മലയാറ്റൂർ: മലയാറ്റൂർ തീർഥാടനത്തിന് ഔദ്യോഗികമായി തുടക്കംകുറിച്ചതോടെ കുരിശുമുടിയിലേക്കു ഭക്തജനങ്ങൾ പ്രവഹിച്ചു തുടങ്ങി. കേരളത്തിന് അകത്തും പുറത്തുംനിന്നായി അനേകംപേരാണു ദിനംപ്രതി കുരിശുമുടി കയറാനെത്തുന്നത്. ചെറുസംഘങ്ങളായെത്തുന്ന തീർഥാടകരിൽ ഭൂരിഭാഗവും കുരിശു വഹിച്ചാണു മലകയറ്റം.
മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ (താഴത്തെ പള്ളി) എത്തി വിശ്രമിച്ചു പ്രാർഥനയർപ്പിച്ചശേഷമാണു തീർഥാടകർ മലകയറുന്നതിനായി അടിവാരത്തേക്കു പോകുന്നത്. അടിവാരത്തെ മാർതോമാശ്ലീഹായുടെ കപ്പേളയിൽ പ്രാരംഭ പ്രാർഥനകൾ ചൊല്ലി, പതിനാല് പീഡാനുഭവ സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ചു തീർഥാടകർ മലകയറുന്നു.
മലമുകളിൽ മാർതോമാ മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങിയശേഷം ആനകുത്തിയ പള്ളി, പൊൻകുരിശ്, അദ്ഭുത നീരുറവ, കാൽപാദം എന്നിവ സന്ദർശിച്ചശേഷമാണു മടക്കം.