കോട്ടയം: സഭാ ജീവിതത്തിലുണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സഭാനിയമത്തിന്റെ പുനർവായന അനിവാര്യമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിൽ ആരംഭിച്ച ഈസ്റ്റേണ്‍ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാലഘട്ടത്തിന്റെ ആവശ്യങ്ങളറിഞ്ഞു ശുശ്രൂഷ ചെയ്യാനും സാക്ഷ്യം നൽകാനും സഭാ മക്കൾക്കു കഴിയണം.
സമൂഹം വളരെയേറെയാണു സഭയിൽനിന്നു പ്രതീക്ഷിക്കുന്നത്. സഭയെ സസൂക്ഷ്മമാണു നിരീക്ഷിക്കുന്നത്. ഒപ്പം സഭയുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നുമുണ്ട്. അതുകൊണ്ടു കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രത്യുത്തരം നൽകാൻ സഭാ ശുശ്രൂഷകർക്കു കഴിയണം.
ബോധപൂർവമായ സുവിശേഷ സാക്ഷ്യമാണു നാം സമൂഹത്തിനു നൽകേണ്ടത്.സഭയുടെ നിയമങ്ങൾ ശരിയായി മനസിലാക്കി ആ നിയമങ്ങൾക്കനുസൃതം സഭാമക്കളുടെ ജീവിതത്തെ ക്രമപ്പെടുത്താൻ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയണമെന്നും കർദിനാൾ ഉദ്ബോധിപ്പിച്ചു.

സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിച്ചു. പൗരസ്ത്യ സഭകളുടെ നിലനിൽപ്പും വളർച്ചയും സഭയുടെ യഥാർഥ വളർച്ചയ്ക്ക് അനിവാര്യമാണ്. പൗരസ്ത്യ സഭകളുടെ ശൈലിയിൽ ക്രൈസ്തവ ജീവിതത്തെ പുനരന്വേഷിക്കാനും പുനർജീവിപ്പിക്കാനും കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയണമെന്നും മാർ ക്ലീമിസ് ബാവ പറഞ്ഞു.