സീറോ മലബാര്‍ സഭയ്ക്ക് ഷംഷാബാദിലും ഹൊസുറിലും രൂപതകള്‍: മാര്‍ റാഫേല്‍ തട്ടിലും മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപറമ്പിലും മെത്രാډാര്‍ ::Syro Malabar News Updates സീറോ മലബാര്‍ സഭയ്ക്ക് ഷംഷാബാദിലും ഹൊസുറിലും രൂപതകള്‍: മാര്‍ റാഫേല്‍ തട്ടിലും മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപറമ്പിലും മെത്രാډാര്‍
10-October,2017

സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്കു വേണ്ടി തെലുങ്കാനായിലെ ഷംഷാബാദ് കേന്ദ്രമാക്കിയും തമിഴ്നാട്ടിലെ ഹൊസുര്‍ കേന്ദ്രമാക്കിയും പുതിയ രൂപതകള്‍ സ്ഥാപിച്ചുകൊണ്ട് പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഉത്തരവായി. തമിഴ്നാട്ടിലെ  തക്കല, രാമനാഥപുരം എന്നീ രൂപതകളുടെ അതിര്‍ത്തി ഹൊസൂറിനു പുറത്തുള്ള  മറ്റ് പ്രദേശങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതായും ഈ കല്‍പ്പനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇന്ത്യയില്‍ സീറോമലബാര്‍ സഭയ്ക്കു നിലവില്‍ രൂപതകളില്ലാത്ത മറ്റ്  മുഴുവന്‍ പ്രദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് തെലുങ്കാനായിലെ ഷംഷാബാദ് കേന്ദ്രമാക്കിയുള്ള രൂപത സ്ഥാപിച്ചിരിക്കുന്നത്. ഈ  പ്രദേശങ്ങളില്‍ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്തുകൊണ്ടിരുന്ന തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലായിരിക്കും ഷംഷാബാദ് രൂപതയുടെ പ്രഥമമെത്രാന്‍. ഇരിഞ്ഞാലക്കുട രൂപതാവൈദികനായ ഫാ. സെബാസ്റ്റ്യന്‍ (ജോബി) പൊഴലിപറമ്പിലണ് ഹൊസുറിലെ നിയുക്തമെത്രാന്‍.
 
ഇതു സംബന്ധമായുള്ള മാര്‍പാപ്പായുടെ പ്രഖ്യാപനം ഇന്ന് 2017 ഒക്ടോബര്‍ 10 ചൊവ്വാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും അതിനു തുല്യമായ സമയത്ത് ഷംഷാബാദിലും ഹൊസുറിലും പ്രസിദ്ധപ്പെടുത്തി.  
1956 ഏപ്രില്‍ 21-ന് തൃശ്ശൂര്‍ പുത്തന്‍പള്ളി ബസ്ലിക്കാ ഇടവകയിലാണ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ ജനനം. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ ഇന്ത്യയില്‍ സീറോ മലബാര്‍ സഭയുടെ അധികാരപരിധിക്കു പുറത്തു നൂറോളം മിഷന്‍ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മാര്‍ തട്ടിലിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. 
1957  സെപ്റ്റംബര്‍ 1-ന് ഇരിഞ്ഞാലക്കുട രൂപതയിലെ പുല്ലൂര്‍ ഇടവകയിലാണ് ഫാ. സെബാസ്റ്റ്യന്‍  പൊഴലിപറമ്പിലിന്‍റെ ജനനം. മാതാപിതാക്കള്‍ പരേതനായ കെ.എസ്. ലോനപ്പനും റ്റി. എല്‍. സാറായും. വടക്കന്‍ചേരി, ഒല്ലൂര്‍, അവിട്ടത്തൂര്‍, ഇരിഞ്ഞാലക്കുട എന്നിവടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം നടത്തിയ ഫാ. പൊഴലിപറമ്പില്‍ ഇരിഞ്ഞാലക്കുട രൂപതയ്ക്കുവേണ്ടി 1982 ഡിസംബര്‍ 22-ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ആളൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരി, ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി പ്രൊക്കുരേറ്റര്‍, കൈപ്പമംഗലം,  ചന്ദ്രാപ്പിന്നി, ചേലൂര്‍, മേലഡൂര്‍, പറപ്പൂക്കര, ഇരിഞ്ഞാലക്കുട കത്തീഡ്രല്‍ എന്നീ പള്ളികളില്‍ വികാരിയായും കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്‍റ്, കമ്യൂണിക്കേഷന്‍ മീഡിയ, ബൈബിള്‍ അപ്പോസ്റ്റലേറ്റ്, സ്പിരിച്വാലിറ്റി സെന്‍റര്‍ എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും രൂപത പ്രൊക്കുരേറ്ററായും  ചെന്നൈ മിഷന്‍റെ കോര്‍ഡിനേറ്ററായും സേവനമനൂഷ്ടിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുട രൂപത പ്രോട്ടോ സിന്‍ചെല്ലൂസായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് മോണ്‍. പൊഴലിപറമ്പിലിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
മെത്രാഭിഷേകവും സ്ഥാനാരോഹണവും രൂപതകളുടെ ഉദ്ഘാടനവും സംബന്ധിച്ച തിയതികള്‍ പിന്നീട് തീരുമാനിക്കും. 
 
കാക്കനാട്           ഫാ. ആന്‍റണി കൊള്ളന്നൂര്‍
10.10.2017                     മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍

Source: SMCIM

Attachments




Back to Top

Syro Malabar Live