തൃശൂർ: സാന്താക്ലോസ് വേഷമണിഞ്ഞ ആയിരക്കണക്കിനു യുവതീയുവാക്കളും കാണാനെത്തിയ ജനസഹസ്രങ്ങളും തൃശൂർ നഗരം കീഴടക്കി. സാന്താപാപ്പാമാർ ഒരേ താളത്തോടെ ചുവടുവച്ച ഫ്ളാഷ്മോബ് നൃത്തവും തൃശൂർ മെട്രോ അടക്കമുള്ള മനോഹര ഫ്ളോട്ടുകളും പ്രദക്ഷിണ വഴിയിൽ വിസ്മയക്കാഴ്ചകളൊരുക്കി. തൃശൂർ പൗരാവലിയുടേയും തൃശൂർ അതിരൂപതയുടേയും നേതൃത്വത്തിലുള്ള ബോണ്‍ നത്താലെ ഘോഷയാത്ര സാംസ്കാരികോത്സവമായി, തൃശൂർ പൂരവും പുലിക്കളിയും പോലെ. എല്ലാ ഇടവകകളിലും ജാതിഭേദമില്ലാതെ രോഗികൾക്കു ചികിത്സാസഹായം നൽകി കാരുണ്യത്തിന്റെ ആഘോഷമായാണ് ഇത്തവണ ബോണ്‍ നത്താലെ കാരൾ ഘോഷയാത്ര ഒരുക്കിയത്. ഓഖി ദുരന്തത്തിന് ഇരയായവർക്കുള്ള ജീവകാരുണ്യ സഹായവും മാർ റാഫേൽ തട്ടിൽ പ്രഥമ മെത്രാനായി സ്ഥാപിതമാകുന്ന ഷംഷാബാദ് രൂപതയ്ക്കുള്ള നിധിയും കൈമാറിക്കൊണ്ടാണ് ആഘോഷം ഒരുക്കിയത്. ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കൾ സാന്താക്ലോസ് വേഷമണിഞ്ഞ് ഫ്ളാഷ് മോബ് അവതരിപ്പിച്ചു. അയ്യായിരത്തിലേറെ പാപ്പമാർ നിരന്നപ്പോൾ നഗരത്തിൽ ചുവന്ന വസന്തം വന്നെത്തി. തൃശൂർ സെന്റ് തോമസ് കോളജിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സ്വരാജ് റൗണ്ട് ചുറ്റി യശേഷം നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ എന്നിവർ പ്രാവുകളെ പറത്തി. ബോണ്‍ നത്താലെയുടെ ഭാഗമായി തൃശൂർ ശക്തൻ തമ്പുരാൻ നഗറിൽ ആരംഭിച്ച പ്രദർശനം ജനുവരി 15 നു സമാപിക്കും.