കരിയർ ലക്ഷ്യംവെച്ച് മക്കളെ വേണ്ടെന്നു വെക്കുന്നത് നരബലിക്കുതുല്യം: പാപ്പ::Syro Malabar News Updates കരിയർ ലക്ഷ്യംവെച്ച് മക്കളെ വേണ്ടെന്നു വെക്കുന്നത് നരബലിക്കുതുല്യം: പാപ്പ
08-August,2018

വത്തിക്കാൻ സിറ്റി: മികച്ച കരിയർ കെട്ടിപ്പടുക്കാൻ കുട്ടികളെ വേണ്ടെന്നുവെക്കുന്നതും അവരെ അവഗണിക്കുന്നതും പ്രാചീനകാലത്തെ നരബലിക്ക് തുല്യമാണെന്ന് ഫ്രാൻസിസ് പാപ്പ. പ്രമാണങ്ങളെക്കുറിച്ചുള്ള പുതിയ മതബോധനപരമ്പരയുടെ ഭാഗമായി ഒന്നാമത്തെ പ്രമാണം വിശദീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പങ്കുവെച്ചത്. വിജാതീയ ദേവൻമാരോടുള്ള ആരാധന മാത്രമല്ല വിഗ്രഹാരാധന യെന്നും ഒന്നാം പ്രമാണത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
 
എന്തിനെയെങ്കിലും ജീവിതത്തിന്റെ കേന്ദ്രമാക്കാനുള്ള പ്രവണത മനുഷ്യസഹജമാണ്. വസ്തുക്കളോ രൂപങ്ങളോ ആശയങ്ങളോ സ്ഥാനങ്ങളോ ജോലിയോ ചിലപ്പോൾ പ്രാർത്ഥനപോലും വിഗ്രഹമായി പരിണമിക്കാം. ത്രിയേക ദൈവമാണോ അതോ എന്റെ പ്രതിച്ഛായയും വ്യക്തിപരമായ വിജയവുമാണോ എന്റെ ദൈവം എന്ന് ക്രൈസ്തവർ സ്വയം ചോദിക്കണം. ദൈവമല്ലാത്തതിനെ ദൈവികവൽക്കരിക്കാനുള്ള നിരന്തരപ്രലോഭനമാണ് വിഗ്രഹാരാധന.
 
കാഴ്ചയാണ് വിഗ്രഹാരാധനയുടെ ആദ്യപടി. വിഗ്രഹം ഒരു ദർശനമാണ്. പതിയെ അത് ഒരു ആകർഷണവും അഭിനിവേശവുമായി മാറും. വാസ്തവത്തിൽ ഒരോ വസ്തുക്കളിലുമുള്ള നമ്മുടെ തന്നെ പ്രതിഫലനമാണ് വിഗ്രഹം. ഉദാഹരണത്തിന് കാർ, സ്മാർട്ട്‌ഫോൺ, സ്ഥാനമാനം തുടങ്ങിയവ എന്നെത്തന്നെ പൂർണനാക്കാനുള്ള ഉപാധിയായിട്ടാണ് ഞാൻ മനസിലാക്കുന്നത്.
 
രണ്ടാമത്തെ ഘട്ടം അവയോടുള്ള ആരാധനയാണ്. വിഗ്രഹങ്ങൾക്ക് മുമ്പിൽ മനുഷ്യൻ തങ്ങൾക്കുള്ളതെല്ലാം സമർപ്പിക്കുന്ന ഘട്ടമാണിത്. എത്ര സ്ത്രീകളാണ് മണിക്കൂറുകൾ കണ്ണാടിക്കുമുമ്പിൽ ചെലവഴിക്കുന്നത്. സാമ്പത്തിക സംവിധാനങ്ങൾ കൂടുതൽ ലാഭത്തിനായി മനുഷ്യനെ ബലികഴിക്കുന്നു. പണവും ഒരു വിഗ്രഹമാണ്. ചില മനുഷ്യർ മറ്റുള്ളവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടും ചെയ്തുകൊണ്ടും ജീവിക്കുന്നു, കാരണം അവരുടെ പ്രതിച്ഛായ അവർക്ക് ദൈവമായി മാറിയിരിക്കുന്നു.
 
മൂന്നാമത്തെയും ഏറ്റവും ദുരന്തപൂർണവുമായ ഘട്ടം അടിമത്വമാണ്. ഈ ഘട്ടത്തിൽ നാം ഏത് വിഗ്രഹത്തിന്റെ അടിമയാണോ അതിനുവേണ്ടി മാത്രമായി ജീവിക്കാൻ ആരംഭിക്കും. യഥാർത്ഥ ദൈവം ജീവൻ എടുക്കുന്നവനല്ല, ജീവൻ നൽകുന്നവനാണ്. യഥാർത്ഥ ദൈവം വിജയത്തിന്റെ പ്രതിബിംബം വാഗ്ദാനം ചെയ്യുന്നവനല്ല, മറിച്ച് സ്‌നേഹിക്കാൻ പ~ിപ്പിക്കുന്നവനാണ്. യഥാർത്ഥ ദൈവം നമ്മുടെ മക്കളെ ബലിയായി ആവശ്യപ്പെടുന്നവനല്ല, സ്വന്തം മകനെ നമുക്കായി നൽകുന്നവനാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Source: sundayshalom.com

Attachments
Back to Top

Never miss an update from Syro-Malabar Church