കൊച്ചി: ജീവിതാനുഭവങ്ങളിൽ നിന്നു പാഠങ്ങൾ പഠിക്കുന്നവനാണു പ്രതിഭയെന്നു ജസ്റ്റീസ് സിറിയക് ജോസഫ്. സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യ അഭ്യസിക്കാൻ പാഠപുസ്തകങ്ങൾ മാത്രം പോരാ. അധ്യാപകർ, മാതാപിതാക്കൾ, വിദ്യാലയം, സുഹൃത്തുക്കൾ, ജീവിതസാഹചര്യങ്ങൾ എന്നിവയിൽ നിന്നെല്ലാം ലഭിക്കുന്ന തിരുത്തലുകൾ ഉൾക്കൊണ്ടു മുന്നോട്ടുപോകാനാവണമെന്നും ജസ്റ്റീസ് സിറിയക് ജോസഫ് നിർദേശിച്ചു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു. ലിജോ ചുമ്മാർ, ഫാ. ഡായി കുന്നത്ത്, ഫാ. ബാബു ചിരിയങ്കണ്ടത്ത്, ബ്രദർ നവീൻ പ്ലാക്കലിൽ, റിട്ട.ഡിജിപി ജേക്കബ് പുന്നൂസ്, നിജോ ജോസഫ് പുതുശേരി, ലിയോ തദേവൂസ്, ഫാ. പോൾ റോബിൻ തെക്കത്ത് എന്നിവർ വിവിധ സെഷനുകൾ നയിക്കും. നാളെ ഉച്ചയ്ക്ക് 1.15നു വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്തുമായി വിദ്യാർഥികളുടെ ആശയവിനിമയം. രണ്ടിനു നടക്കുന്ന സമാപന സമ്മേളനത്തിൽ സന്ദേശം നൽകുന്ന മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിഭാപുരസ്കാരങ്ങൾ വിതരണം ചെയ്യും.