ചാലക്കുടി: ജീവിക്കുന്ന തിരുക്കുടുംബമായി ഓരോ കുടുംബവും മാറണമെന്നു സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്ബോധിപ്പിച്ചു. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പഞ്ചദിന മരിയോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ സംവിധാനം ദൈവത്താൽ മഹത്വവത്കരിക്കപ്പെട്ട ദൈവികതയാണ്. അതുകൊണ്ടാണു ദൈവപുത്രൻ കുടുംബത്തിൽതന്നെ മനുഷ്യനായി പിറന്നത്. കുടുംബങ്ങളുടെ കുടുംബമാണു സഭ. സഭയുടെ അമ്മയാണു പരിശുദ്ധ ദൈവമാതാവ്. തിരുക്കുടുംബത്തിന്റെ കാവൽക്കാരനായിരുന്ന യൗസേപ്പിതാവിനെപോലെയുള്ള കുടുംബനാഥന്മാരാകാൻ കഴിയണം. പരിശുദ്ധ അമ്മയെപോലെ ജീവിക്കാനും കുടുംബത്തിന്റെ ചൈതന്യം മറ്റുള്ളവരിലേക്കു പകരാനും സാധിക്കണം. പ്രാർത്ഥനയുടെ ചൈതന്യം നമ്മെ ദൈവഭവനത്തിൽ എത്തിക്കും. പ്രാർത്ഥിക്കുന്ന മനുഷ്യൻ ദൈവത്തിലാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ‘ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനം എന്നിൽ നിറവേറട്ടെ’ എന്ന, പരിശുദ്ധ അമ്മയുടെ വാക്കുകൾ നാം എന്നും ഓർക്കണം. ഓരോരുത്തരും ദൈവത്തിന്റെ ആലയമായി മാറണം. നിരന്തരമായ പരിവർത്തനമാണു ക്രൈസ്തവ ജീവിതമെന്നും കർദിനാൾ പറഞ്ഞു.
വിൻസെൻഷ്യൻ സഭ മേരിമാത പ്രൊവിൻഷ്യൽ ഫാ. ജയിംസ് കല്ലുങ്കൽ, ഡിവൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. പോൾ പുതുവ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. മാത്യു തടത്തിൽ എന്നിവർ പങ്കെടുത്തു.
ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ സ്വാഗതം ആശംസിച്ചു. മാതാവിന്റെ ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ നൂറാംവാർഷികം പ്രമാണിച്ചു നടത്തുന്ന മരിയോത്സവത്തിൽ ഫാത്തിമയിൽ നിന്നു കൊണ്ടുവന്ന, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിച്ച ശുശ്രൂഷയിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ജപമാല പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. മരിയോത്സവം എട്ടിനു സമാപിക്കും.