മാന്നാനം: സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങള്‍ക്കു മാന്നാനം നാളെ സാക്ഷ്യംവഹിക്കും. കേരള സഭയിലെ ആദ്യ ആ ത്മീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഓര്‍മകളില്‍ സീറോ മലബാര്‍ സഭ നടത്തുന്ന പ്രേഷിത സംഗമത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുക്കും.
മാന്നാനം ആശ്രമദേവാലയത്തില്‍ രാവിലെ പത്തിനു സീറോ മലബാര്‍ സഭ മെത്രാന്മാര്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനമധ്യേ അദ്ദേഹം സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു രണ്ടിനു പ്രേഷിത സംഗമം നടക്കും. സമ്മേളനത്തില്‍ വടക്കേ ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
സീറോ മലബാര്‍ സഭയുടെ വടക്കേ ഇന്ത്യയിലെ ആദ്യമിഷന്‍ രൂപതയായ ഛാന്ദാ രൂപത സ്ഥാപിതമായതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണു പ്രേഷിത വര്‍ഷം ആചരിക്കാന്‍ സഭ ആഹ്വാനം ചെയ്തത്.
പ്രേഷിത വര്‍ഷാചരണത്തിന്റെ ഭാഗമായാണു മാന്നാനത്തു പ്രേഷിത സംഗമം നടത്തുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭാ സിനഡിനു സമാപനംകുറിക്കുന്നതു മാന്നാനത്തു മെത്രാന്മാര്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണെന്ന പ്രത്യേകതയുമുണ്ട്.
|