ആര്‍സിഇപി കരാറിന്മേലുള്ള അഭിപ്രായവ്യത്യാസം കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു: ഇന്‍ഫാം::Syro Malabar News Updates ആര്‍സിഇപി കരാറിന്മേലുള്ള അഭിപ്രായവ്യത്യാസം കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു: ഇന്‍ഫാം
10-August,2018

കൊച്ചി: ചൈനയുള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നികുതിരഹിത ഇറക്കുമതി ലക്ഷ്യംവെയ്ക്കുന്ന ആര്‍സിഇപി സ്വതന്ത്രവ്യാപാരക്കരാറിന്മേല്‍ കേന്ദ്രസര്‍ക്കാരില്‍ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായഭിന്നത ഇന്ത്യയിലെ കര്‍ഷകസമൂഹം പ്രതീക്ഷയോടെ കാണുന്നുവെന്നും കര്‍ഷകവിരുദ്ധ കരാറിന്‍റെ തുടര്‍ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
സ്വതന്ത്രവ്യാപാരക്കരാറിലൂടെ ചൈനയുടെ വിപണിയായി ഇന്ത്യയെ തുറന്നു
കൊടുക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ മാത്രമല്ല, വ്യവസായ സംരംഭക തലങ്ങളിലും ഇന്ത്യയ്ക്ക് വന്‍ പ്രഹരമേല്‍ക്കുമെന്ന് 2018 മാര്‍ച്ച് 6ന് ചേര്‍ന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുസെക്രട്ടറിമാരുടെ സമ്മേളനം ഉയര്‍ത്തിക്കാട്ടിയതാണ് കരാര്‍ ചര്‍ച്ചകള്‍ തുടരുന്ന കാര്യത്തില്‍ പുനര്‍ചിന്തയ്ക്കിട നല്‍കിയിരിക്കുന്നത്.2018 ജൂലായ് ഒന്നുമുതല്‍ നാലുവരെ ടോക്കിയോയില്‍ നടന്ന ആര്‍സിഇപി മന്ത്രിതല സമ്മേളനത്തിന്‍റെയും 17 മുതല്‍ 27 വരെ ബാങ്കോക്കില്‍ നടന്ന 23-ാം ഉന്നതതല വിലപേശല്‍ സമ്മേളനത്തിന്‍റെയും തുടര്‍ച്ചയായി കരാര്‍ ചര്‍ച്ചകളില്‍ ഇനി തുടരണമോയെന്ന് ഇന്ത്യയ്ക്ക്നിലപാട് വ്യക്തമാക്കേണ്ടി വന്നിരിക്കുന്നു. നിലപാട് രൂപീകരണത്തിനായി ആഗസ്റ്റ് 7ന് കേന്ദ്രവാണിജ്യമന്ത്രി സുരേഷ് പ്രഭു അധ്യക്ഷനായി മന്ത്രിമാരായ പീയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, ഹര്‍ദ്ദീപ് പൂരി എന്നിവര്‍ അംഗങ്ങളുമായ മന്ത്രിതല സമിതിക്ക് രൂപം കൊടുത്തു. ഇന്ന് (ഓഗസ്റ്റ് 10 വെള്ളി) സമിതിയുടെ ആദ്യസമ്മേളനം ഡല്‍ഹിയില്‍ ചേരുന്നത് നിര്‍ണ്ണായകമായിരിക്കും. ഓഗസ്റ്റ് 30ന് സിംഗപ്പൂരില്‍ ചേരുന്ന ആര്‍സിഇപി അംഗരാജ്യങ്ങളുടെ മന്ത്രി തലസമ്മേളനത്തില്‍ ഇന്ത്യക്ക് നിലപാട് വ്യക്തമാക്കണം. വൈകിയ വേളയിലെങ്കിലും ഇക്കാലമത്രയും ഇന്‍ഫാം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ കര്‍ഷകപ്രസ്ഥാനങ്ങളുടെ സ്വതന്ത്രവ്യാപാരക്കരാറുകളിന്മേലുള്ള എതിര്‍പ്പും വിരുദ്ധ നിലപാട് ശരിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരില്‍ ഇപ്പോള്‍ രൂപംകൊണ്ടിരിക്കുന്ന മനംമാറ്റം. ഇന്ത്യ ഇതിനോടകം ഒപ്പിട്ട് അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിയിലൂടെ ഇപ്പോള്‍ ആഭ്യന്തര കാര്‍ഷികവിപണി തകര്‍ത്തു കൊണ്ടിരിക്കുന്ന ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ്ഇന്ത്യയിലെ കര്‍ഷകസമൂഹത്തിന്‍റെ നിലപാടെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Source: infarm

Attachments
Back to Top

Never miss an update from Syro-Malabar Church