കൊച്ചി: വിശ്വാസജീവിതത്തിലൂടെ യുവജനങ്ങൾ സമൂഹത്തിനു പ്രത്യാശയുടെ വെളിച്ചം പകരുന്നവരാകണമെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. കേരള കത്തോലിക്കാസഭയിലെ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും യുവജനനേതാക്കളുടെയും സമ്മേളനം സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയിലും സമൂഹത്തിലും ക്രിസ്തുവിന്റെ മുഖം ആവിഷ്കരിക്കാൻ മറ്റാരെക്കാൾ കൂടുതൽ യുവജനങ്ങൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സുവിശേഷത്തിന്റെ ആനന്ദം ലോകത്തിനു പകർന്നു നൽകാനും കൂടുതൽ മെച്ചമായ ലോകം നിർമിക്കാനും യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നു സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. 2018 ഒക്ടോബറിൽ റോമിൽ നടക്കുന്ന ആഗോളസഭയിലെ മെത്രാന്മാരുടെ 15-ാം പൊതുസമ്മേളനത്തിന് ഒരുക്കമായാണ് കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ -യുവജനം, വിശ്വാസം, വിളി വിവേചിച്ചറിയൽ- എന്ന വിഷയത്തിൽ സമ്മേളനം സംഘടിപ്പിച്ചത്. റവ. ഡോ. ഗിൽബർട്ട് ചൂണ്ടൽ, റവ. ഡോ. സെബാസ്റ്റ്യൻ പുത്തേൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, ബിഷപ് ജോസഫ് മാർ തോമസ്, റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, സിസ്റ്റർ സുമം, പ്രദീപ് മാത്യു, ഡീന പീറ്റർ, ജോസഫ് അന്നക്കുട്ടി ജോസ് എന്നിവർ പാനൽ ചർച്ചകൾക്കു നേതൃത്വം നൽകി.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന കെസിബിസി സമ്മേളനത്തിനും മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. മെത്രാന്മാരുടെ വാർഷിക ധ്യാനവും നടക്കും. 11നു സമാപിക്കും.