ഭരണങ്ങാനം: എംഎസ്ടി സുവർണ ജൂബിലി ആഘോഷങ്ങൾ 17 മുതൽ 22വരെ ഭരണങ്ങാനം മേലന്പാറ ദീപ്തി ഭവനിൽ നടക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംഗമങ്ങൾ, കൃതജ്ഞതാബലി, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
17നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയെത്തുടർന്ന് ദീപ്തി ഭവൻ അയൽവാസികളുടെയും സഹകാരികളുടെയും സംഗമമായ സ്നേഹസംഗമവും തുടർന്ന് കലാപരിപാടികളും നടക്കും. 18നു രാവിലെ 11നു വിശുദ്ധ കുർബാനയെത്തുടർന്ന് എംഎസ്ടി വൈദികരുടെ കുടുംബാംഗങ്ങളുടെയും പ്രേക്ഷിത സഹകാരികളുടെയും സംഗമം ഉണ്ടായിരിക്കും. 19നു പ്രേക്ഷിത സംഗമവും 20നു സമർപ്പിത സംഗമവും 21നു എംഎസ്ടി വൈദിക സംഗമവും നടക്കും.
22നു ഉച്ചകഴിഞ്ഞു മൂന്നിനു തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി. തുടർന്നു നടക്കുന്ന സമാപന സമ്മേളനം സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം മുഖ്യാഥിതിയായിരിക്കും. ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, സിസ്റ്റർ ശോഭ എസ്എംഎസ്, കെ.എം. മാണി എംഎൽഎ, എകെസിസി പ്രസിഡന്റ് ബിജു പറയന്നിലം എന്നിവർ പ്രസംഗിക്കും. സീറോ മലബാർ സഭയിലെയും വിവിധ ക്രൈസ്തവ സഭകളിലെയും ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുക്കും. സംഗീത വിരുന്നോടെ സമ്മേളനം സമാപിക്കും.