കൊച്ചി: സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ രണ്ടാം അന്താരാഷ്ട്ര ബെനഫാക്ടേഴ്സ് ദിനാചരണം ഇന്നു രാവിലെ 10ന് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. സീറോ മലബാര്‍ മിഷന് ഡയറക്ടർ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനംചെയ്യും.
പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ അല്മായരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സീറോ മലബാര്‍ മിഷന് നിങ്ങളുടെ ഭവനത്തിന് ഒരു വൈദികൻ, നിങ്ങളുടെ ഭവനത്തിന് ഒരു സന്യാസിനി എന്നീ പദ്ധതികള്‍ നടത്തിവരുന്നു.
മിഷന് പ്രദേശങ്ങളില്‍ സുവിശേഷ വേലയ്ക്കായി വൈദിക സന്യാസ പരിശീലനം നേടുന്നവരെ സാമ്പത്തികമായും പ്രാര്‍ഥന വഴിയായും സഹായിക്കുന്നവരുടെ സമ്മേളനമാണു നടക്കുന്നതെന്നു സീറോ മലബാര്‍ മിഷന് സെക്രട്ടറി ഫാ.ജോസഫ് പുലവേലില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നുമായി നൂറോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും.