പാലാ: പാലാ രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള അഞ്ചാമതു സംസ്ഥാന കാർഷികമേള പാലായിൽ ആരംഭിച്ചു. രൂപതയുടെ വിവിധ ഇടവകകളോടു ചേർന്നു പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകളുടെയും സ്വാശ്രയസ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം നടന്ന സമ്മേളനത്തിൽ കെ.എം. മാണി എംഎൽഎ നിർവഹിച്ചു. വിലത്തകർച്ചയും ഉത്പാദനമാന്ദ്യവും കാർഷികരംഗത്തു വെല്ലുവിളി ഉയർത്തുന്പോൾ കർഷക രക്ഷയ്ക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സജീവ ഇടപെടലുകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. നഷ്ടപ്പെട്ട കാർഷികസമൃദ്ധി വീണ്ടെടുക്കാൻ വീട്ടുകൃഷിയും കൂട്ടുകൃഷിയും വ്യാപകമാക്കണമെന്നും മൂല്യവർധിത ഉത്പന്ന നിർമാണസാധ്യത കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും മാർ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ ജോയി ഏബ്രഹാം എംപി, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുനിസിപ്പൽ ചെയർപേഴ്സണ് പ്രഫ. സെലിൻ റോയി, ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. പവലിയൻ ഉദ്ഘാടനവും നാടമുറിക്കലും രാവിലെ നടന്ന ചടങ്ങിൽ മാർ ജോസഫ് പള്ളിക്കാപറന്പിൽ നിർവഹിച്ചു. കലാ-സാംസ്കാരിക മത്സരങ്ങളുടെ ഉദ്ഘാടനം പാലാ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ജോയൽ പണ്ടാരപറന്പിൽ നിർവഹിച്ചു. കാർഷികവിളകൾ, ഔഷധകൃഷി, ഹരിതഭവനം, പൗരാണിക ഉപകരണം എന്നീ വിഭാഗങ്ങളിലായി വിവിധ ഫൊറോനകൾ സജ്ജീകരിച്ച സ്റ്റാളുകളുടെ മത്സരവും പൊതുജനങ്ങൾക്കായി കാർഷികവിള മത്സരവും തെങ്ങോലത്തൊപ്പി, പാളത്തൊപ്പി നിർമാണം, മലയാളിമങ്ക, കേശാലങ്കാരം, സിനിമാറ്റിക് ഡാൻസ് മത്സരങ്ങളും നടന്നു. പാലാ ടൗണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം കിഴക്കേക്കര, പൊരുന്നോലിൽ, പുഴക്കര മൈതാനങ്ങളിൽ നാൽപ്പത്താറായിരം ചതുരശ്രയടി വലിപ്പത്തിലുള്ള പന്തലിലാണു മേള നടക്കുന്നത്. സെമിനാറുകൾ, സമ്മേളനങ്ങൾ, വൈവിധ്യമാർന്ന കലാ-സാംസ്കാരിക മത്സരങ്ങൾ, കലാപരിപാടികൾ, നാടൻ ഭക്ഷണശാല, ഫുഡ് കോർട്ട്, കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9.30 മുതൽ രാത്രി ഒൻപതു വരെ പൊതുജനങ്ങൾക്കു മേള സന്ദർശിക്കാമെന്നു പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ. മാത്യു പുല്ലുകാലായിൽ അറിയിച്ചു. ജനുവരി ഒന്നു വരെയാണു മേള.