മെല്‍ബണ്‍: സീറോ മലബാര്‍ സഭ 'സഭാദിന'മായി ആചരിക്കുന്ന ജൂലൈ 3-ാം തിയതി സഭയ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപല്‍ സഭയായി അംഗീകരിക്കപ്പെട്ടതിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷത്തിലെ ദുക്റാന തിരുന്നാള്‍ ദിനത്തില്‍ രൂപതയുടെ വിവിധ ഇടവകകളില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുത്ത് തീക്ഷണമായി പ്രാര്‍ത്ഥിക്കാന്‍ സഭാദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച പ്രത്യേക സര്‍ക്കുലറിലൂടെ പിതാവ് ആവശ്യപ്പെട്ടു. ജൂലൈ 2-ാം തിയതി (ഞായറാഴ്ച) പെര്‍ത്ത് സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയിലെ ദുക്റാന തിരുന്നാള്‍ ദിവ്യബലിയില്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ ദുക്റാന തിരുന്നാള്‍ ഫോക്നാര്‍ സെന്റ് മാത്യൂസ് ദൈവാലയത്തില്‍ ആഘോഷിക്കും. ജൂലൈ 3-ാം തിയതി (തിങ്കളാഴ്ച) വൈകുന്നേരം 7 മണിക്ക് കുര്‍ബാന അര്‍പ്പണത്തിന്റെ ഏറ്റവും ആഘോഷമായ റാസ കുര്‍ബാനയ്ക്ക് ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കത്തീഡ്രല്‍ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, ഫോക്നാര്‍ പള്ളി വികാരി ഫാ. ടോമി കളത്തൂര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് ഇറ്റലിയിലെ ഓര്‍ത്തോണ സെന്റ് തോമസ് ബസിലിക്കയില്‍ നിന്നും മാര്‍ ബോസ്കോ പുത്തൂരിനു നല്കപ്പെട്ട വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ്, കത്തീഡ്രല്‍ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരډാരായ ജോബി മാത്യു, ബേബിച്ചന് എബ്രഹാം, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പിതാവില്‍ നിന്ന് ഏറ്റുവാങ്ങും. കത്തീഡ്രല്‍ ഇടവകക്ക് കൈമാറുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് മിക്കലിമിലെ കത്തീഡ്രല്‍ ചാപ്പലില്‍ പ്രതിഷ്ഠിക്കും. വിശുദ്ധ കുര്‍ബാനക്കു ശേഷം തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍