കൊച്ചി: കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കു ശരിയായ പ്രത്യുത്തരം നൽകുന്നതാവണം സമർപ്പിത ജീവിതമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭയുടെ സിനഡിന്റെയും വിവിധ സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സങ്കീർണമായ വർത്തമാന കാലഘട്ടത്തിൽ വിശ്വാസ, അജപാലന മേഖലകൾ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറേണ്ടതുണ്ട്. വിശ്വാസികളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകൾക്കൊത്തു ക്രിസ്തീയ ദർശനങ്ങളിലുള്ള ശക്തമായ സാക്ഷ്യം കാലഘട്ടം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സീറോ മലബാർ റിലീജിയസ് കമ്മീഷനാണു (എസ്എംആർസി) സമ്മേളനം ഏകോപിപ്പിച്ചത്. സഭയിൽ നേതൃത്വ ശുശ്രൂഷയിലുള്ള എല്ലാവരും ക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കുചേരുന്നവരാണെന്നു കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസ് പൊരുന്നേടം ആമുഖപ്രഭാഷണത്തിൽ പറഞ്ഞു. സഭയിലെ ഒരംഗത്തിനുണ്ടാകുന്ന വീഴ്ച സഭയുടെ പൊതുവായ വീഴ്ചയായി വായിക്കുന്ന പുതിയ കാലഘട്ടത്തിൽ, ശുശ്രൂഷാജീവിതത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കമ്മീഷൻ അംഗങ്ങളായ ബിഷപ് മാർ ലോറൻസ് മുക്കുഴി, മാർ ജോസ് ചിറ്റൂപ്പറന്പിൽ, എസ്എംആർസി പ്രസിഡന്റ് ഫാ. ജോയ് കൊളങ്ങാടൻ, സെക്രട്ടറിമാരായ സിസ്റ്റർ ബെറ്റി ലൂയിസ്, ഫാ. ഷാബിൻ കാരക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.