍ എന്നിവരാണു വൈദികനാകണമെന്ന ജോര്‍ജ്് രാജേന്ദ്രന്റെ ആഗ്രഹത്തിനു പ്രോല്‍സാഹനവും പിന്തുണയും നല്‍കിയത്. കരിമ്പാലില്‍ അച്ചന്‍ പടന്താലുംമൂട് പള്ളിയില്‍ വികാരിയായപ്പോഴാണ് ഗോഹാട്ടിയിലുള്ള സലേഷ്യന്‍ സെമിനാരിയില്‍ അദ്ദേഹം വൈദികപരിശീലനത്തിനു പോകുന്നത്. 2003 ഡിസംബര്‍ 29 നായിരുന്നു അദ്ദേഹത്തിന്റെ പൌരോഹിത്യ സ്വീകരണം.
തക്കല രൂപതാധ്യക്ഷനായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോമലബാര്‍ സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നു 2011 ജൂണ്‍ നാലുമുതല്‍ വികാരി ജനറാളായിരുന്ന മോണ്‍. ഫിലിപ്പ് കൊടിയന്തറ അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്നു രാവിലെ 10 നു നിയുക്ത ബിഷപ് തക്കല മെത്രാസന മന്ദിരത്തിലെത്തും. മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തോടൊപ്പമാണ് അദ്ദേഹം ഔദ്യോഗികമായി രൂപതാ ആസ്ഥാനത്തെത്തുന്നത്. 11 നു രൂപതാ പാസ്ററല്‍ സെന്ററായ സംഗമത്തില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ രൂപതയിലെ വൈദികരും സന്യസ്ഥരും അല്മായ പ്രതിനിധികളും പങ്കെടുക്കും.
1955 ഏപ്രല്‍ 29നു പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ മുല്‍ത്തോറും ഫിദേലിയും എന്ന തിരുവെഴുത്തിലൂടെ ചങ്ങനാശേരി അതിരൂപതയുടെ അജപാലനപരമായ അതിര്‍ത്തി പമ്പാനദിക്കപ്പുറത്തേക്കു വ്യാപിപ്പിച്ചതോടെയാണു തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സീറോ മലബാര്‍ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.
1960ല്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ മാത്യു കാവുകാട്ട് ഔദ്യോഗികമായി കന്യാകുമാരി മിഷനു കേന്ദ്രീകൃതമായ തുടക്കം കുറിച്ചു. അന്തരിച്ച
ഫാ. സക്കറിയാസ് കായിത്തറയുടെ നേതൃത്വത്തില്‍ 12 മിഷന്‍ കേന്ദ്രങ്ങള്‍ കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. 1965 മുതല്‍ സിഎംഐ സന്യാസവൈദികരും കന്യാകുമാരി മിഷനില്‍ സേവനത്തിനെത്തി. ആര്‍ച്ച്ബിഷപ്പുമാരായ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, മാര്‍ ജോസഫ് പവ്വത്തില്‍ എന്നിവരുടെ നേതൃത്വവും തുടര്‍ന്നുള്ള കാലഘട്ടത്തില്‍ കന്യാകുമാരിയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ വളര്‍ച്ചയുണ്ടാക്കി. മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി മെത്രാപ്പോലീത്തയായപ്പോള്‍ പുതിയ ദിശാബോധം കൈവരിച്ചു. രൂപതാ സ്ഥാപനത്തിലേക്കും അതു വഴിതെളിച്ചു.
1996 നവംബര്‍ 11 ന് അപ്പുഡ് ഇന്തോരും എന്ന പേപ്പല്‍ ബൂളയിലൂടെ വഴി തക്കല രൂപത സ്ഥാപിച്ചു. അന്നു ചങ്ങനാശേരി അതിരൂപതയുടെ പ്രോട്ടോസിഞ്ചെള്ളൂസായിരുന്ന ഫാ. ജോര്‍ജ് ആലഞ്ചേരിയെ തക്കലയുടെ ആദ്യ ഇടയനായി നിയോഗിച്ചു. 1997 ഫെബ്രുവരി രണ്ടിനു അദ്ദേഹം അഭിഷിക്തനായി. ആറു ഫൊറോനകളിലായി 60 ഇടവകകളും 35,000 ത്തോളം വിശ്വാസികളും തക്കല രൂപതയിലുണ്ട്.