"ഈ കബറിടം തീർഥാടനകേന്ദ്രമായി മാറും; രക്ഷയുടെ സുവിശേഷം ലോകത്തിനു നൽകാൻ രക്തസാക്ഷിയായവളാണു സിസ്റ്റർ റാണി മരിയ. സ്ത്രീകളുടെ ക്ഷേമത്തിനും പാവങ്ങളുടെയും ദളിതരുടെയും ഉന്നമനത്തിനും സ്വയംപര്യാപ്തതയ്ക്കുമായി ത്യാഗങ്ങൾ സഹിച്ചു മുന്നേറിയവൾ. ഉദയ്നഗറിലെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ അവൾ ജീവിക്കും. സ്നേഹത്തിന്റെയും സമർപ്പണജീവിതത്തിന്റെയും സ്മാരകമായി മാറുന്ന ഈ കബറിടത്തിലേക്ക് പതിനായിരങ്ങൾ എത്തിച്ചേരും.’
1995 ഫെബ്രുവരി 27ന് ഉദയ്നഗർ സേക്രഡ് ഹാർട്ട് പള്ളിയിൽ സിസ്റ്റർ റാണി മരിയയുടെ സംസ്കാരശുശ്രൂഷകൾക്കിടെ അന്നത്തെ ഇൻഡോർ ബിഷപ് ഡോ. ജോർജ് ആനാത്തിൽ നടത്തിയ ചരമപ്രസംഗത്തിലേതാണ് ഈ വാക്കുകൾ. തിങ്ങിനിറഞ്ഞ ജനസഹസ്രങ്ങൾ അന്നു കണ്ണീരൊഴുക്കി. ആ കണ്ണീരും പ്രവാചകസമാനമായ ആ വാക്കുകളും അനേകരുടെ പ്രാർഥനകളും വിഫലമായില്ല. 22 വർഷങ്ങൾക്കിപ്പുറം ഉദയ്നഗറിനും ഭാരതസഭയ്ക്കും ഒരു പുണ്യവതിയെക്കൂടി കിട്ടിയിരിക്കുന്നു. സിസ്റ്റർ റാണി മരിയ ഭാരതത്തിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട വനിതാ രക്തസാക്ഷി.
41-ാം വയസിൽ
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ (എഫ്സിസി) സന്യാസിനി സമൂഹത്തിന്റെ ഭോപ്പാൽ അമല പ്രോവിൻസിൽ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്സിലറായിരിക്കെ 41-ാം വയസിലാണു സിസ്റ്ററിന്റെ രക്തസാക്ഷിത്വം. സമർപ്പിത ജീവിതത്തിനു സാമൂഹ്യപ്രവർത്തനങ്ങളിലൂടെ വിശാലമായ മാനം നൽകിയതിലൂടെ സിസ്റ്റർ റാണി മരിയ മിഷൻരംഗത്തു വേറിട്ട വെട്ടമായിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ പെരുന്പാവൂരിനടുത്തു പുല്ലുവഴിയിലെ വട്ടാലിൽ പൈലി-ഏലീശ്വ ദന്പതികളുടെ ഏഴു മക്കളിൽ രണ്ടാമത്തെ പുത്രിയായി 1954 ജനുവരി 29നായിരുന്നു സിസ്റ്റർ റാണി മരിയയുടെ ജനനം. വിളിപ്പേര് മേരിക്കുഞ്ഞ്. സന്യാസിനിയാവണമെന്ന ആഗ്രഹം കുഞ്ഞുന്നാൾ മുതൽ മനസിലുണ്ടായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1972 ജൂലൈ മൂന്നിനു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷനിൽ (എഫ്സിസി) പരിശീലനം ആരംഭിച്ചു. അങ്കമാലി കിടങ്ങൂരിലുള്ള മഠത്തിലായിരുന്നു ആദ്യം പരിശീലനം. 1974 മേയ്ദിനത്തിൽ ബിഷപ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽനിന്നു സഭാവസ്ത്രം സ്വീകരിച്ചു.
അവളുടെ സ്വപ്നം
മിഷൻ മേഖലകളിലെത്തി പാവങ്ങൾക്കൊപ്പം പ്രവർത്തിക്കണമെന്നതായിരുന്നു സിസ്റ്റർ റാണി മരിയയുടെ വലിയ സ്വപ്നം. എറണാകുളം പ്രോവിൻസ് അംഗമായിരുന്ന സിസ്റ്റർ റാണി മരിയ പിന്നീടു മിഷൻ പ്രവർത്തനത്തിനായി ഭോപ്പാൽ പ്രോവിൻസിന്റെ ഭാഗമായി. സ്വപ്നസാക്ഷാത്കാരമെന്നോണം സാമൂഹ്യസേവന പരിശീലനത്തിനുശേഷം 1976 മുതൽ ബിജ്നോർ രൂപതയിൽ മിഷൻ പ്രവർത്തനത്തിനു നിയോഗിക്കപ്പെട്ടു.
1983 മുതൽ പത്തു വർഷം സത്ന രൂപതയായിരുന്നു പ്രേഷിതമേഖല. ഇതിനിടയിൽ സാമൂഹ്യശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. 1980 മേയ് 22നു നിത്യവ്രത വാഗ്ദാനം. 1992ൽ ഇൻഡോർ രൂപതയിൽ പ്രേഷിതശുശ്രൂഷ ആരംഭിച്ചു.
സാമൂഹ്യ ഇടപെടലുകൾ
പ്രേഷിതശുശ്രൂഷയ്ക്കൊപ്പം സാധാരണക്കാർക്ക് ഏകാധ്യാപക വിദ്യാലയത്തിലൂടെ അറിവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾക്കും സിസ്റ്റർ റാണി മരിയ നേതൃത്വം നൽകി.
ഇതിൽ രോഷാകുലരായ ആ പ്രദേശത്തെ ജന്മിമാർ സമുന്ദർസിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തി. 2003 ഫെബ്രുവരി 24 ലെ രക്ഷാബന്ധൻ ദിനത്തിൽ ജയിൽ സന്ദർശിക്കാനെത്തിയ സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമി സമുന്ദർസിംഗിന്റെ കൈകളിൽ രാഖി കെട്ടി നൽകിയപ്പോൾ അതു വിശാലമായ ക്രൈസ്തവസ്നേഹത്തിന്റെ വഴികളിലെ തിളക്കമായി.
സ്വാമിയച്ചൻ എന്നറിയപ്പെടുന്ന ഫാ. മൈക്കിൾ പുറാട്ടുകരയുടെ ഇടപെടലാണു സമുന്ദർ സിംഗിനെ മാനസാന്തരത്തിലേക്കു കൈപിടിച്ചത്. തന്റെ സഹോദരിയുടെ കൊലപാതകിയോടു ക്ഷമിച്ച് അദ്ദേഹത്തെ സഹോദരനായി കാണാനുള്ള സിസ്റ്റർ സെൽമിയുടെ മനസിനെ പൊതുസമൂഹം ആദരവോടെ കണ്ടു. അമ്മ ഏലീശ്വായും സമുന്ദറിനെ ആശ്ലേഷിച്ച് ക്ഷമയുടെ സന്ദേശമറിയിച്ചു.
ക്ഷമയുടെ കഥ
മാനസാന്തരപ്പെട്ട സമുന്ദർസിംഗ് ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം 2007 ജനുവരി 13നു സിസ്റ്റർ റാണി മരിയയുടെ പെരുന്പാവൂർ പുല്ലുവഴിയിലെ വീട്ടിലെത്തി മാപ്പുചോദിച്ചതും മാതാപിതാക്കളും സഹോദരങ്ങളും ക്ഷമിക്കുന്ന സ്നേഹത്തിലൂടെ മാതൃകയായതും ആ പുണ്യവതിയുടെ സുകൃതജീവിതത്തോടു ചേർത്തു വായിക്കപ്പെടുന്നു. ഇൻഡോറിൽനിന്നു നാൽപതു കിലോമീറ്ററപ്പുറം ദേവാസ് ജില്ലയിലുള്ള ഉദയ്നഗറിലാണു സിസ്റ്റർ റാണി മരിയയുടെ കബറിടം. 2003 സെപ്റ്റംബർ 26നാണു സിസ്റ്റർ റാണി മരിയയുടെ നാമകരണ നടപടികൾക്കു തുടക്കമായത്. ഇതിന്റെ ഭാഗമായി 2016 നവംബർ 18നു കബറിടം തുറന്ന് അവശിഷ്ടങ്ങൾ പള്ളിയിലേക്കു മാറ്റിസ്ഥാപിച്ചു.
വിവിധ തലങ്ങളിലെ പഠനങ്ങൾക്കുശേഷം വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖയിൽ 2017 മാർച്ച് 24നു ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു.
അനുഗ്രഹ നിമിഷം
സുവിശേഷവത്കരണ, സാമൂഹ്യ പ്രവർത്തനരംഗങ്ങളിലെ സമർപ്പിതസേവനത്തിനിടെയുള്ള രക്തസാക്ഷിത്വം സഭ ഔദ്യോഗികമായി സ്ഥിരീകരിച്ചതിലൂടെയാണു സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെട്ടത്. നവംബർ നാലിനു ഇൻഡോറിലെ സെന്റ് പോൾ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രത്യേക വേദിയിൽ വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന വായിക്കും. ഭാരതസഭാചരിത്രത്തിലെ മറ്റൊരു അനുഗ്രഹമൂഹൂർത്തം.
പുല്ലുവഴിയിൽനിന്നു പ്രേഷിതാഗ്നി നെഞ്ചിലേറ്റി ബിജ്നോറും സത്നയും കടന്ന് ഉദയ്നഗറിൽ ഉരുകിത്തീർന്ന സമർപ്പിതജീവിതം, ഭാരതസഭയുടെ പ്രേഷിതദൗത്യത്തിൽ എന്നും പ്രചോദനം. പ്രേഷിതവഴിയിൽ വീഴ്ത്തപ്പെട്ടപ്പോൾ ദൈവത്തിനു മുന്പിൽ വാഴ്ത്തപ്പെട്ടവളായി മാറിയ സിസ്റ്റർ റാണി മരിയ ഇനി സഭയ്ക്കും സമൂഹത്തിനും പുണ്യപ്രകാശം.