കൊച്ചി: സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാനായി മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ചുമതലയേറ്റു. സഭാആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കൂരിയ മെത്രാന്റെ സ്ഥാനമേറ്റെടുക്കൽ ശുശ്രൂഷ. മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ കൂരിയ മെത്രാന്റെ നിയമനവും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച് കാനോനികമായി വിശദീകരണം നടത്തി.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ പ്രാർഥനാശുശ്രൂഷയെത്തുടർന്നു കൂരിയ മെത്രാൻ വിശുദ്ധഗ്രന്ഥത്തിൽ കൈവച്ചു പ്രതിജ്ഞ ചൊല്ലി. ചുമതലയേറ്റെടുത്തുകൊണ്ടുള്ള രേഖയിൽ കൂരിയ മെത്രാനും മേജർ ആർച്ച്ബിഷപ്പും ചാൻസലറും ഒപ്പുവച്ചു. മാർ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാബലിയിൽ കർദിനാൾ മാർ ആലഞ്ചേരി വചനസന്ദേശം നൽകി.
സത്ന രൂപത മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ, റവ.ഡോ. ആന്റണി കൊള്ളന്നൂർ കൂരിയ വൈസ് ചാൻസലർമാരായ റവ.ഡോ. വിൻസന്റ് ചെറുവത്തൂർ, ഫാ. പോൾ റോബിൻ തെക്കത്ത്, കാഞ്ഞിരപ്പിള്ളി രൂപത വികാരി ജനറാൾമാരായ റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജെസ്റ്റിൻ പഴേപറന്പിൽ, ഇടുക്കി രൂപത വികാരി ജനറാൾ ഫാ. ജോസ് പ്ലാച്ചിക്കൽ, എറണാകുളം-അങ്കമാലി അതിരൂപത ചാൻസലർ റവ.ഡോ. ജോസ് പൊള്ളയിൽ, സിഎംഐ പ്രിയോർ ജനറാൾ റവ.ഡോ. പോൾ ആച്ചാണ്ടി, സീറോ മലബാർ സഭയുടെ ട്രിബ്യൂണൽ പ്രസിഡന്റ് റവ.ഡോ. ജോസ് ചിറമേൽ, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാർ എന്നിവർ സഹകാർമികരായി.
തുടർന്നു നടന്ന അനുമോദനസമ്മേളനത്തിൽ ബിഷപ് മാർ തോമസ് ചക്യത്ത്, എപ്പിസ്കോപ്പൽ കൂരിയ ഫിനാൻസ് ഓഫീസർ ഫാ. മാത്യു പുളിമൂട്ടിൽ, വിൻസൻഷ്യൻ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, എസ്എബിഎസ് മദർ ജനറൽ സിസ്റ്റർ ഗ്രേസ് പെരുന്പനാനി, സഭാ വക്താവ് സിജോ പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മറുപടി പ്രസംഗം നടത്തി.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രാർഥനാശീർവാദത്തോടെയാണു ചടങ്ങുകൾ സമാപിച്ചത്. സന്യാസ, സമർപ്പിത സമൂഹങ്ങളുടെ പ്രതിനിധികൾ, അല്മായ നേതാക്കൾ തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.