വൈദിക പരിശീലനം സ്ഥലകാലബന്ധിതമാക്കണം: മാര്‍ ആലഞ്ചേരി ::Syro Malabar News Updates വൈദിക പരിശീലനം സ്ഥലകാലബന്ധിതമാക്കണം: മാര്‍ ആലഞ്ചേരി
05-October,2017

സത്നാ: പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്ന സ്ഥലകാല ബന്ധിതമായ പരിശീലനം വൈദികര്‍ക്കു നല്കണമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ്  കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി. സത്നായിലെ എഫ്രേംസ് തിയളോജിക്കല്‍ കോളെജിന്‍റെ രജതജൂബിലി ആഘോഷ സമാപനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സുവിശേഷാധിഷ്ഠിത ജീവിതത്തിലൂടെ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുകയാണ് സഭയുടെ ലക്ഷ്യം. എല്ലാ ക്രൈസ്തവരുടെയും പൊതുവായ ദൗത്യമാണ് ഇത്. മാമ്മോദീസായിലൂടെ കൈവന്ന പൊതുവായ പൗരോഹിത്യ ധര്‍മ്മത്തില്‍ അല്മായര്‍ക്കുള്ള പങ്ക് കുറച്ചുകാണാന്‍ പാടില്ല. പൗരോഹിത്യ ശുശ്രൂഷ പൊതുപൗരോഹിത്യത്തിന് സഹായകമായി വര്‍ത്തിക്കണം. സെമിനാരി പരിശീലനത്തിനു പുറമേ വൈദിക ജീവിതം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു തുടര്‍ പരിശീലനത്തിലും വൈദികര്‍ ഉത്സുകരായിരിക്കണം. വൈദികന്‍ ഒരു സമ്പൂര്‍ണ്ണ ക്രിസ്തുശിഷ്യനാണ്, അതിനാല്‍ പ്രേഷിതനുമാണ്. വൈദിക പരിശീലനം സഭയുടെ പൊതുചുമതലയാണ്. എഫ്രേംസ് ദൈവശാസ്ത്ര വിദ്യാപീഠത്തിന്‍റെ സേവനങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ്പ് നന്ദി പറഞ്ഞു. സെമിനാരി സ്ഥാപകനായ മാര്‍ ആബ്രഹാം മറ്റത്തിന്‍റെ ദീര്‍ഘവീക്ഷണത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. 
ഭാരതത്തിന്‍റെ മാറി വരുന്ന സാഹചര്യങ്ങളില്‍ സഭയുടെ ദൗത്യം അനുയോജ്യമായ രൂപഭാവങ്ങള്‍ സ്വീകരിക്കണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ്  ലെയോ കൊര്‍ണേലിയോ ചൂണ്ടിക്കാട്ടി. സെമിനാരികള്‍ സഭയുടെ ഭാവിയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണ്. ബൗദ്ധിക പരിശീലനത്തോടൊപ്പം മാനുഷികവും ആത്മീയവുമായ പരിശീലനം നല്കേണ്ടതുണ്ട്. മാര്‍ ജോസഫ് കൊടകല്ലില്‍, ഫാ. വര്‍ഗ്ഗീസ്  
പുതുശ്ശേരി വി.സി., ഫാ. ആന്‍റണി പ്ലാക്കല്‍ വി.സി., ഫാ. ജോയി അയനിയാടന്‍, ഫാ. ജോര്‍ജ്ജ് വടക്കേല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ജൂബിലി വര്‍ഷത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും വിവിധ 
അവാര്‍ഡുകള്‍ ആര്‍ച്ച്ബിഷപ്പ് ലെയോ കൊര്‍ണേലിയോയും വിതരണം ചെയ്തു. കോളെജിന്‍റെ ആദ്യകാല സാരഥികളായ ഫാ. ആന്‍റണി പ്ലാക്കല്‍, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍, ഫാ. ജോബ് വല്ലിയാനാല്‍ എന്നിവരെ ചടങ്ങില്‍വച്ച് ആദരിച്ചു. ജൂബിലി സ്മാരകമായി തയ്യാറാക്കിയ ڇമിഷന്‍ ആന്‍റ് കോണ്ടെക്സ്ച്വല്‍ ഫോര്‍മേഷന്‍ڈ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം ബിഷപ്പ് ആന്‍റണി ചിറയത്തിനു നല്കിക്കൊണ്ട് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ നിര്‍വഹിച്ചു. 
മാര്‍ അബ്രഹാം മറ്റത്തിന്‍റെ ജൂബിലി സന്ദേശം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സദസ്സിനു ലഭ്യമാക്കി. സെമിനാരിയുടെ ചരിത്രം അവതരിപ്പീക്കുന്ന  വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. കോളെജിന്‍റെ ഗായകസംഘം ജൂബിലിഗാനം ആലപിച്ചു. ഫാ. ഫിലിപ്പ് ചക്കുംമൂട്ടില്‍, ഫാ. ജോര്‍ജ്ജ് കുടിലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസഫ് ഒറ്റപ്പുരക്കല്‍ സ്വാഗതവും ഫാ. അലക്സ് പണ്ടാരക്കാപ്പില്‍ നന്ദിയും പറഞ്ഞു. 
സീറോ മലബാര്‍ സഭയുടെ ഉത്തരേന്ത്യന്‍ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഒരു പ്രദര്‍ശനം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുമ്പു നടന്ന വി. കുര്‍ബാനയില്‍ അദ്ദേഹം പ്രധാനകാര്‍മ്മികത്വം വഹിച്ചു.

Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church