ക്രൈസ്തവ സഭകൾക്ക് നവ്യാനുഭവമായി ഓൺലൈൻ സുറിയാനി സംഗീത മത്സരം ::Syro Malabar News Updates ക്രൈസ്തവ സഭകൾക്ക് നവ്യാനുഭവമായി ഓൺലൈൻ സുറിയാനി സംഗീത മത്സരം
11-July,2018

സിറോ മലബാർ സഭയിലെ വിവിധ രൂപതകളിലെയും പ്രവാസി കേന്ദ്രങ്ങളിലെയും വിശ്വാസികൾക്കായി  റൂഹാ മീഡിയ അണിയിച്ചൊരുക്കുന്ന ഓൺലൈൻ സുറിയാനി ആരാധനാ സംഗീത മത്സരം പുതു അനുഭവമാകുന്നു.  സഭയുടെ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സുറിയാനി ഗീതങ്ങളാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്നത്. റൂഹാ മീഡിയായുടെ ഫേസ്‌ബുക്ക് പേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന വീഡിയോകൾക്ക് ജൂലൈ 30 വരെ ലഭിക്കുന്ന ലൈക്കുകളുടെയും കാഴ്ചക്കാരുടെ എണ്ണത്തിന്റെയും വിധികർത്താക്കളുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുന്നത്. കേരളത്തിലെ വിവിധ രൂപതകൾക്ക് പുറമേ പ്രവാസി കേന്ദ്രമായ കുവൈറ്റ്, ബാഹ്യ കേരള രൂപതകളായ ഫരീദാബാദ്, മാണ്ട്യ, ഷിക്കാഗോ, മെൽബൺ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നു. സിറോ മലബാർ സഭയുടെ മിഷൻ രൂപതയായ തക്കലയിൽ നിന്നുള്ള തമിഴ് കുട്ടികളുടെ ടീമും പ്രത്യേകം ശ്രദ്ധ നേടി. ജൂലൈ 7 ശനിയാഴ്ച്ച രാവിലെ ആരംഭിച്ച പ്രദർശനത്തിന് വിശ്വാസികളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് മത്സരം വീക്ഷിച്ചത്.
 
ഈശോയും ശിഷ്യന്മാരും സംസാരിച്ചിരുന്ന സുറിയാനിയായിരുന്നു ഭാരതത്തിലെ നസ്രാണികളുടെ  ആരാധനാ ഭാഷ. ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് മാത്രമാണ് സിറോ മലബാർ സഭയിൽ വി. കുർബാനയും പ്രാർത്ഥനകളും മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്. ആഗോള സഭയായി വളർന്നു കഴിഞ്ഞ സിറോ മലബാർ സഭയിൽ വിവിധ ഭാഷകൾ സംസാരിക്കുന്ന വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഘടകമാണ് വിശുദ്ധ ഭാഷയായ സുറിയാനി. പുതു തലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സുറിയാനി ഭാഷയും പാരമ്പര്യങ്ങളും വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 
 
തൃശൂരിൽ നിന്നും ഡൽഹിയിലേക്ക് കുടിയേറിയ പെരേപ്പാടൻ കുടുംബാംഗമായ പരേതനായ അമിത് ആൻഡ്രൂസിന്റെ സ്മരണാർത്ഥമാണ് മത്സരം. സുറിയാനി സഭകളുടെ ഐക്യത്തിനും സുറിയാനി ഭാഷയും സഭാ പാരമ്പര്യങ്ങളും വിശ്വാസികളിലേക്ക് എത്തിക്കുന്നതിനും പരിശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇതേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിറോ മലബാർ സഭയിലെ യുവജനങ്ങളുടെ മാധ്യമ സംരംഭമാണ് റൂഹാ മീഡിയ. മത്സരം വീക്ഷിക്കുവാൻ റൂഹാ മീഡിയയുടെ ഫേസ്‌ബുക്ക് പേജ് (www.facebook.com/RoohaMedia) സന്ദർശിക്കുക.

Source: Rooha Media

Attachments
Back to Top

Never miss an update from Syro-Malabar Church