സുറിയാനി പാരമ്പര്യങ്ങൾ സിറോ മലബാർ സഭ വളർത്തിയെടുക്കണം: മാർ ആലഞ്ചേരി ::Syro Malabar News Updates സുറിയാനി പാരമ്പര്യങ്ങൾ സിറോ മലബാർ സഭ വളർത്തിയെടുക്കണം: മാർ ആലഞ്ചേരി
09-August,2018

കാക്കനാട്: നഷ്ടപ്പെട്ടുപോയ സുറിയാനി പാരമ്പര്യങ്ങൾ സിറോ മലബാർ സഭ വളർത്തിയെടുക്കേണ്ടതുണ്ടെന്നു മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അമിത് ആൻഡ്രൂസ് പെരേപ്പാടൻ ഓണ്‌ലൈൻ സുറിയാനി സംഗീത മത്സര വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുറിയാനി സിറോ മലബാർ സഭയുടെ പാരമ്പര്യമാണ്. കുടുംബ പാരമ്പര്യങ്ങൾ നിലനിർത്തുന്നതുപോലെ തന്നെ സഭയാകുന്ന കുടുംബത്തിന്റെ പാരമ്പര്യങ്ങളും നിലനിർത്തണം.സിറോ മലബാർ സഭയ്ക്ക് സ്വന്തമായ പാരമ്പര്യങ്ങളെ വളർത്തിയെടുക്കുന്നത് മറ്റ് സഹോദര സഭകളുടെ പാരമ്പര്യങ്ങളെ വിലകുറച്ചുകാണലല്ല. ഇതര സഭകളുടെ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നതോടൊപ്പം നമ്മുടെ സഭയുടെ പാരമ്പര്യങ്ങളെ നാം വളർത്തിയെടുക്കണം. ഇത്തരത്തിൽ വിവിധങ്ങളായ പാരമ്പര്യങ്ങളുള്ള സഭകളുടെ കൂട്ടായ്മയാണ് സാർവ്വത്രിക സഭ.  വൃക്ഷം എത്ര വലുതാണെങ്കിലും വേരറ്റുപോയാൽ അതിനു നിലനില്പില്ലാത്തതുപോലെ പാരമ്പര്യങ്ങളില്ലാതെ സഭക്ക് അസ്തിത്വമില്ലെന്നും കർദിനാൾ ഓർമ്മിപ്പിച്ചു. ഹൃദയം സ്വർഗ്ഗത്തിലേക്കുയർത്തുന്നതാണ് വി. കുർബാനയിലെ സുറിയാനി ഈണങ്ങളെന്നും അദ്ദേഹം അനുസ്മരിച്ചു. സുറിയാനി ഭാഷയും പാരമ്പര്യങ്ങളും സംരക്ഷിക്കുവാനും കൈമാറുവാനും സഭാ തലത്തിൽ സ്ഥിരം സംവീധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.
 
റൂഹാമീഡിയ സിറോ മലബാർ വിശ്വാസികൾക്കായി ആഗോള തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി (താഴത്തുപള്ളി) ഒന്നാം സ്ഥാനത്തിനും, കുറവിലങ്ങാട് മർത്ത് മറിയം അർക്കദിയാക്കോൻ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന പള്ളിയും ബംഗളൂരു ധർമ്മാരാം സെന്റ് തോമസ് ഫൊറോനാ പള്ളിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി. മുത്തോലപുരം സെന്റ് സെബാസ്റ്റിയൻ പള്ളി, കളമശേരി സെന്റ് ജോസഫ് പള്ളി, സ്നേഹഭവൻ കൈപ്പുഴ ടീമുകൾ ജൂറിയുടെ പ്രത്യേക പുരസ്‌കാരങ്ങളും കരസ്ഥമാക്കി. സിറോ മലബാർ സഭാ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി റവ. ഫാ. ഫ്രാൻസിസ് പിട്ടാപ്പള്ളി സമ്മേളനത്തെ അഭിസംബോധന ചെയ്തു. അമിത് ആൻഡ്രുസിനെ അനുസ്മരിച്ചുകൊണ്ട് "കമ്പൽ മാറൻ" എന്ന സുറിയാനി ഗീതം സ്നേഹഭവൻ ടീം ആലപിച്ചു. സിറോ മലബാർ സഭയുടെ പ്രവാസി കേന്ദ്രമായ കുവൈറ്റ്, പ്രവാസി രൂപതകളായ മെൽബൺ, ഷിക്കാഗോ, മാണ്ഡ്യ, ഫരീദാബാദ്, മിഷൻ രൂപതയായ തക്കല എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 20 ടീമുകളാണ്  ചരിത്രത്തിൽ ആദ്യമായി ഓണ്ലൈനിൽ സംഘടിപ്പിക്കപ്പെട്ട സുറിയാനി സംഗീത മത്സരത്തിൽ പങ്കെടുത്തത്. റൂഹാ മീഡിയായുടെ ഫേസ്‌ബുക്ക് പേജിൽ നടത്തിയ മത്സരം 5 ലക്ഷത്തോളം പേരാണ് വീക്ഷിച്ചത്. വീഡിയോകൾക്ക് ലഭിച്ച ലൈക്കുകളുടെയും കാഴ്ച്ചക്കാരുടെ എണ്ണത്തിന്റെയും വിധികർത്താക്കളുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചത്.
 
ഫോട്ടോ: റൂഹാമീഡിയ അമിത് ആൻഡ്രുസ് പെരേപ്പാടൻ ഓൺലൈൻ സുറിയാനി സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോനാ പള്ളി (താഴത്തുപള്ളി) ടീം മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.

Source: rooha media

Attachments
Back to Top

Never miss an update from Syro-Malabar Church