വിഷംപുരട്ടിയ വാക്കുകളിലെ ക്രൈസ്തവ വിരുദ്ധത::Syro Malabar News Updates വിഷംപുരട്ടിയ വാക്കുകളിലെ ക്രൈസ്തവ വിരുദ്ധത
11-July,2018

ഇന്ത്യയിലെ ക്രൈസ്തവസമൂഹം ഈ രാജ്യത്തിനുവേണ്ടി നിലകൊണ്ടതിന്റെയും ജാതി, മത, വര്‍ണ, വര്‍ഗ ഭേദമെന്യേ ഇവിടെയുള്ള എല്ലാ വിഭാഗം മനുഷ്യര്‍ക്കുവേണ്ടി പ്രയത്‌നിച്ചതിന്റെയും ചരിത്രം അറിയാത്തവരല്ല നമ്മുടെ നേതാക്കളും ജനപ്രതിനിധികളുമൊക്കെ. കാര്യം കാണാന്‍ അവര്‍ അക്കാര്യം പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍, അടുത്തകാലത്തായി ഈ രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ ഏതുവിധേനയും ഇകഴ്ത്താനും താറടിക്കാനും മനഃപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നു. എല്ലാ വിഭാഗം ക്രൈസ്തവരെയും, വിശിഷ്യ രാജ്യത്തെ കത്തോലിക്കാ സഭയെ പ്രത്യേകമായും ലക്ഷ്യമിട്ടുകൊണ്ടുള്ള അപവാദപ്രചാരണങ്ങളും അസത്യ പ്രസ്താവനകളും ചിലര്‍ ബോധപൂര്‍വം നടത്തുന്നു. 
ഉത്തരവാദപ്പെട്ട ജനപ്രതിനിധികളും മറ്റും ഇത്തരം പ്രസ്താവനകള്‍ നടത്തുന്‌പോള്‍ ചിലരെങ്കിലും അതു വിശ്വസിച്ചുപോവുക സ്വാഭാവികം. മാത്രമല്ല, നുണകള്‍ ആവര്‍ത്തിച്ചാല്‍ അതു സത്യമായി തോന്നിക്കൊള്ളുമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തം ഇന്ത്യയിലെ ആധുനിക ഗീബല്‍സുമാര്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്. ഇത്തരം അപവാദപ്രചാരണങ്ങളോടു മറ്റു പല സമൂഹങ്ങളെയുംപോലെ വികാരപരമായി പ്രതികരിക്കുന്ന സ്വഭാവമല്ല ക്രൈസ്തവര്‍ക്കുള്ളത്. പാദക്ഷാളനത്തിന്റെയും ഒരു കരണത്തടിച്ചാല്‍ മറുകരണംകൂടി കാട്ടണമെന്നുമൊക്കെയുമുള്ള മാതൃകയുടെയും പ്രബോധനങ്ങളുടെയും ചുവടുപിടിച്ചു ജീവിക്കുന്ന ക്രൈസ്തവര്‍ അപവാദപ്രചാരണങ്ങളെ ''ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു ക്ഷമിക്കണമേ'' എന്ന ക്രിസ്തുവാക്യത്തിലൂന്നിയാവും നേരിടുക. എന്നാല്‍, അബദ്ധധാരണകള്‍ അടിയുറയ്ക്കാനും എല്ലാവര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി ക്രൈസ്തവര്‍ മാറാനും ഇത്തരം ക്ഷമയും സഹിഷ്ണുതയും ഇടയാക്കുമെന്നു കരുതുന്നവരുമുണ്ട്.
ക്രൈസ്തവര്‍ രാജ്യസ്‌നേഹികളല്ലെന്നു സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചിലര്‍ ജോലിയായി ഏറ്റെടുത്തിരിക്കുന്നത്. അതിനനുസൃതമായ അബദ്ധപ്രസ്താവനകളുമായി ചിലര്‍  രംഗത്തെത്തുന്നു. ഇത്തരം നിലപാടുകളെ വര്‍ഗീയ അജന്‍ഡയുള്ള ചില മാധ്യമങ്ങളുടെ കൂട്ടുപിടിച്ചു പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നു. ഭൂരിപക്ഷ ഹൈന്ദവര്‍ മാത്രമല്ല, ന്യൂനപക്ഷ മതസ്ഥര്‍പോലും ക്രൈസ്തവരെ വെറുക്കണമെന്നൊരു ഗൂഢ അജന്‍ഡയും ചിലരുടെ പ്രസ്താവനകള്‍ക്കു പിന്നിലുണ്ടെന്നു സംശയിക്കണം. ആ  പരന്പരയില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നതു ബിജെപിയുടെ മുതിര്‍ന്ന നേതാവും മുംബൈ നോര്‍ത്ത് എംപിയുമായ ഗോപാല്‍ ഷെട്ടിയുടേതാണ്. ''ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു അവര്‍ സ്വാതന്ത്ര്യസമരത്തില്‍  പങ്കെടുത്തിട്ടേയില്ല'' എന്നതായിരുന്നു ഗോപാല്‍ ഷെട്ടിയുടെ സ്വാതന്ത്ര്യ സമര ചരിത്രപാഠം. മാത്രമല്ല, ഹിന്ദുക്കളും മുസ്ലിംകളും മാത്രമാണു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതെന്നും ഈ ചരിത്രവിശാരദന്‍ കൂട്ടിച്ചേര്‍ത്തു. എത്ര നല്ല ചരിത്രബോധം! 
 സിക്കുകാരും പാഴ്‌സികളുമായ എത്രയോ സ്വാതന്ത്ര്യസമരപോരാളികള്‍ നമുക്കുണ്ട്. അവരുടെ വോട്ട് കുറവാണെന്നതുകൊണ്ട് കൂടുതല്‍ വോട്ടുള്ളവരെമാത്രം പോരാളികളാക്കിയാല്‍ മതിയെന്നാണോ ബിജെപി എംപി കരുതുന്നത് മുംബൈ മലാഡിലെ മരോളില്‍ ഷിയ ഖബര്‍സ്ഥാന്‍ സംഘടിപ്പിച്ച ഈദ് മിലാദ് പരിപാടിയിലായിരുന്നു ഗോപാല്‍ ഷെട്ടിയുടെ ഈ ചരിത്ര ക്ലാസ്. തന്റെ മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരെ ഷെട്ടിക്ക് ഉപേക്ഷിക്കാനാവില്ല. ക്രിസ്ത്യാനികളുടെ വോട്ടില്ലെങ്കിലും പാര്‍ലമെന്റിലെത്താനായേക്കും. മാത്രമല്ല, മറ്റു പല സമുദായങ്ങളെയും ഇത്തരത്തിലുള്ള ചരിത്രവിരുദ്ധമോ അല്ലാത്തതോ ആയ അവഹേളനങ്ങള്‍ക്കു വിധേയമാക്കിയാല്‍ പ്രതികരണം രൂക്ഷമാകുമെന്നും അതു തന്റെ രാഷ്ട്രീയ ഭാവിയെപ്പോലും തകരാറിലാക്കുമെന്നും ഗോപാല്‍ ഷെട്ടിയെപ്പോലുള്ള നേതാക്കള്‍ക്കു നന്നായറിയാം. ക്രിസ്ത്യാനികളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ വാര്‍ത്ത വളച്ചൊടിക്കല്‍ വാദവുമായി ഷെട്ടി രംഗത്തെത്തിയിട്ടുണ്ട്. 
എന്താണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ക്രൈസ്തവരുടെ പങ്ക് വസ്തുനിഷ്ഠമായി ഇന്ത്യാ ചരിത്രം പഠിച്ചവരെല്ലാം അക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയതയ്ക്കു ബീജാവാപം ചെയ്ത, സ്വാതന്ത്ര്യസമര പോരാട്ടത്തിനു നടുനായകത്വം വഹിച്ച, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവത്കരണത്തിനു വഴിയൊരുക്കിയ ബ്രിട്ടീഷുകാരനും ക്രൈസ്തവനുമായ എ.ഒ. ഹ്യൂമാണ്. 1887ല്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത 607 പ്രതിനിധികളില്‍ ഇന്ത്യക്കാരായ നിരവധി ക്രൈസ്തവരുണ്ടായിരുന്നു. ക്രൈസ്തവ വിശ്വാസം പിഞ്ചെന്ന ആനി ബസന്റ്, പണ്ഡിത രമാഭായി സരസ്വതി, കാളിചരണ്‍ ബാനര്‍ജി എന്നിവരൊക്കെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉറച്ച ദേശീയവാദികളുമായിരുന്നു.
 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1929ലെ ലാഹോര്‍ പ്രമേയം സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക രേഖയായിരുന്നു. പ്രവിശ്യാ നിയമനിര്‍മാണ സഭകളില്‍നിന്നു കോണ്‍ഗ്രസ് അംഗങ്ങളെല്ലാം രാജിവച്ചത് ഇതെത്തുടര്‍ന്നാണ്. നാട്ടുരാജാക്കന്മാരുടെ ഭരണത്തിലുള്ള പ്രദേശങ്ങളെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള സ്വാതന്ത്ര്യസമര തന്ത്രം രൂപപ്പെട്ടതും ഈ സമ്മേളനത്തിലാണ്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള പ്രസിഡന്‍സികളില്‍ സ്വാതന്ത്ര്യപോരാട്ടം ശക്തമാക്കാനും നാട്ടുരാജ്യങ്ങളെ സ്വാതന്ത്ര്യാനന്തരം യൂണിയനിലേക്കു കൊണ്ടുവരുവാനുമുള്ള നീക്കമായിരുന്നു അത്. നാട്ടുരാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടം ഊര്‍ജിതമാകാതിരുന്നതും ഇക്കാരണത്താലാണ്. ക്രൈസ്തവര്‍ കൂടുതലുള്ളതും ഈ പ്രദേശത്തായിരുന്നു. എന്നിട്ടും എത്രയോ ദേശസ്‌നേഹികളായ ക്രൈസ്തവ സ്വാതന്ത്ര്യസമരസേനാനികളെ ഈ കൊച്ചുകേരളം മാത്രം സമ്മാനിച്ചു. 
സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക ഘട്ടമായ ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായ ദണ്ഡിയാത്രയ്ക്കായി മഹാത്മാഗാന്ധിയെ അനുഗമിച്ച സബര്‍മതി ആശ്രമത്തിലെ 78 ആശ്രമവാസികളില്‍ തിരുവിതാംകൂറില്‍നിന്നുള്ള മാര്‍ത്തോമ്മാ ക്രിസ്ത്യാനിയായ തേവര്‍തുണ്ടിയില്‍ ടൈറ്റസ് ടൈറ്റസും ഉള്‍പ്പെടുന്നു. അക്കാലത്ത് ഏകദേശം അറുപതു ലക്ഷം പേര്‍ മാത്രമുണ്ടായിരുന്നിട്ടും ഇന്ത്യയിലെ ക്രൈസ്തവസമൂഹം സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക സാന്നിധ്യമായി മാറി.
തിരുവിതാംകൂറിലെ  സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കു വേദിയൊരുക്കിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതാക്കളായ ടി.എം. വര്‍ഗീസ്, എ.ജെ. ജോണ്‍, അക്കാമ്മ ചെറിയാന്‍ എന്നിവര്‍ തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനു വഴിയൊരുക്കുന്നതിനു നല്‍കിയ നേതൃത്വവും ചരിത്രത്താളുകളില്‍ ഉണ്ട്. സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അന്തസുയര്‍ത്തിയ വ്യക്തിത്വങ്ങളായി ആനി മസ്‌ക്രീനും അക്കാമ്മ ചെറിയാന്‍-റോസമ്മ പുന്നൂസ്  സഹോദരിമാരുമൊക്കെ  അറിയപ്പെടുന്നു. സ്വാതന്ത്ര്യസമരത്തിലും അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടെ രൂപകല്പനയ്ക്കും നിര്‍ണായക സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ നേതാക്കളുടെ നീണ്ടനിരതന്നെയുണ്ട്. 
മിഷനറിമാരുടെ സേവനങ്ങളെ മതപരിവര്‍ത്തനവുമായി മാത്രം ബന്ധപ്പെടുത്തി ആരോപണമുയര്‍ത്തുന്നവര്‍ അവരിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസരംഗത്തും ആതുരസേവനരംഗത്തും ഉണ്ടായിട്ടുള്ള പുരോഗതി കണ്ടില്ലെന്നു നടിക്കുകയാണ്. ക്രൈസ്തവ സഭയുടെ കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ അജപാലനത്തിന്റെയും  പ്രഘോഷണത്തിന്റെയും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം  മതപരിവര്‍ത്തനമായിരുന്നുവെങ്കില്‍ ഇന്നു ഭാരതത്തില്‍ ജസംഖ്യയില്‍ 25 ശതമാനമെങ്കിലും  ക്രിസ്ത്യാനികള്‍ കാണുമായിരുന്നു. 

സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടു പിന്നിടുന്‌പോഴും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ രണ്ടര ശതമാനത്തില്‍ താഴെയാണെന്ന കാര്യവും മതപരിവര്‍ത്തനവാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. ജീവിക്കുന്ന സമൂഹത്തില്‍ ക്രൈസ്തവസാക്ഷ്യം നല്‍കുക എന്നതാണു യഥാര്‍ഥ ക്രിസ്ത്യാനിയുടെ ദൗത്യം. ഭാരതത്തിലെ ക്രൈസ്തവര്‍ ആ ദൗത്യനിര്‍വഹണത്തിലാണ് എന്നും ഏര്‍പ്പെട്ടിരുന്നത്. അപവാദങ്ങളും അസത്യങ്ങളും ചാര്‍ത്തി ആ പ്രേഷിതചൈതന്യം ആര്‍ക്കും കെടുത്താനാവില്ല.


Source: deepika.

Attachments
Back to Top

Never miss an update from Syro-Malabar Church