കൊച്ചി: സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷങ്ങൾക്കു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് ഒരുങ്ങി.
വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാർ, കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാർ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നു രജതജൂബിലി ആഘോഷങ്ങൾ നടക്കുക. കൽദായ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോ ഉച്ചകഴിഞ്ഞു 2.30നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അധ്യക്ഷത വഹിക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച്ബിഷപ് ഡോ. സിറിൾ വാസിൽ, വരാപ്പുഴ മുൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ് മാർ ആന്റണി കരിയിൽ, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, സിഎംസി മദർ ജനറൽ സിസ്റ്റർ സിബി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്എംവൈഎം പ്രസിഡന്റ് അരുണ്‍ ഡേവിസ് എന്നിവർ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും. 1992 ഡിസംബർ 16നു ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയാണു സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തിയത്. എട്ടിന് ആരംഭിച്ച സീറോ മലബാർ മെത്രാൻ സിനഡിന് ഇന്നു സമാപനമാകും.