ആദിവാസിക്കുടികളില്‍ സഹായവുമായിപ്പോയ സംഘം വനത്തിലെ ഗ്രാമത്തില്‍ കുടുങ്ങി::Syro Malabar News Updates ആദിവാസിക്കുടികളില്‍ സഹായവുമായിപ്പോയ സംഘം വനത്തിലെ ഗ്രാമത്തില്‍ കുടുങ്ങി
10-August,2018

കോതമംഗലം: ആദിവാസി കുടികളിലേക്കു ദുരിതാശ്വാസ സഹായവുമായിപ്പോയ വൈദികരും കന്യാസ്ത്രീകളും അത്മായരുമടങ്ങിയ ഏഴംഗസംഘം വെള്ളപ്പൊക്കത്തില്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒരു ദിവസം വനത്തിലെ ഗ്രാമത്തില്‍ കുടുങ്ങി. കല്ലേലിമേട് പ്രദേശത്തെ ആദിവാസി കോളനികളിലേക്കു ദുരിതാശ്വാസ സഹായവുമായി പോയതായിരുന്നു സംഘം. 
കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. തോമസ് പറയിടം, കല്ലേലിമേട് പളളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം, കുത്തുകുഴി പാറമേല്‍ ഫ്രാന്‍സിസ്, സിസ്റ്റര്‍ ജോണ്‍സി എംഎസ്‌ജെ, സിസ്റ്റര്‍ ഹേമ എംഎസ്‌ജെ, കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകയിലെ മാതൃവേദി അംഗങ്ങളായ പാറക്കുഴി ത്രേസ്യാമ്മ ആന്റണി, പുത്തംപേരൂര്‍ മേരിമ്മ മാത്യു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 
കനത്ത മഴയെ തുടര്‍ന്ന് വനപാത ഒലിച്ചു പോകുകയും പുഴയില്‍ വെള്ളം ഉയരുകയും ചെയ്തതോടെ ബ്ലാവന കടത്ത് സര്‍വീസ് നിര്‍ത്തിവച്ചു. ഇതോടെ ഇവര്‍ക്ക് തിരികെ മടങ്ങാനായില്ല. കോതമംഗലത്തു നിന്നു കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30നാണ് സംഘം പുറപ്പെട്ടത്. കല്ലേലിമേട് പ്രദേശത്ത് മഴക്കെടുതിയെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയംകുടി, തേരക്കുടി,  ഉറിയംപെട്ടി എന്നീ ആദിവാസി കുടികളില്‍ സഹായം എത്തിച്ച് വൈകുന്നേരത്തോടെ തിരികെ മടങ്ങുവാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
പൂയംകുട്ടി പുഴയില്‍ ബ്ലാവന കടത്ത് കടവ് കടന്നു മറുകരയെത്തി അവിടെനിന്നു ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഏറെയുള്ള ദുര്‍ഘടമായ കാനനപാതയിലൂടെ ജീപ്പില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ആദിവാസി കോളനികളില്‍ എത്തിയത്. ഉച്ചയോടെ കോളനിയിലെത്തിയ സംഘം കന്പിളിപ്പുതപ്പുകളും കുട്ടികള്‍ക്ക് സ്‌കൂള്‍ബാഗും കുടയും പഠനോപകരണങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്തു. 
കോതമംഗലത്തേക്ക് മടങ്ങുന്നതിനായി ബ്ലാവന കടത്തില്‍ വൈകുന്നേരം നാലോടെ ഇവര്‍ എത്തിയെങ്കിലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കടത്ത് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഏറെ നേരം കാത്തുനിന്നെങ്കിലും ജലനിരപ്പ് കുറയുകയോ കടത്ത് പുനരാരംഭിക്കുകയോ ചെയ്തില്ല. ഇതിനിടെ മറുകരയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസിന്റെ അഭ്യര്‍ഥന മാനിച്ച് കല്ലേലിമേട് പളളിയിലേക്ക് ഇവര്‍ തിരികെ മടങ്ങുകയായിരുന്നു. 
 ബ്ലാവനയില്‍നിന്നു മടങ്ങും മുന്പ്  ടെലഫോണില്‍ ബിഷപ്‌സ് ഹൗസില്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചതിനാല്‍ പരിഭ്രാന്തി ഒഴിവായി. പിന്നീട് കല്ലേലിമേട്ടിലെത്തിയ സംഘത്തിന് പള്ളിയിലും ഗ്രാമത്തിലെ ഭവനങ്ങളിലുമായി നാട്ടുകാര്‍ താമസസൗകര്യം ഒരുക്കി. ഇതിനിടെ രാത്രി വീണ്ടും മഴ കനത്തതോടെ ഇവര്‍ക്ക് മടങ്ങുവാനുള്ള ഏക മാര്‍ഗമായിരുന്ന വനപാതയും കുത്തിയൊലിച്ചുപോയി. ഇതോടെ മടക്കയാത്ര വീണ്ടും പ്രതിസന്ധിയിലായി. 
സ്ഥലത്ത് ഫോണിന് റേഞ്ച് ഇല്ലാതെ വന്നതോടെ പുറംലോകവുമായി ബന്ധപ്പെടുന്നതിനു സാധിക്കാതെ വന്നു. ഇന്നലെ രാവിലെ കല്ലേലിമേട് ഇടവകാംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെയുള്ള അന്പതോളം പേര്‍ ചേര്‍ന്ന് കഠിനാധ്വാനം ചെയ്തു വനപാത  താത്ക്കാലിക സഞ്ചാര യോഗ്യമാക്കിയാണ് സംഘത്തെ വീണ്ടും ബ്ലാവനയില്‍ എത്തിച്ചത്. 
പ്രദേശത്ത് ഉച്ചമുതല്‍ മഴകുറഞ്ഞു  ബ്ലാവനയില്‍ കടത്ത് സര്‍വീസ് പുനരാംരംഭിച്ചതോടെ ഇവര്‍ക്ക് മറുകരെ എത്താനായി. വൈകുന്നേരത്തോടെയാണ് കോതമംഗലത്ത് ഇവര്‍ തിരിച്ചെത്തിയത്. ബ്ലാവനകടവില്‍ പാലം നിര്‍മിക്കാത്തതിനാല്‍ ആദിവാസികളും കുടിയേറ്റ കര്‍ഷകരുമടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങള്‍  മഴക്കാലത്ത് അനുഭവിക്കുന്ന ദുരിതം നേരിട്ട് അനുഭവിച്ചറിയാനായെന്നു സംഘാംഗങ്ങള്‍ പറഞ്ഞു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church