ഓര്‍മകളില്‍ മായാത്ത മാഞ്ഞൂസച്ചന്‍ ::Syro Malabar News Updates ഓര്‍മകളില്‍ മായാത്ത മാഞ്ഞൂസച്ചന്‍
06-August,2012

കുഞ്ഞുങ്ങളുടെ കൊച്ചേട്ടന്‍

 

ഡോ. സി.വി. ആനന്ദബോസ്

ഒരുകാലത്തു നാടിന്റെ ഭാവന തൊട്ടുണര്‍ത്തിയ ഒരു പദ്ധതിയുണ്ടായിരുന്നു. ഓണത്തിന് ഒരുപറ നെല്ല്. സ്കൂള്‍കുട്ടികള്‍ക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പായ്ക്കു ചെയ്തു വിതരണം ചെയ്യും; ഒപ്പം രാസവള മിശ്രിതവും. കുട്ടികള്‍ ഇതു മണ്ണില്‍ വിതയ്ക്കണം. വീട്ടിലാവാം, സ്കൂളിലാവാം. അധ്യാപകരും മാതാപിതാക്കളും വേണ്ട സഹായങ്ങളും ഒത്താശകളും ചെയ്തുകൊടുക്കും.

സാധാരണ സര്‍ക്കാര്‍ സ്കീമുകള്‍പോലെ ഉദ്ഘാടനത്തിലും ആഘോഷങ്ങളിലും പത്രവാര്‍ത്തകളിലും ഒതുങ്ങിനില്‍ക്കുമായിരുന്ന ഒരു പദ്ധതി. ഇതിന്റെ പിന്നിലെ ദര്‍ശനവും വിപുലമായ സാധ്യതകളുമുള്‍ക്കൊണ്ട ഒരു വ്യക്തി ഉണ്ടായിരുന്നു. ദീപിക ബാലസഖ്യത്തിന്റെ കൊച്ചേട്ടനായ ഫാദര്‍ മാഞ്ഞൂസ്.

കൊച്ചേട്ടന്‍ ഞങ്ങളില്‍ ചിലരെ കോട്ടയത്തെ ദീപിക ഓഫീസില്‍ വിളിച്ചുവരുത്തി. അന്നു ഞാന്‍ ദീപിക ബാലസഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. ഓണത്തിന് ഒരുപറ നെല്ല് എന്തെന്നു വിശദീകരിച്ചു. ഈ ദൌത്യം ബാലസഖ്യം ഏറ്റെടുക്കണം. എല്ലാ ശാഖകളിലും ഇതു നടപ്പാക്കണം. ഇതിനെക്കുറിച്ച് ഒരു ലേഖനമെഴുതി ദീപികയില്‍ പ്രസിദ്ധപ്പെടുത്താന്‍ ഞങ്ങളെത്തന്നെ ചട്ടംകെട്ടി. എഴുതുന്ന ചുമതല എനിക്കായിരുന്നു.

അവിടംകൊണ്ടും നിന്നില്ല. നെല്ലും വളവും സ്കൂളുകളില്‍ എത്തിക്കാന്‍ കൊച്ചേട്ടന്‍തന്നെ മുന്നിട്ടിറങ്ങി. യാത്രയില്‍ എന്നെയും കൂടെക്കൂട്ടി. രാത്രിയില്‍ ദീപികയുടെ അച്ചന്മാരുറങ്ങുന്ന ഹൌസില്‍ എന്നെയും താമസിപ്പിക്കും. എനിക്ക് കിടക്ക ഒരുക്കുന്നത് അച്ചന്‍ നേരിട്ടായിരുന്നു. കുട്ടിയാണെങ്കിലും അതിഥി ദേവോ ഭവഃ. പിറ്റേന്നു രാവിലെ ഒരു വാഹനത്തില്‍ ഞങ്ങള്‍ പുറപ്പെടും. വാഹനം മുന്‍കൂട്ടി തീരുമാനിച്ചപ്രകാരം ഒരു സ്കൂളില്‍ നിര്‍ത്തും. കുട്ടികളെല്ലാം സ്കൂള്‍ അസംബ്ളിയില്‍ സന്നിഹിതരായിരിക്കും.

മാഞ്ഞൂസച്ചന്‍ എന്നെ കുട്ടികള്‍ക്കു പരിചയപ്പെടുത്തും. ഞാനും അന്ന് ഒരു കുട്ടിതന്നെയാണ്. പ്രായപൂര്‍ത്തിയായിട്ടില്ല. എങ്കിലും അച്ചന്‍ പരിചയപ്പെടുത്തുന്നത് ഉത്തരവാദിത്തമുള്ള കുട്ടികളുടെ നേതാവിനെ എന്നനിലയിലാണ്. അറിയാതെതന്നെ നേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്ന കൊച്ചേട്ടന്‍ ശൈലി. എല്ലാവരുടേയും മുമ്പില്‍ ഓണത്തിന് ഒരുപറ നെല്ലിനെക്കുറിച്ച് പ്രസംഗിക്കാന്‍ കൊച്ചേട്ടന്‍ എന്നെ പ്രേരിപ്പിക്കും. പ്രസംഗത്തിനിടയില്‍ ഫലിതം പറഞ്ഞാല്‍ ആദ്യം ആസ്വദിച്ചു ചിരിക്കുന്നത് കൊച്ചേട്ടന്‍ ആയിരിക്കും. ഇടയ്ക്കു കൈയടി കിട്ടിയാല്‍ കൊച്ചേട്ടനും കൂടെക്കൂടും.

നൂറുകണക്കിനു സ്കൂളുകളിലാണ് അന്ന് കൊച്ചേട്ടന്‍ എന്നെ പ്രസംഗിക്കാന്‍ കൊണ്ടുപോയത്. തിരിഞ്ഞുനോക്കുമ്പോള്‍ ആ പരിശീലനം എത്ര അമൂല്യമാണെന്ന് ഓര്‍ത്തുപോകുന്നു. എങ്ങനെയാണ് ഒരു മിഷന്‍ നടപ്പാക്കേണ്ടത് എന്നതും ആ പര്യടനവേളയില്‍ നേരിട്ടു മനസിലാക്കാന്‍ ഇടയായി. വിശദാംശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഒരു ശൈലി ആയിരുന്നു കൊച്ചേട്ടന്റേത്. അദ്ദേഹം മുന്നില്‍ നിന്നല്ല നയിക്കുന്നത്. പിന്നില്‍നിന്ന് പ്രോത്സാഹിപ്പിക്കുകയേയുള്ളൂ. മഹത്തുക്കള്‍ക്കുമാത്രമുള്ള സിദ്ധിയാണിത്.

കൊച്ചേട്ടനോട് അന്നുതുടങ്ങിയ ബന്ധം ദൃഢമായിത്തന്നെ തുടര്‍ന്നു. പിന്നീട് അദ്ദേഹം മാന്നാനത്ത് കര്‍മലകുസുമത്തിന്റെ ചുമതല ഏറ്റെടുത്തപ്പോഴും ആശ്രമത്തില്‍പ്പോയി കാണാന്‍ ഇടയായിട്ടുണ്ട്. ചെറുപ്പത്തില്‍ നല്‍കിയ സ്നേഹവാത്സല്യങ്ങള്‍ അതേ ഹൃദ്യതയോടെ അദ്ദേഹം പകര്‍ന്നു നല്‍കുമായിരുന്നു. മാഞ്ഞൂസച്ചന്‍ ആരോടെങ്കിലും കയര്‍ക്കുകയോ മുഖം കറുത്തു സംസാരിക്കുകയോ ചെയ്യുന്നതു ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും ഒരു പുഞ്ചിരി ആ മുഖത്തെവിടെയോ ഒളിച്ചുവച്ചിരിക്കും, ഹൃദയനൈര്‍മല്യത്തിന്റെ പ്രതിഫലനം എന്ന മട്ടില്‍. സെന്റ് ബെര്‍ക്മാന്‍സ് കോളേജില്‍ ദീപിക ബാലസഖ്യത്തിന്റെ വാര്‍ഷികക്യാമ്പ് നടക്കുകയാണ്. ക്യാമ്പിന്റെ നടത്തിപ്പ് ചങ്ങനാശേരിയിലെ പ്രഗത്ഭന്മാരടങ്ങുന്ന ഒരു കമ്മിറ്റിക്കാണ്. നടനും സഹൃദയനുമായ ഡി. വര്‍ഗീസ് സാറാണ് ക്യാമ്പ് ചീഫ്. എല്ലാക്കാര്യങ്ങളും മുതിര്‍ന്നവരാണു ചെയ്യുന്നതെങ്കിലും ബാലസഖ്യത്തിന്റെ ഭാരവാഹികള്‍ കുട്ടികളായതുകൊണ്ട് അവര്‍വേണം മുന്നില്‍ നില്‍ക്കാന്‍ എന്നു മാഞ്ഞൂസച്ചനു നിര്‍ബന്ധമായിരുന്നു. നഗരത്തിലൂടെയുള്ള റാലിയില്‍ മുതിര്‍ന്ന പ്രഗത്ഭന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ മടിച്ചുനിന്ന എന്നെ കൈപിടിച്ചു മുന്നില്‍നിര്‍ത്തിയതു കൊച്ചേട്ടനാണ്. ഒരു ചെറിയ നിര്‍ദേശം ക്യാമ്പ് അംഗങ്ങള്‍ക്ക് കൊടുക്കണമെങ്കില്‍ അദ്ദേഹം അതു സ്വയം ചെയ്യില്ല. ഭാരവാഹികളായ കുട്ടികളില്‍ ആരെയെങ്കിലുംകൊണ്േട അതു ചെയ്യിക്കൂ.

കുഞ്ഞുങ്ങളെ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു പൈതൃകമാണല്ലോ നമുക്കുള്ളത്. കുഞ്ഞുങ്ങളെ എന്റടുത്തേക്ക് വിടുക; അവരെ തടയരുത് എന്നു യേശുദേവന്‍ പറഞ്ഞു. ഭാരതം എന്ന വാക്ക് ഭരതകുമാരനില്‍നിന്ന് ഉണ്ടായതാണ്. ദുഷ്യന്തന്റെയും ശകുന്തളയുടെയും പുത്രനായ ഭരതന്‍. അവന്റെ അച്ഛന്‍ അവനെ ആദ്യം കാണുന്നതു സിംഹത്തിന്റെ വായ് തുറന്നു പല്ലെണ്ണുന്ന ധീരകുമാരനായിട്ടാണ്. ഞാനൊരു ബാലന്‍ അശക്തനെന്നാകിലും മാനിയാമെന്നുടെ താതനെയോര്‍ക്കുവിന്‍ എന്നുപറഞ്ഞു പത്മവ്യൂഹത്തിലേക്ക് ഒറ്റയ്ക്ക് കടന്നുചെന്ന അഭിമന്യുവിനെക്കുറിച്ച് കേട്ടാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. നരന്നു താതന്‍ ശിശുവെന്നു നിര്‍ണയം എന്നാണല്ലോ കവി വചനം. വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍ എന്നു വൈലോപ്പിള്ളി പറയുന്നു.

ഈ പൈതൃകം പൂര്‍ണമായി സ്വാംശീകരിച്ച ഒരു വ്യക്തിത്വമായിരുന്നു മാഞ്ഞൂസച്ചന്റേത്. അദ്ദേഹത്തിന്റെ മനസ് കുഞ്ഞുങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയായിരുന്നു. ഓസ്കാര്‍ വൈല്‍ഡിന്റെ പ്രസിദ്ധമായ കഥയുണ്ടല്ലോ. ദി സെല്‍ഫിഷ് ജയന്റ്. ഒരിടത്ത് ഒരു രാക്ഷസന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ഒരു വലിയ പൂന്തോട്ടം. പൂന്തോട്ടത്തില്‍ നിറയെ പൂക്കള്‍. ഒരിക്കല്‍ രാക്ഷസന്‍ യാത്ര പോയി. ഇതിനിടയില്‍ കുഞ്ഞുങ്ങള്‍ പൂന്തോട്ടത്തില്‍ കയറി കളിച്ചു. പ്രകൃതി പൂക്കള്‍ വിരിയിച്ച് അവരെ സ്വാഗതം ചെയ്തു. തിരികെയെത്തിയ രാക്ഷസന് ഇതു പിടിച്ചില്ല. അയാള്‍ പൂന്തോട്ടത്തിന് ചുറ്റും ഒരു കന്മതില്‍ കെട്ടി. അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപ്പെടും എന്നൊരു ബോര്‍ഡും തൂക്കി. ഋതുക്കള്‍ മാറിവന്നു. ചുറ്റുപാടും പൂക്കളുടെ വസന്തോത്സവം. രാക്ഷസന്റെ തോട്ടത്തില്‍ മാത്രം ഒരു പൂ പോലുമില്ല. അയാള്‍ക്കു നിരാശയായി.

ഒരിക്കല്‍ അയാള്‍ കാണുന്നു. തോട്ടത്തിലെ വൃക്ഷച്ചില്ലകളില്‍ കുഞ്ഞുങ്ങള്‍ കയറി ഇരിക്കുന്നു. പ്രകൃതി പൂവുകള്‍ വിരിച്ച് മന്ദഹസിച്ചു കുഞ്ഞുങ്ങളെ എതിരേല്‍ക്കുന്നു. തോട്ടത്തിലെ കന്മതിലില്‍ ഉള്ള ഒരു വിടവിലൂടെ കുഞ്ഞുങ്ങള്‍ കയറിക്കൂടിയതാണ്. രാക്ഷസന്‍ തോട്ടത്തിലേക്ക് ഓടിയെത്തി. കുഞ്ഞുങ്ങള്‍ ഭയന്നുവിറച്ച് തോട്ടത്തിന് വെളിയിലേക്ക് രക്ഷപ്പെട്ടു. കുഞ്ഞുങ്ങള്‍ പോയതോടെ പൂക്കള്‍ കൊഴിഞ്ഞു. രാക്ഷസന് ഒരു കാര്യം മനസിലായി. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണു പ്രകൃതി പൂക്കള്‍ ഒരുക്കിയത്. അയാള്‍ ഒരു മഴുവെടുത്ത് തോട്ടത്തിനുചുറ്റുമുള്ള കന്മതില്‍ തകര്‍ത്തു. തോട്ടം കുഞ്ഞുങ്ങള്‍ക്കായി തുറന്നുകൊടുത്തു. പൂക്കള്‍ സുന്ദരങ്ങളാണ്. കുഞ്ഞുങ്ങളാണ് ഏറ്റവും സുന്ദരമായ പൂക്കള്‍. രാക്ഷസനു ബോധ്യമായി.

കുഞ്ഞുങ്ങള്‍ക്കു ചുറ്റും കന്മതില്‍ തീര്‍ക്കുന്നത് ഇഷ്ടമില്ലാത്ത ഒരു വ്യക്തി നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു. ഫാദര്‍ മാഞ്ഞൂസ് എന്ന കുട്ടികളുടെ കൊച്ചേട്ടന്‍. പറുദീസയിലെ നന്ദനോദ്യാനത്തില്‍ കുഞ്ഞുങ്ങള്‍ക്കിടയില്‍നിന്ന് ആ ധന്യാത്മാവ് പുഞ്ചിരി പൊഴിക്കുന്നുണ്ടാവും.

(യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാനായ ലേഖകന്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറി യായി വിരമിച്ച മുന്‍ ഐഎഎസ് ഓഫീ സറാണ്)

ഓര്‍മകളില്‍ മായാത്ത മാഞ്ഞൂസച്ചന്‍

ജോണ്‍ കച്ചിറമറ്റം

സ്വര്‍ഗത്തിലേക്കു യാത്രയായ മാഞ്ഞൂസ് കളപ്പുരയ്ക്കല്‍ അച്ചനെക്കുറിച്ച് എനിക്ക് ആയിരം ഓര്‍മകളാണ് ബാക്കിയുള്ളത്. ദീപിക ബാലസഖ്യം ലക്ഷം പുഷ്പമേള നടത്തിപ്പിനെക്കുറിച്ചുള്ള ഓര്‍മയാണ് എടുത്തു പറയാനുള്ളത്. ലക്ഷം പുഷ്പമേള എവിടെവച്ചു നടത്തണമെന്ന് നിരവധി ചര്‍ച്ചകള്‍ നടന്നു. പാലായാണ് അനുയോജ്യം എന്ന് ഞാന്‍ നിര്‍ദേശിച്ചു. നല്ല സാമ്പത്തികച്ചെലവു വരും, ഏറ്റെടുക്കാമെങ്കില്‍ പാലായില്‍തന്നെയാകാം എന്നു കൊച്ചേട്ടനായ മാഞ്ഞൂസച്ചന്‍ പറഞ്ഞു. ചരിത്ര സമ്മേളനം പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് എന്ന് തീരുമാനിച്ചു.

അടിയന്തരാവസ്ഥയുടെ കാലമാണത്. മുഖ്യാതിഥിയായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊണ്ടുവരാനുള്ള ചുമതല ദീപിക മാനേജിംഗ് എഡിറ്ററായിരുന്ന കൊളംബിയറച്ചന്‍ ഏറ്റെടുത്തു. ചടങ്ങിന്റെ ജനറല്‍ കണ്‍വീനര്‍ ഞാനായിരുന്നു. പാലായുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ സമ്മേളനത്തില്‍ ലക്ഷങ്ങള്‍ പങ്കുചേര്‍ന്നു. സമ്മേളനത്തിന്റെ മുഴുവന്‍ ചെലവും പാലായിലെ അഭ്യുദയകാംക്ഷികള്‍ ഏറ്റെടുത്തു. ഒരു ബാധ്യതയും ആര്‍ക്കുമുണ്ടായില്ല. ഒരു കുടയും ചൂടി മാഞ്ഞൂസച്ചന്‍ നടന്നുപോകുമ്പോള്‍ വിശുദ്ധനായ വൈദികന്‍ എന്ന് സമൂഹം പറയുന്നതു കേട്ടിട്ടുണ്ട്. ഡിസിഎല്‍ കൊച്ചേട്ടന്‍ എന്ന നിലയില്‍ അനേകായിരക്കണക്കിനു കുട്ടികളെ, രണ്ടു തലമുറകളെ മിടുക്കന്‍മാരും മിടുക്കികളുമായി അദ്ദേഹം പരിശീലിപ്പിച്ചു.

വലിയ മനുഷ്യസ്നേഹിയായിരുന്നു മാഞ്ഞൂസച്ചന്‍. 1974ല്‍ ഇടുക്കിയിലെ കൂമ്പന്‍പാറയില്‍ ഉരുള്‍പൊട്ടി വന്‍നാശമുണ്ടായി. ഉരുള്‍പൊട്ടല്‍ വേളയില്‍ ഞാനും അച്ചനും കൂമ്പന്‍പാറയിലുണ്ട്. നൂറു കണക്കിനു പേര്‍ക്ക് ഭവനങ്ങളും കൃഷിയിടങ്ങളും നഷ്ടമായി. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ അച്ചന്‍ ഡിസിഎല്‍ അംഗങ്ങളെ കര്‍മനിരതരാക്കി.

കുട്ടികള്‍ ശേഖരിച്ച അരിയും കപ്പയും ഒരു ലോറിയില്‍ കയറ്റി കൂമ്പന്‍പാറയില്‍ ഞങ്ങള്‍ വിതരണം ചെയ്തു. അച്ചനെയും ഡിസിഎല്‍ പ്രവര്‍ത്തകരായ ഞങ്ങളെയും വികാരവായ്പോടെയാണ് എല്ലാം നഷ്ടമായ ആ ജനത സ്വീകരിച്ചത്. ഉരുള്‍ ഉരുട്ടിമറിച്ച മണ്ണിലൂടെ അച്ചനും ഞങ്ങളും നടന്നു ദേശവാസികളെ ആശ്വസിപ്പിച്ചാണു മടങ്ങിയത്. തികഞ്ഞ ഒരു ജനസേവകനെപ്പോലെ, മറ്റൊരു നോട്ടത്തില്‍ ഒരു തൊഴിലാളിയെപ്പോലെ ലോറിയില്‍നിന്ന് അച്ചന്‍ ചാക്കു കെട്ടുകള്‍ ഇറക്കുന്നത് ഓര്‍മയില്‍ നിന്നു മാഞ്ഞിട്ടില്ല.

ദീപികയുടെയും ദീപിക ബാലസഖ്യത്തിന്റെയും പെരുമ ലോകമെങ്ങും വിശാലമാക്കാന്‍ കഠിനശ്രമം നടത്തിയ സമര്‍പ്പിത സേവകനായിരുന്നു പുണ്യജീവിതം നയിച്ച ഫാ. മാഞ്ഞൂസ് കളപ്പുര സിഎംഐ. പതിറ്റാണ്ടുകളോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായതു വലിയ ഭാഗ്യമായി കരുതുന്നു.വെളിച്ചം വിതറി കടന്നുപോയ മഹാന്‍

എസ്. അബ്ദുള്‍ ഖാദര്‍ കുഞ്ഞ് (ഡിസിഎല്‍ കൊല്ലം കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)

ഒരു ആയുഷ്കാലത്തിന്റെ മധുരിമ പകരുന്ന ഓര്‍മകളാണു ഫാ. എം.ജെ കളപ്പുരയ്ക്കല്‍ എന്ന കൊച്ചേട്ടനെക്കുറിച്ചു കുറിക്കുമ്പോള്‍ എനിക്കുണ്ടാകുന്നത്. അദ്ദേഹത്തിന്റെ സ്നേഹവും ശാസനകളും ഞാന്‍ ഏറ്റുവാങ്ങിയത് എന്റെ യൌവനത്തിന്റെ നീണ്ട 18 വര്‍ഷങ്ങളിലാണ്. പൊതുപ്രവര്‍ത്തന രംഗത്ത് എന്നെ പരുവപ്പെടുത്തിയ ആ മാതൃക ഇന്നും എനിക്കെന്നപോലെ എല്ലാവര്‍ക്കും വഴികാട്ടിയാണ്.

1954 ല്‍ ആരംഭിക്കുന്നു ഞാനും ദീപികമായുള്ള ബന്ധം. അതിനു രണ്ടുകൊല്ലംകൂടി മുമ്പാണു ദീപിക ബാലസഖ്യം (ഡിസിഎല്‍) ആരംഭിക്കുന്നത്. എട്ടുവര്‍ഷംകൂടി കഴിഞ്ഞാണ് കളപ്പുരയ്ക്കലച്ചന്‍ കൊച്ചേട്ടനായി സ്ഥാനമേല്‍ക്കുന്നത്. മികച്ച സംഘാടകത്വം കൊണ്ട് അദ്ദേഹം ഡിസിഎലിനെ മികവുറ്റതാക്കി.

ടിവിയും മൊബൈല്‍ ഫോണും ഇല്ലാത്ത കാലം. റേഡിയോ തന്നെ വിരളം. ഗതാഗത സൌകര്യം തീരെക്കുറവ്. ചിലയിടങ്ങളിലേക്കു ബസ് ഓടുമെങ്കിലും ഒരു തവണ മാത്രം. എന്നിട്ടും ഗ്രാമഗ്രാമാന്തരങ്ങളില്‍ സംഘടന കെട്ടിപ്പടുക്കാന്‍ നിയോഗിക്കപ്പെട്ട ഞങ്ങള്‍ക്ക് അതൊന്നും അസൌകര്യമായി തോന്നിയില്ല. അത്രമേല്‍ പ്രചോദനാത്മകമായിരുന്നു ഫാ. മാഞ്ഞൂസിന്റെ നേതൃത്വം. അദ്ദേഹം പലപ്പോഴും ഞങ്ങളെ വിളിച്ചുകൂട്ടി നടത്തിയിരുന്ന ഉപദേശ- നിര്‍ദേശങ്ങള്‍ കാലത്തിന്റെ ആവശ്യമായതിനാല്‍ സ്വീകാര്യവുമായി. സംഘടനാ പ്രവര്‍ത്തനരംഗത്തു പുതിയ മാനങ്ങളും മാതൃകകളും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം കാണിച്ച ധിഷണാവൈഭവം ഓര്‍ക്കാതെ വയ്യ.

അന്നുവരെ ഈ രംഗത്ത് ആരും ആവിഷ്കരിക്കാത്ത നൂതന പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്. മികച്ച ലൈബ്രറി, കൃഷിത്തോട്ടം, പൂന്തോട്ടം എന്നിവയ്ക്കു സമ്മാനങ്ങള്‍ നിശ്ചയിച്ചുകൊണ്ട് വിദ്യാര്‍ഥികളെ അദ്ദേഹം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍മോന്മുഖരാക്കി. വ്യക്തിത്വവികസനത്തിനു പ്രത്യേക പരിശീലനം ആവശ്യമാണെന്നു കണ്ടറിഞ്ഞ അദ്ദേഹം അതിനായി കേരളത്തിലുടനീളം പരിശീലന ക്യാമ്പുകള്‍ നടത്താന്‍ സൌകര്യമൊരുക്കി. വിവിധതരം മല്‍സരങ്ങള്‍ക്കും സെമിനാറുകള്‍ക്കും റാലികള്‍ക്കും അദ്ദേഹം ചാലുകീറി. കാര്‍ഷിക പ്രദര്‍ശനങ്ങള്‍, കുടുംബമേളകള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഇക്കൂട്ടത്തിലുള്ളവയാണ്.

ഇവ്വിധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആദ്യത്തേതായിരുന്നു. ഒരുപക്ഷേ, ഇന്ത്യയിലേയും. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഒരു സാമൂഹിക മുന്നേറ്റം വിദ്യാര്‍ഥികളിലൂടെ കേരളം കാണുകയായിരുന്നു. ദീപിക ബാലസഖ്യത്തിലൂടെ ഫാ. എം.ജെ കളപ്പുരയ്ക്കല്‍ തുടങ്ങിവച്ച നൂതനാശയങ്ങള്‍ പില്‍ക്കാലത്തു മറ്റുള്ളവര്‍ കടംകൊണ്ടു. ഓണത്തിന് ഒരു പറ നെല്ല് എന്ന ആശയം നടപ്പാക്കാന്‍ നടത്തിയ വിത്ത് വിതരണത്തില്‍ പലയിടത്തും അച്ചനോടൊപ്പം ഞാനും പങ്കുചേര്‍ന്നിട്ടുണ്ട്. പുരോഹിതന്മാര്‍ അള്‍ത്താരകളില്‍ പ്രാര്‍ഥനകള്‍ക്കു നേതൃത്വം കൊടുക്കുന്ന ആള്‍ മാത്രമെന്ന ജനങ്ങളുടെ പരമ്പരാഗത ധാരണയെ അതിലൂടെ അദ്ദേഹം തിരുത്തി.

നാം ഒരു കുടുംബം എന്ന മുദ്രാവാക്യത്തെ അക്ഷരംപ്രതി പ്രയോഗവത്കരിച്ച മഹാനായിരുന്നു അദ്ദേഹം. പലപ്പോഴും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അക്കാലത്തു ഞാന്‍ ചെരിപ്പ് ഉപയോഗിക്കുന്ന പതിവില്ലായിരുന്നു. അതു മനസിലാക്കിയ അദ്ദേഹം എന്നോടൊപ്പം യാത്ര ചെയ്ത വേളയില്‍ 100 രൂപ നല്‍കി ചെരുപ്പ് വാങ്ങാന്‍ പറഞ്ഞു. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. ഓര്‍മകളില്‍ നനവ് പടരുന്നു. ഒരു രക്ഷാകര്‍ത്താവിന്റെ സ്നേഹവും സംരക്ഷണത്വരയുമാണ് അദ്ദേഹത്തില്‍ ഞാന്‍ കണ്ടത്.

സൌമ്യനും കഠിനാധ്വാനിയുമായ സംഘാടകനായിരുന്നു അദ്ദേഹം. 1976ല്‍ ഡിസിഎല്‍ അംഗങ്ങളുടെ എണ്ണം ഒരു ലക്ഷമായി വളര്‍ന്നപ്പോള്‍ പാലായില്‍ നടത്തിയ ലക്ഷം പുഷ്പമേളയുടെ അമരക്കാരന്‍ അച്ചനായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു പരിപാടി ഉദ്ഘാടനം ചെയ്തത്. ധൈഷണിക പാടവംകൊണ്ടും രചനയിലെ പ്രതിഭാധനത്വം കൊണ്ടും അദ്ദേഹം വ്യത്യസ്തനായി.

ദീപിക ബാലസഖ്യത്തിന്റെ മുദ്രാവാക്യമായ നാം ഒരു കുടുംബം, അതിന്റെ പഞ്ചശീലതത്ത്വങ്ങളായ ഈശ്വരഭക്തി, സാഹോദര്യം, സേവനതത്പരത, കൃത്യബോധം, അച്ചടക്കം എന്നിവ വിദ്യാര്‍ഥികളുടെ ഉള്ളിന്റെയുളളില്‍ ആഴത്തില്‍ പതിക്കുന്നതിന് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. സുസംഘടിതമായ ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തെയാണ് അദ്ദേഹം പിന്‍ഗാമികള്‍ക്കു കൈമാറിയത്.

അദ്ദേഹത്തിന്റെ വിയോഗം എനിക്കു വ്യക്തിപരമായ നഷ്ടം കൂടിയാണ്. 1969-70 കാലഘട്ടത്തില്‍ അദ്ദേഹമെന്റെ വീട് സന്ദര്‍ശിച്ചു. വീടിന്റെ പരിതാപകരമായ അവസ്ഥ മനസിലാക്കിയ അദ്ദേഹം പുതിയ വീട് പണിയാന്‍ ധനസഹായത്തിനും സാധനസംഭരണത്തിനും ഞാനറിയാതെ ഏര്‍പ്പാടുകള്‍ ചെയ്യുകയും അതു വിജയത്തിലെത്തിക്കുകയും ചെയ്തു. ആ വീടിനുള്ളിലിരുന്ന് ഇതെഴുതുമ്പോള്‍ നന്ദികൊണ്ട് എന്റെ കണ്ണുകള്‍ ഈറനണിയുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ എനിക്കു നഷ്ടപ്പെടുന്നതു വഴികാട്ടിയെയും രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തുനിന്ന ആളെയുമാണ്.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church