കോതമംഗലം: ഈശോ അച്ചൻ എന്നറിയപ്പെടുന്ന ഫാ. മാത്യു മുണ്ടയ്ക്കലിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഇന്നു നടക്കും.
"ഈശോയെ അറിയുക, ഈശോയാൽ അറിയപ്പെടുക. ഈശോയെ സ്നേഹിക്കുക ഈശോയാൽ സ്നേഹിക്കപ്പെടുക; ഈശോയെ അറിയിക്കുക; ഈശോയെ സ്നേഹിക്കുക’ എന്ന ആപ്തവാക്യവുമായി വൈദികജീവിതം ക്രമപ്പെടുത്തിയ ഫാ. മുണ്ടയ്ക്കൽ കാരുണ്യപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു.
1932 ഡിസംബർ 28ന് കോതമംഗലം മുണ്ടയ്ക്കൽ വർഗീസ്- ത്രേസ്യാ ദന്പതികളുടെ ഏഴു മക്കളിൽ ആറാമനായാണു ഫാ. മാത്യു മുണ്ടയ്ക്കലിന്റെ ജനനം. 1959 മാർച്ച് 16നു ബിഷപ് മാർ മാത്യു പോത്തനാമൂഴിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.
വിവിധ ഇടവകകളിൽ അജപാലന ശുശ്രൂഷയോടനുബന്ധിച്ചു സാമൂഹ്യപ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. പനംകൂട്ടി ഇടവകയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ ദുരിതാശ്വാസപ്രവർത്തനങ്ങൾ, കൈത്തറി, നെയ്ത്തു സഹകരണ സംഘത്തിന്റെ തുടക്കം, ജനകീയ വായനശാല, ഉടുന്പൻചോലയും ദേവികുളം താലൂക്കും തമ്മിൽ ബന്ധിപ്പിക്കുന്ന പനംകൂട്ടി പാലം എന്നിവയെല്ലാം യാഥാർഥ്യമായത് ഈശോ അച്ചന്റെ ശ്രമഫലമാണ്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ പുതിയ ഇടവകകൾ ആരംഭിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. 2016 ഫെബ്രുവരി 10നായിരുന്നു ഫാ. മുണ്ടയ്ക്കലിന്റെ നിര്യാണം. ഇന്നു രാവിലെ 11ന് കോതമംഗലം കത്തീഡ്രലിൽ ദിവ്യബലിയും അനുസ്മരണ ശുശ്രൂഷകളും നടക്കും.