കൊച്ചി: സമുദായ സംഘടന ശക്തിപ്പെടുന്നതിലൂടെ ജനകീയ പ്രശ്നങ്ങളിലുള്ള രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കാൻ സാധിക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വില ഇടിയുന്നതിനും കാർഷിക മേഖലയിലെ പ്രതിസന്ധികൾ നാൾക്കുനാൾ വർധിക്കുന്നതിനും കാരണം അസംഘടിതരായ കർഷകർക്ക് രാഷ്ട്രീയ സ്വാധീനം ഇല്ലാത്തതുകൊണ്ടാണ്. എന്നും അവഗണിക്കപ്പെടുന്ന വിഭാഗമായി കർഷകർക്ക് ജീവിക്കാൻ സാധ്യമല്ല. കർഷകർക്കായി ശക്തമായ മുന്നേറ്റങ്ങൾ ഉണ്ടാകണം. വളർന്നുവരുന്ന കത്തോലിക്ക കോണ്‍ഗ്രസിന് ഈ വിഷയത്തിൽ മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും മേജർ ആർച്ച്ബിഷപ് സൂചിപ്പിച്ചു.
കർഷകരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് കർഷകർ സജ്ജമാകണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിലവിളികളല്ല നമുക്കാവശ്യം. കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി ആചരണത്തിന്റെ ഭാഗമായി നടക്കുന്ന മെന്പർഷിപ്പ് കാന്പയിനിലൂടെ രണ്ടായിരത്തോളം യൂണിറ്റുകൾ ആരംഭിക്കാൻ സാധിച്ചത് സമുദായത്തിന്റെ അംഗീകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഭാരവാഹികളായ ജോസുകുട്ടി മാടപ്പള്ളി, സാജു അലക്സ്, ബേബി പെരുമാലിൽ, ഡേവീസ് തുളുവത്ത് എന്നിവർ പ്രസംഗിച്ചു.