ഉജ്ജയിന്‍ ബിഷപ്സ് ഹൗസിന് സമീപത്തെ ആശുപത്രിക്കു നേരെ ആക്രമണം::Syro Malabar News Updates ഉജ്ജയിന്‍ ബിഷപ്സ് ഹൗസിന് സമീപത്തെ ആശുപത്രിക്കു നേരെ ആക്രമണം
12-March,2018

ഉജ്ജയിന്‍ (മധ്യപ്രദേശ്): ഉജ്ജയിന്‍ ബിഷപ് ഹൗസിനോടു ചേര്‍ന്നുള്ള ആശുപത്രിക്കു നേരെ സംഘപരിവാര്‍ ആക്രമണം. രൂപതയുടെ മേല്‍നോട്ടത്തിലുള്ള പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെയാണ് ഇന്നു രാവിലെ 9.30 ഓടെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആശുപത്രി ആക്രമിച്ചത്.
 
ജെസിബിയുമായെത്തിയ സംഘം ആശുപത്രിയുടെ ഗേറ്റുകളും ജനറേറ്ററുകളും തകര്‍ത്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗഭങ്ങളിലേക്ക് ഉൾപ്പടെയുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങള്‍ വിഛേദിച്ചു. ആശുപത്രിയിലേക്കുള്ള വാഹനഗതാഗതം തടസപ്പെടുത്തി ഗേറ്റിനു സമീപം അക്രമികള്‍ വലിയ കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. കത്തികള്‍, സൈക്കിള്‍ ചെയിനുകള്‍ ഉള്‍പ്പടെ മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയത്. എതിര്‍ക്കാന്‍ ശ്രമിച്ച നഴ്സുമാരെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
 
സ്ഥലത്തെ എംപിയും ബിജെപി നേതാവുമായ ചിന്താമണിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ആശുപത്രിയുടെ മുന്‍ഭാഗത്തെ ഭൂമി തന്‍റേതാണെന്നു ചൂണ്ടിക്കാട്ടി ഗഗന്‍സിംഗ് നേരത്തെ സ്ഥലം കൈയേറാന്‍ ശ്രമിച്ചിരുന്നു. വര്‍ഷങ്ങളായി ആശുപത്രിയുടെ പേരിലുള്ളതും ഉപയോഗിച്ചു വരുന്നതുമായ ഭൂമിയിലാണു കൈയേറ്റശ്രമം നടക്കുന്നത്.
 
ആശുപത്രിക്കു നേരെ അക്രമം നടന്ന വിവരം രാവിലെ തന്നെ പോലീസില്‍ അറിയിച്ചിരുന്നു. 
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസോ മറ്റ് സര്‍ക്കാര്‍ അധികൃതരോ സ്ഥലത്തെത്തിയില്ലെന്നു ഉജ്ജയിന്‍ രൂപത മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ. വിനീഷ് മാത്യു അറിയിച്ചു. ഉജ്ജയിന്‍ നഗരത്തിനു പുറത്തെ ഗ്രാമത്തില്‍ നിന്നുള്ളവരാണ് അക്രമികളെന്നും അദ്ദേഹം പറഞ്ഞു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church