മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ::Syro Malabar News Updates മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍
22-June,2018

എറണാകുളം - അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററെ (Administrator sede plena) നിയമിച്ചുകൊണ്ട് പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്താണ് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്നത്. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വ്വഹിക്കുന്നതായിരിക്കും.
2018 ജൂണ്‍ 22 വെള്ളിയാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 - ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയായിലും ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തി.
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പ് എന്ന സ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന സംജ്ഞയോട് ചേര്‍ത്തു പറഞ്ഞിരിക്കുന്ന ലെറല ുഹലിമ  എന്ന ലത്തീന്‍ ഭാഷയിലുള്ള പ്രയോഗം വഴി  അര്‍ത്ഥമാക്കുന്നത് ഇതാണ്. 
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാډാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരിക്കും നിര്‍വഹിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്ട്രേറ്റര്‍ നിയമനത്തോടെ സസ്പെന്‍റ് ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രസ്തുത സമിതികള്‍ക്ക് മാറ്റം വരുത്തുകയോ അവ പുന:സംഘടിപ്പിക്കുകയോ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികാരം ഉണ്ടായിരിക്കുന്നതാണ്.
 
എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തില്‍ 1947 ഫെബ്രുവരി 22 -നാണ് മാര്‍ മനത്തോടത്തിന്‍റെ ജനനം.  മാതാപിതാക്കള്‍ പരേതരായ കുര്യനും കത്രീനായും.  ഒരു സഹോദരനും അഞ്ചു സഹോദരിമാരുമുണ്ട്. കോടംതുരുത്ത് എല്‍.പി.സ്ക്കൂള്‍, കുത്തിയതോട് ഇ. സി. ഇ. കെ. യൂണിയന്‍ ഹൈസ്ക്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ ശേഷം എറണാകുളം സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി.  1972 നവംബര്‍ 4 -ന് പൗരോഹിത്യം സ്വീകരിച്ചു.  എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ദൈവാലയത്തില്‍ അസിസ്റ്റന്‍റ് വികാരിയായും കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്‍റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി.
എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദ്ദിനാള്‍ മാര്‍ ആന്‍റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകന്‍, ബന്ധ സംരക്ഷകന്‍, അതിരൂപതാ ചാന്‍സലര്‍, ആലോചനാസമിതി അംഗം, സേവ് - എ - ഫാമിലി പ്ലാന്‍ ഇന്ത്യ - യുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെമ്പ് പള്ളികളില്‍ വികാരി, ആലുവാ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം 1992 നവംബര്‍ 28 -ന് എറണാകുളം - അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.  പിന്നീട് 1996 നവംബര്‍ 11 -ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഇപ്പോള്‍ സി.ബി.സി.ഐ ഹെല്‍ത്ത് കമ്മീഷന്‍ മെംബര്‍, സീറോ മലബാര്‍  വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലകളിലും ശുശ്രൂഷ ചെയ്തുവരുന്നു.
23 -ാം തിയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കായില്‍ വച്ച് ഇന്‍ഡ്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിദ്ധ്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നതാണ്. 
ഫാ. ആന്‍റണി കൊള്ളന്നൂര്‍
മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സലര്‍

Source: SMCIM

Attachments




Back to Top

Never miss an update from Syro-Malabar Church