കൊച്ചി: സീറോ-മലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ആര്‍സി) 55-ാമത് സെമിനാര്‍ മാര്‍ച്ച് 15, 16 തിയതികളില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. 15നു രാവിലെ 10ന് ആരംഭിച്ച് 16നു വൈകിട്ട് 4നു സെമിനാര്‍ സമാപിക്കും. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. ശ്രീ. എം. പി. ജോസഫ് ഐഎഎസ് (റിട്ട.) മുഖ്യാതിഥിയാകും. ബിഷപ്പ് മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണവും റവ. ഡോ. സൂരജ് പിട്ടാപ്പിള്ളില്‍ മുഖ്യപ്രഭാഷണവും നടത്തും.
ڇസീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവുംڈ എന്നതാണ് സെമിനാറിന്‍റെ വിഷയം. സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടതിന്‍റെ രജതജൂബിലി ആഘോഷത്തിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ പത്രക്കുറിപ്പില്‍ അറിയിച്ചു.
സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭയായിട്ട് 25 വര്‍ഷം പിന്നിടുമ്പോള്‍ സഭയുടെ നാളിതുവരെയുള്ള ഘടനാപരമായ വളര്‍ച്ചയും വികാസവും വിലയിരുത്തുക എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം. സഭയുടെ മുന്നോട്ടുള്ള യാത്രയില്‍ നവീകരണത്തിന്‍റേയും നവോത്ഥാനത്തിന്‍റേയും ഉള്‍ക്കാഴ്ച്ചകള്‍ സ്വരൂപിക്കുക, സുവിശേഷവല്‍ക്കരണ ദൗത്യത്തിനായി പുതിയ മാനങ്ങള്‍ തേടുക എന്നിവ കൂടി സെമിനാറില്‍ പഠനവിധേയമാക്കും.
16നു വൈകുന്നേരം 4നു സമാപനസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ഡോ. താങ്ക്സി ഫ്രാന്‍സീസ് തെക്കേക്കര ഐഎഎസ് (റിട്ട.) മുഖ്യാതിഥിയാകും.
ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ്പ് മാര്‍ റെമിജീയൂസ് ഇഞ്ചനാനിയില്‍, റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍, റവ. ഡോ. ഫ്രാന്‍സീസ് എലുവത്തിങ്കല്‍, റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍, റവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, മോണ്‍സി. ഡോ. ആന്‍റണി നരികുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ഫ്രാന്‍സീസ് പിട്ടാപ്പിള്ളില്‍, റവ. ഡോ. ജിഫി മേക്കാട്ടുകുളം, ഡോ. റീത്താമ്മ കെ. വി., അഡ്വ. ജോസ് വിതയത്തില്‍, റവ. ഡോ. സി. മരിയ ആന്‍റോ സിഎംസി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
21-ാം നൂറ്റാണ്ടില്‍ സീറോ-മലബാര്‍ സഭയുടെ സുവിശേഷാത്മകമായ സ്വത്വം, സഭയുടെ ചരിത്രപശ്ചാത്തലം - ഒരവലോകനം, ഇന്ത്യയിലെ തന്നെ പ്രവാസികളായ സീറോ-മലബാര്‍ സഭാംഗങ്ങളുടെ സുവിശേഷവല്‍ക്കരണവും അജപാലനദൗത്യവും, ഇന്ത്യയൊന്നാകെയുള്ള സഭയുടെ അജപാലനദൗത്യത്തിന്‍റെ വെല്ലുവിളികള്‍, സഭയുടെ ആഗോളമാനവും സാര്‍വത്രിക ദൗത്യവും, സ്വയംഭരണാധികാരസഭയായി ഉയര്‍ത്തപ്പെടാനുള്ള ചരിത്രപരവും കാനോന്‍ നിയമപരവുമായ അടിസ്ഥാനങ്ങള്‍, സിനഡ് സംവിധാനത്തിന്‍റെയും നിയമാനുസൃതമായ സ്ഥാനത്തിന്‍റെയും കാനോനികമായ മാനങ്ങളും വെല്ലുവിളികളും, സീറോ-മലബാര്‍ സഭയുടെ വ്യക്തിഗത നിയമസംഗ്രഹം - ഒരവലോകനം, സഭയുടെ ആത്മീയവഴിത്താര, കേരളത്തിന്‍റെ രാഷ്ട്രീയസാമൂഹ്യതലങ്ങളില്‍ സഭയുടെ കര്‍മ്മവീഥി എന്നീ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. കൂടാതെ ആരാധനക്രമത്തെക്കുറിച്ചും സുവിശേഷവല്‍ക്കരണദൗത്യത്തെക്കുറിച്ചും വിവിധ പാനല്‍ ചര്‍ച്ചകളും ഉണ്ടാകും.
മെത്രാന്‍മാര്‍, സെമിനാരി പ്രൊഫസേഴ്സ്, രൂപതകളില്‍ നിന്നും സമര്‍പ്പിതസമൂഹങ്ങളില്‍ നിന്നും പ്രതിനിധികള്‍, വിവിധ കമ്മീഷനുകളുടെ പ്രതിനിധികള്‍, തത്വശാസ്ത്രം, ദൈവശാസ്ത്രം മുതലായ വിഷയങ്ങളില്‍ ഉപരിപഠനം നടത്തിയിട്ടുള്ളവര്‍, ഗവേഷണപഠനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവരെയും സെമിനാറില്‍ പങ്കെടുക്കുവാന്‍ പ്രതീക്ഷിക്കുന്നു.
സീറോ-മലബാര്‍ സഭയുടെ ഗവേഷണപഠനക്രേന്ദം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഉന്നതപഠനം നടത്തിയിട്ടുള്ളവര്‍ക്കും ഗവേഷണപഠനങ്ങള്‍ നടത്തുന്നവര്‍ക്കും ഒത്തുചേര്‍ന്ന് ക്രിയാത്മകവും പഠനം നടത്തുന്നതിനുള്ള സാഹചര്യം സംജാതമാക്കുക എന്നതാണ് എല്‍ആര്‍സി സെമിനാറുകള്‍കൊണ്ട് മുഖ്യമായും വിഭാവനം ചെയ്യുന്നത്. എല്‍ആര്‍സി 55-ാമത് സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 12നു മുന്‍പ് പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9497324768/ 0484-2425727